Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജൂൺ ഒന്നു മുതൽ വിദ്യാർഥികൾക്ക് കൺസഷൻ നൽകില്ല: ബസുടമകൾ

bus-students

കൊച്ചി∙ ജൂൺ ഒന്നു മുതൽ സംസ്ഥാനത്തെ സ്വകാര്യ ബസുകളിൽ വിദ്യാർഥികൾക്കു സൗജന്യ യാത്ര അനുവദിക്കില്ലെന്ന് ഒരു വിഭാഗം ബസുടമകൾ. കൺസഷൻ തുടരണമെങ്കിൽ സർക്കാർ സബ്സിഡി നൽകണമെന്നു കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻസ് കോഓർഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.

ജൂൺ ഒന്നു മുതൽ വിദ്യാർഥികളിൽ നിന്നു മുഴുവൻ ചാർജും ഈടാക്കും. 1966ലെ ഹൈക്കോടതി ഉത്തരവ് അനുസരിച്ചു വിദ്യാർഥികൾക്കു ബസുകളിൽ കൺസഷൻ കൊടുക്കേണ്ടതില്ല. എന്നാൽ, സർക്കാരിന്റെ സമർദംമൂലം വിദ്യാർഥികൾക്കു ചില ഇളവുകൾ നൽകാൻ നിർബന്ധിതരായി.

ഡീസൽ വില എഴുപത്തിരണ്ടിൽ എത്തിനിൽക്കുന്നതിനാൽ ഇനി കൺസഷനുകൾ അനുവദിച്ചു സർവീസ് തുടരാനുള്ള ശേഷി ബസുടമകൾക്കില്ല. ഈ വിഷയത്തിൽ സർക്കാരും വിദ്യാർഥികളും സഹകരിക്കണമെന്നു കോഓർഡിനേഷൻ കമ്മിറ്റി അഭ്യർഥിച്ചു.

നിരക്കു കൂട്ടാൻ അനുവദിക്കാതെ സാമ്പത്തിക ഭാരം മുഴുവൻ ബസുടമകൾ ഏറ്റെടുക്കണമെന്ന സർക്കാർ നിലപാടു ശരിയല്ല. ഡീസലിന് 62 രൂപയുള്ളപ്പോൾ നിശ്ചയിച്ച ബസ് നിരക്കാണു കേരളത്തിലുള്ളത്. ഡീസലിന്റെ വർധിച്ച വിലയെങ്കിലും സർക്കാർ സബ്സിഡിയായി ബസുടമകൾക്കു നൽകിയാൽ സൗജന്യങ്ങൾ തുടരുന്നതു പരിഗണിക്കുമെന്നു ചെയർമാൻ വി.ജെ.സെബാസ്റ്റ്യൻ, ജന.കൺവീനർ ടി.ഗോപിനാഥൻ എന്നിവർ പറഞ്ഞു.

വിവിധ ആവശ്യങ്ങളുന്നയിച്ചു മേയ് എട്ട്, ഒൻപത് തീയതികളിൽ സെക്രട്ടേറിയറ്റിനു മുന്നിൽ രാപകൽ സമരം നടത്താനും യോഗം തീരുമാനിച്ചു. എന്നാൽ ബസുടമകളുടെ മറ്റൊരു പ്രധാന സംഘടനയായ ഓൾ കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. ഇന്നു തൃശൂരിൽ ചേരുന്ന സംസ്ഥാന സമിതി ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നു ഫെഡറേഷൻ അറിയിച്ചു.

നിരക്കു വർധിപ്പിക്കണമെന്നാവശ്യപ്പെട്ടു നടത്തിയ സമരം പൊളിഞ്ഞതിനെ തുടർന്നാണു സംഘടനകൾ വഴിപിരിഞ്ഞത്.

സർക്കാരിനെ അറിയിച്ചിട്ടില്ല: മന്ത്രി

തിരുവനന്തപുരം∙ വിദ്യാർഥികളുടെ കൺസഷൻ യാത്ര ജൂൺ ഒന്നുമുതൽ നിർത്തലാക്കുമെന്നു ബസുടമകൾ സർക്കാരിനെ അറിയിച്ചിട്ടില്ലെന്നു മന്ത്രി എ.കെ.ശശീന്ദ്രൻ. ഇതുമായി ബന്ധപ്പെട്ടു സബ്സിഡി ഉൾപ്പെടെ ഒരു ആവശ്യവും ബസുടമകൾ സർക്കാരിനു നൽകിയിട്ടില്ല. ആവശ്യം സർക്കാരിന്റെ മുന്നിലെത്തിയാൽ ചർച്ചചെയ്തു തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു.