Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വായനയിൽ വഴിത്തിരിവ്; കോട്ടയം പുഷ്പനാഥ് യാത്രയായി

Kottayam Pushpanath

കോട്ടയം∙ ആ ട്രേഡ്മാർക്ക് തൊപ്പി ഒന്നുകൂടി ചെരിച്ചുവച്ച്, കോട്ടയം പുഷ്പനാഥ് മരണത്തിലേക്കു നടന്നുമറഞ്ഞു. ‘ഒരു പ്രധാന കാര്യം പറയാനുണ്ട്.. അതു നാളെ പറയാം’ എന്നു ഭാര്യ മേരിയമ്മയോടു തലേന്നാൾ മന്ത്രിച്ച്, കുറ്റാന്വേഷണ കഥയെഴുതുംപോലെ, എൺപതാം വയസ്സിൽ ഉദ്വേഗം ബാക്കിവച്ചു നോവലിസ്റ്റ് യാത്രയായി. നാട്ടുവായനശാലയിൽ, നൂറുകണക്കിനു വായനക്കാരിലൂടെ കൈമറിഞ്ഞു പോയ ഡിറ്റക്ടീവ് നോവലുകളിലൊന്നിലെ നഷ്ടപ്പെട്ട അവസാന പേജിൽമാത്രം ഒളിഞ്ഞിരുന്ന രഹസ്യം പോലെ. മൂന്നാഴ്ച മുൻപായിരുന്നു മകനും ഫൊട്ടോഗ്രഫറുമായിരുന്ന സലിം പുഷ്പനാഥിന്റെ (52) വിയോഗം.

മലയാള ഡിറ്റക്ടീവ് സാഹിത്യത്തിന്റെ ചക്രവർത്തിയായി പതിറ്റാണ്ടുകളോളം നിറഞ്ഞുനിന്ന കോട്ടയം പുഷ്പനാഥ് എഴുതിയത് മുന്നൂറ്റൻപതിലേറെ നോവലുകൾ. നിഗൂഢതയുടെ ചുരുളഴിക്കാൻ അദ്ദേഹം സൃഷ്ടിച്ച ഡിറ്റക്ടീവ് മാർക്സിനും ഡിറ്റക്ടീവ് പുഷ്പരാജിനുമൊപ്പം വായനക്കാർ ചങ്കിടിപ്പോടെ നടന്നു. മലയാള മനോരമ ആഴ്ചപ്പതിപ്പിൽ എഴുതിയ ബ്രഹ്മരക്ഷസ്, ചുവന്ന അങ്കി എന്നിവ സിനിമയായി. തമിഴ്, കന്നഡ തുടങ്ങിയ ഭാഷകളിലേക്കു നോവലുകൾ വിവർത്തനം ചെയ്തിട്ടുണ്ട്.

kottayam-pushpanath കോട്ടയം പുഷ്പനാഥ് (ഫയൽ ചിത്രം)

1937 മേയ് 14നു ചെറുവള്ളിയിൽ ജോർജിന്റെയും റെയ്ച്ചലിന്റെയും മകനായി ജനിച്ച പുഷ്പനാഥിന്റെ മാമ്മോദീസപ്പേര് സി.ജി.സഖറിയ. ഔദ്യോഗിക രേഖകളിൽ പുഷ്പനാഥ് എന്നും. നോവലിസ്റ്റായി തിരക്കേറിയപ്പോൾ കാരാപ്പുഴ സർക്കാർ സ്‌കൂളിലെ അധ്യാപക ജോലി ഉപേക്ഷിച്ചു പൂർണമായി എഴുത്തിന്റെ ലോകത്തായി. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏതാനും നാളുകളായി ചികിൽസയിലായിരുന്നു. സംസ്കാരം നാളെ മൂന്നിനു ചാലുകുന്ന് സിഎസ്ഐ കത്തീഡ്രൽ പള്ളിയിൽ. സലിമിനെ കൂടാതെ മറ്റുമക്കൾ: സീനു (ഇന്റീരിയർ ഡിസൈനർ), ജമീല. മരുമക്കൾ: അനുജ, ബീന ജോസഫ്, ടോമി സേവ്യർ (എറണാകുളം).