Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സർക്കാർ ഏറ്റെടുക്കൽ കടലാസിൽ മാത്രം; പരിയാരം ഭരിക്കാൻ പുതിയ സൊസൈറ്റി

Pariyaram-medical-college

പരിയാരം ∙ സിപിഎം നിയന്ത്രണത്തിലുള്ള ഭരണസമിതിയിൽ നിന്നു സർക്കാർ ഏറ്റെടുത്തെങ്കിലും പരിയാരം മെഡിക്കൽ കോളജിനു പൂർണ തോതിലുള്ള സർക്കാർ മെഡിക്കൽ കോളജ് പദവി ലഭിക്കില്ല. സർക്കാർ നിയന്ത്രണത്തിലുള്ള സ്വയംഭരണ സ്ഥാപനമായിരിക്കുമെന്നും ഭരണച്ചുമതലയ്ക്കു വേണ്ടി പ്രത്യേക സൊസൈറ്റി രൂപീകരിക്കുമെന്നും ഏറ്റെടുക്കൽ പ്രഖ്യാപനം നിർവഹിച്ച മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. നിയമാവലി തയാറാക്കിയ ശേഷം സൊസൈറ്റി റജിസ്റ്റർ ചെയ്യും. സൊസൈറ്റിക്കു മാനേജിങ് ഡയറക്ടറും ആശുപത്രിക്കു ഡയറക്ടറും ഉണ്ടാകും. മുൻ ഭരണസമിതികളിലെ അംഗങ്ങളുടെ അനുഭവപരിചയം ഉപയോഗപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. 

കലക്ടർ മിർ മുഹമ്മദലി, ഐഎംഎ മുൻ പ്രസിഡന്റ് ഡോ. വി.ജി.പ്രദീപ് കുമാർ, കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ ഡോ. സി.രവീന്ദ്രൻ എന്നിവരടങ്ങിയ താൽക്കാലിക ബോർഡ് ഓഫ് കൺട്രോളിനു ഭരണച്ചുമതല മന്ത്രി കൈമാറി. പരിയാരം മെഡിക്കൽ കോളജ് സ്വയംഭരണ സ്ഥാപനമായിരിക്കുമെങ്കിലും സർവതന്ത്ര സ്വതന്ത്ര സ്വയംഭരണം ഉണ്ടാവില്ലെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്തെ റീജനൽ കാൻസർ സെന്ററിനെയാണു മാതൃകയാക്കുന്നതെങ്കിലും പൂർണമായി ആർസിസി മാതൃകയിലാവില്ല. മെഡിക്കൽ കോളജിന്റെ പൂ‍ർണ നിയന്ത്രണം സംസ്ഥാന ആരോഗ്യവകുപ്പിനായിരിക്കും.

പരിയാരം മെഡിക്കൽ കോളജ് ഹഡ്കോയ്ക്കു നൽകാനുള്ള 279 കോടി രൂപയുടെ കടബാധ്യത സർക്കാർ ഏറ്റെടുത്തിട്ടുണ്ട്. 116 കോടി തിരിച്ചടച്ചുവെന്നും മന്ത്രി പറഞ്ഞു. മെഡിക്കൽ കോളജ് വളപ്പിലെ പന്തലിൽ ഉത്സവാന്തരീക്ഷത്തിലായിരുന്നു ഏറ്റെടുക്കൽ പ്രഖ്യാപനം. തുടർന്നു ബോർ‍ഡ് ഓഫ് കൺട്രോൾ അംഗങ്ങളുടെയും സ്ഥാനമൊഴിയുന്ന ഭരണസമിതി അംഗങ്ങളുടെയും വകുപ്പുമേധാവികളുടെയും യോഗത്തിൽ മന്ത്രി പങ്കെടുത്തു. തൽക്കാലം നിലവിലെ സംവിധാനം തുടരാൻ മന്ത്രി നിർദേശം നൽകി.

അതേസമയം, പരിയാരം മെഡിക്കൽ കോളജ് സൊസൈറ്റിക്കു കീഴിലാക്കുന്നതു സിപിഎം നിയന്ത്രണം തുടരാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നു പരിയാരം പ്രക്ഷോഭസമിതി ആരോപിച്ചു. സൗജന്യ ചികിത്സയും മെഡിസിൻ കോഴ്സുകളിൽ സർക്കാർ ഫീസുമുള്ള സർക്കാർ മെഡിക്കൽ കോളജാക്കണമെന്ന് ആവശ്യപ്പെട്ടു പ്രക്ഷോഭസമിതി സമരം തുടങ്ങും.

സിപിഎം ഭരണസമിതിയുടെ കെടുകാര്യസ്ഥത മൂലമുണ്ടായ കടബാധ്യതകൾ പൊതുഖജനാവിൽ നിന്ന് അടച്ചുതീർത്ത ശേഷം സ്ഥാപനം സിപിഎമ്മിനു തന്നെ തിരിച്ചുകൊടുക്കാനാണ് നീക്കമെന്നു ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി ആരോപിച്ചു. സ്വകാര്യ ആശുപത്രികളിൽ ജോലിചെയ്യുന്ന ഡോക്ടർമാരെ പരിയാരം മെഡിക്കൽ കോളജ് ഭരണസമിതിയിൽ ഉൾപ്പെടുത്തിയതു സിപിഎമ്മിന്റെ സ്ഥാപിത താൽപര്യങ്ങൾ സംരക്ഷിക്കാനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.