Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരസ്പരം ഉൾക്കൊണ്ടേ മതങ്ങൾക്ക് വളരാനാകൂ: ഉപരാഷ്ട്രപതി

Vice-President-Malankara-Marthoma-Syrian-Church ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ ജന്മശതാബ്ദി സമാപനവും ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്തയുടെ പൗരോഹിത്യ വജ്രജൂബിലി ആഘോഷവും ഉദ്ഘാടനം ചെയ്യാൻ തിരുവല്ലയിലെത്തിയ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു വേദിയിൽ ഇരുവരുമായി സംഭാഷണത്തിൽ. ചിത്രം: മനോരമ

തിരുവല്ല ∙ മറ്റു മതങ്ങളുടെ ആത്മീയതയും നന്മയും ഉൾക്കൊണ്ടു മാത്രമേ ഓരോ മതത്തിനും വളരാൻ കഴിയൂ എന്നും മറ്റുള്ളവരെ ആക്രമിച്ച് കീഴടക്കുന്നതിൽ ഒരു കാലത്തും വിശ്വസിച്ചിട്ടില്ലാത്ത സംസ്കാരമാണ് ഇന്ത്യയുടേതെന്നും ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. 

ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ ജന്മശതാബ്ദി സമാപനവും ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്തയുടെ പൗരോഹിത്യ വജ്രജൂബിലി ആഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

ഭാരതീയ തത്വശാസ്ത്രത്തോടു ചേർന്നു നിന്നാണ് മാർത്തോമ്മാ സഭയുടെ പ്രവർത്തനമെന്നും ‘മാനവസേവ മാധവസേവ’ എന്ന തത്വത്തിൽ ഊന്നി സഭ വിവിധ കാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നതായും ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി. ലോകത്താകെ സാമ്പത്തികരംഗം മുരടിപ്പിലായിരിക്കുമ്പോഴും ഇന്ത്യയുടെ സാമ്പത്തിക രംഗം വളർച്ചയുടെ പാതയിലാണെന്നും അദ്ദേഹം പറഞ്ഞു.

നാം അനുഗ്രഹിക്കപ്പെടണമെങ്കിൽ നമുക്ക് അനുഗ്രഹിക്കാൻ കഴിയുന്നവരെ നമ്മളും അനുഗ്രഹിക്കണമെന്ന് ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത പറഞ്ഞു. 

vice-president-marthoma-sabha-function ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ ജന്മശതാബ്ദി സമാപനവും ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്തയുടെ പൗരോഹിത്യ വജ്രജൂബിലി ആഘോഷവും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു തിരുവല്ലയിൽ ഉദ്ഘാടനം ചെയ്യുന്നു. ആന്റോ ആന്റണി എംപി, ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ്, ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, രാജ്യസഭ ഉപാധ്യക്ഷൻ‌ പി.ജെ. കുര്യൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പെ‍ാലീത്ത, മന്ത്രി മാത്യു ടി. തോമസ്, ഡോ. ജോസഫ് മാർ ഗ്രിഗോറിയോസ്, ആർച്ച് ബിഷപ് ഡോ. തോമസ് മാർ കൂറിലോസ് എന്നിവർ സമീപം.

ന്യൂനപക്ഷങ്ങളെ പരിഗണിക്കുന്ന സർക്കാരാണിപ്പോഴുള്ളതെന്നും വിദേശ സംഭാവന സ്വീകരിക്കൽ നിയന്ത്രണ നിയമത്തിൽ സഭയ്ക്കു വേണ്ടി 2021 വരെ ഇളവു വരുത്താൻ കേന്ദ്ര സർക്കാർ തയാറായെന്നും ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത പറഞ്ഞു. 

മാർത്തോമ്മാ സഭ നൽകുന്ന മേൽപാടം ആറ്റുമാലിൽ ജോർജ്കുട്ടി അവാർഡ് ഡോ. കെ.എ. ഏബ്രഹാമിനും യുവശാസ്ത്ര പ്രതിഭകൾക്കുള്ള അവാർഡുകൾ ഡോ. സിറിയക് എബി ഫിലിപ്, ഡോ. വിക്രം വിശാൽ എന്നിവർക്കും  ഉപരാഷ്ട്രപതി  സമ്മാനിച്ചു. രാജ്യസഭ ഉപാധ്യക്ഷൻ പി. ജെ. കുര്യൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ്, ഡോ. ജോസഫ് മാർ ഗ്രിഗോറിയോസ്, സഭാ സെക്രട്ടറി റവ. കെ.ജി. ജോസഫ് എന്നിവർ പ്രസംഗിച്ചു. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, ആർച്ച് ബിഷപ് ഡോ. തോമസ് മാർ കൂറിലോസ് എന്നിവർ പ്രാർഥന നടത്തി. അൽമായ ട്രസ്റ്റി പി.പി.അച്ചൻകുഞ്ഞ് സഭയുടെ ഉപഹാരം ഉപരാഷ്ട്രപതിക്കു സമ്മാനിച്ചു.