Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മടങ്ങുംമുൻപ് ഇലീസ് ഒരുക്കുന്നു ലിഗയ്ക്കായൊരു സ്നേഹസംഗമം

Liga, Ilze സഹോദരി ലിഗയ്ക്കൊപ്പം ഇലീസ് (ഫയൽ ചിത്രം).

തിരുവനന്തപുരം∙ കൊല്ലപ്പെട്ട വിദേശവനിത ലിഗയുടെ സഹോദരി ഇലീസ് അടുത്ത വ്യാഴാഴ്ച നാട്ടിലേക്കു മടങ്ങുകയാണ്. മടങ്ങുംമുൻപ് ഒരാഗ്രഹം മാത്രം; ലിഗയെ തേടിയുള്ള യാത്രയിൽ താങ്ങും തണലുമായി ഒപ്പം നിന്ന എല്ലാവർക്കും ഹൃദയത്തിൽ തൊട്ടു നന്ദി പറയണം, ആരോടും പരിഭവമില്ലെന്ന് ആവർത്തിക്കണം. രണ്ടു മാസമായി ഇലീസിനു താങ്ങും തണലുമായി ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ ചേർന്ന് ഈ ആഗ്രഹം സഫലമാക്കുകയാണ്. ആറിനു വൈകിട്ട് അഞ്ചിനു നിശാഗന്ധി ഓഡിറ്റോറിയത്തിലെ സംഗീതസാന്ദ്രമായ അന്തരീക്ഷത്തിൽ ലിഗയുടെ ഓർമകളുമായി മെഴുകുതിരി വെളിച്ചത്തിൽ‌ അവർ ഒത്തുചേരും.

ലിഗയുടെ സംസ്കാരം തൈക്കാട് ശാന്തികവാടത്തിൽ ഇന്നു വൈകിട്ട് നാലിനു നടക്കും. ചിതാഭസ്മം ഇലീസ് ലാത്‍വിയയിലേക്കു കൊണ്ടുപോകും. സംസ്കാരത്തിനു മുൻപായിത്തന്നെ ലിഗ കൊലക്കേസിലെ രണ്ടു പേരുടെ അറസ്റ്റ് ഉണ്ടായേക്കുമെന്നു സൂചനയുണ്ട്. ഇന്ത്യൻ സംഗീതം ഏറെ ഇഷ്ടപ്പെട്ടിരുന്ന ലിഗയുടെ ഓർമയ്ക്കായി ആറിനു നടക്കുന്ന ചടങ്ങിൽ വയലിൻ സംഗീതനിശയും ഉണ്ടായിരിക്കും. ബെലബഹാർ എന്ന സംഗീതോപകരണത്തിലൂടെ പ്രശസ്തനായ സംഗീതജ്ഞൻ നവീൻ ഗന്ധർവിന്റെ ആരാധികയായിരുന്നു ലിഗ. ചടങ്ങിനെക്കുറിച്ചറിഞ്ഞ നവീൻ മുംബൈയിൽ നിന്നെത്തി ലിഗയ്ക്കായി പാടും. കാണാതായ ലിഗയ്ക്കായി ഭർത്താവ് ആൻഡ്രുവും താനും ചേർന്നു രണ്ടു മാസത്തോളമായി നടത്തിയ തിരച്ചിലിന്റെ അനുഭവങ്ങൾ ഇലീസ് പങ്കുവയ്ക്കും. ലിഗയെക്കുറിച്ചും കുടുംബത്തെക്കുറിച്ചും ഇലീസിന്റെ വിഡിയോ അവതരണത്തിനു ശേഷം ലിഗയുടെ ഓർമയ്ക്കായി കനകക്കുന്നിൽ മരത്തൈ നടും. മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും ചടങ്ങിലേക്ക് ഇലീസ് ക്ഷണിച്ചിട്ടുണ്ട്. ലാത്വിയയിലെയും അയർലൻഡിലെയും സുഹൃത്തുക്കൾക്കായി ഇന്റർനെറ്റ് വഴി തത്സമയ സംപ്രേഷണവുമുണ്ട്. പരിപാടിക്കായി ടൂറിസം വകുപ്പ് നിശാഗന്ധി ഓഡിറ്റോറിയം സൗജന്യമായി വിട്ടുനൽകി.

മൃതദേഹം ലാത്വിയയിലേക്കു കൊണ്ടുപോകാൻ കുടുംബാംഗങ്ങൾ ആദ്യം ആലോചിച്ചിരുന്നെങ്കിലും പിന്നീടത് ഉപേക്ഷിക്കുകയായിരുന്നു. ചിതാഭസ്മം വീടുകളിൽ സൂക്ഷിക്കുകയാണ് അവിടത്തെ പതിവ്. പൂന്തോട്ടത്തിലെ പുതിയൊരു തണൽമരച്ചുവട്ടിൽ ചിതാഭസ്മം നിക്ഷേപിക്കണമെന്ന ലിഗയുടെ ആഗ്രഹം കുടുംബാംഗങ്ങൾ സഫലമാക്കും. തിരുവനന്തപുരം അതിരൂപത വികാരി ജനറൽ മോൺ. യൂജിൻ എച്ച്. പെരേര സംസ്കാര ശുശ്രൂഷകൾക്കു നേതൃത്വം നൽകും. സാങ്കേതിക കാരണങ്ങളാൽ ലിഗയുടെ മാതാപിതാക്കളും മറ്റു ബന്ധുക്കളും സംസ്കാര ചടങ്ങിനെത്തില്ല. രണ്ടാഴ്ച മുൻപായിരുന്നു ലിഗയും ഇലീസും നാട്ടിലേക്കു മടങ്ങാൻ വിമാന ടിക്കറ്റ് എടുത്തിരുന്നത്. . അടുത്ത വ്യാഴാഴ്ച ഇലീസ് നാട്ടിലേക്കു മടങ്ങും.