Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോട്ടറി വിൽപന പരിഷ്കരിക്കുന്നു

lottery-ticket

തിരുവനന്തപുരം∙ വിവിധ സീരീസിനു കീഴിൽ വരുന്ന ഒരേ നമ്പർ ലോട്ടറി ടിക്കറ്റുകൾ ഒരുമിച്ചു വിൽക്കുന്നതിനു സംസ്ഥാന ലോട്ടറി വകുപ്പു നിരോധനം ഏർപ്പെടുത്തി. സംസ്ഥാനത്തെ മിക്ക ലോട്ടറി ഓഫിസുകളിൽ നിന്നും ഇത്തരത്തിൽ ഏജന്റുമാർക്കു ടിക്കറ്റുകൾ വിതരണം ചെയ്യുന്നതു ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണു നടപടി. ടിക്കറ്റുകളുടെ അവസാനത്തെ നാലക്കം ഒരേ തരത്തിൽ വരുന്ന ടിക്കറ്റുകൾ ഒന്നിച്ചു വിൽക്കുന്നതും വ്യാപകമാണ്. 

ഇത്തരത്തിൽ തിരഞ്ഞെടുക്കുന്ന നമ്പറിനു സമ്മാനമുണ്ടെങ്കിൽ ഒരാൾക്കു തന്നെ 12 സീരീസുകളിലെയും സമ്മാനം ലഭിക്കും. ഇതാണ് ഇത്തരത്തിൽ ടിക്കറ്റെടുക്കാൻ പലരെയും പ്രേരിപ്പിക്കുന്നത്. എന്നാൽ ഇൗ പ്രവണത കൂടുതൽ പേർക്കു സമ്മാനം ലഭിക്കാനുള്ള അവസരമാണു നഷ്ടപ്പെടുത്തുന്നത്. 

കഴിഞ്ഞ വർഷം ടിക്കറ്റിന്റെ വില 30 രൂപയാക്കി കുറച്ചപ്പോൾ സമ്മാന ഘടനയിലും മാറ്റം വരുത്തിയിരുന്നു. ഇതിനു ശേഷം സമ്മാനം ലഭിക്കുന്നവരുടെ എണ്ണം കുറവാണെന്ന പരാതി ലോട്ടറി ഏജന്റുമാർ ഉന്നയിച്ചതോടെ വീണ്ടും സമ്മാനങ്ങളുടെ എണ്ണം വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. 

മിസോറം ലോട്ടറി സംസ്ഥാനത്തേക്കു വീണ്ടും കടന്നുവരുന്നതിന്റെ വ്യക്തമായ സൂചനകൾ സംസ്ഥാന സർക്കാരിനു ലഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണു സമ്മാനങ്ങളിൽ വർധന വരുത്തിയത്. ലോട്ടറി ഏജന്റുമാർ ഓരോരുത്തരും ജിഎസ്ടി റജിസ്ട്രേഷൻ എടുക്കുന്നത് ഒഴിവാക്കാനായി ലോട്ടറി ക്ഷേമ നിധി ബോർഡിന്റെ പേരിൽ ഒറ്റ റജിസ്ട്രേഷൻ എടുക്കാനും തീരുമാനിച്ചിട്ടുണ്ട്. 

ധനമന്ത്രി തോമസ് ഐസക്കിനെതിരെ 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിൻ കഴിഞ്ഞ ഓഗസ്റ്റിൽ വക്കീൽ നോട്ടിസ് അയച്ചിരുന്നു. മന്ത്രി ഇത് അവഗണിച്ചു. എന്നാൽ, മറുപടി ആവശ്യപ്പെട്ടു കഴിഞ്ഞ ദിവസം വീണ്ടും മന്ത്രിക്കു നോട്ടിസ് ലഭിച്ചു. ഇതും മിസോറം ലോട്ടറിയുടെ പുനഃപ്രവേശനത്തിന്റെ സൂചനയായി സർക്കാർ കാണുന്നു.