Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്ഷയരോഗ നിവാരണം: സഹകരിക്കാത്ത ഡോക്ടർമാർക്ക് തടവുശിക്ഷ

Doctor

കൊച്ചി∙ ദേശീയ ക്ഷയരോഗ നിവാരണ യജ്ഞവുമായി സഹകരിക്കാത്ത ഡോക്ടർമാർക്കും ഫാർമസി ഉടമകൾക്കും ആറു മാസം മുതൽ രണ്ടു വർഷം വരെ തടവും പിഴയും. രോഗ ബാധിതരുടെ പേരു വിവരങ്ങൾ ജില്ലാ ടിബി ഓഫിസർമാർക്ക് കൈമാറാത്ത സ്വകാര്യ ആശുപത്രി ഡോക്ടർമാർക്കും ഫാർമസി ഉടമകൾക്കുമെതിരെയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നടപടിയെടുക്കാ‍ൻ നിർദേശിച്ചിരിക്കുന്നത്.

ഐപിസി 269, 270 വകുപ്പുകൾ പ്രകാരമാകും കേസെടുക്കുക. മഹാരാഷ്ട്രയിൽ പത്തിലേറെ ഡോക്ടർമാരിൽ നിന്ന് ഇതിനകം പതിനായിരം രൂപ വീതം പിഴ ഈടാക്കി. 2025 ൽ ദേശീയതലത്തിൽ ക്ഷയരോഗം ഇല്ലായ്മ ചെയ്യുകയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ലക്ഷ്യം.

രോഗികൾ കൃത്യമായി മരുന്നു കഴിക്കാതിരിക്കുന്നതും തുടർ ചികിൽസയ്ക്കു വിധേയരാകാതിരിക്കുന്നതുമാണ് ക്ഷയരോഗം വർധിക്കുന്നതിനു കാരണം. സ്വകാര്യ മേഖലയിൽ ചികിൽസ തേടുന്നവരാണ് ഇതിൽ കൂടുതലും. ഡോക്ടറുടെ കുറിപ്പടി ഉപയോഗിച്ച് ഫാർമസികളിൽ നിന്ന് മരുന്നു വാങ്ങുന്നവരും ഉണ്ട്. എട്ടു മാസത്തോളം തുടർച്ചയായി മരുന്നു കഴിക്കണമെങ്കിലും പലരും ഇടയ്ക്കു നിർത്തും. ഈ പ്രവണത ഇല്ലാതാക്കാനാണ് രോഗികളുടെ പൂർണ വിവരം ക്രോഡീകരിക്കുന്നത്.

ടിബി ഓഫിസർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും കൃത്യമായ നിരീക്ഷണത്തിലാണ് രോഗികൾ മരുന്ന് കഴിക്കേണ്ടത്. ഭവന സന്ദർശനം നടത്തി ഇക്കാര്യം ഉറപ്പാക്കണം. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെയും ശിക്ഷാ നടപടികൾ സ്വീകരിക്കും.

കേരളം ഏറെ മുന്നിൽ

ക്ഷയരോഗ നിവാരണ യജ്ഞത്തിൽ ദേശീയ ശരാശരിയേക്കാൾ ഏറെ മുന്നിലാണ് കേരളം. രണ്ടായിരത്തി ഇരുപതോടെ കേരളത്തിൽ നിന്ന് ക്ഷയരോഗം തുടച്ചു നീക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. 2009 ൽ 26,600 ക്ഷയരോഗികൾ ഉണ്ടായിരുന്നത് കഴിഞ്ഞ വർഷം 20,516 ആയി.

മരുന്ന് സൗജന്യം

ക്ഷയരോഗത്തിനുള്ള മരുന്ന് പൂർണമായും സൗജന്യമായി നൽകാനാണു നിർദേശം. കേന്ദ്ര സർക്കാർ 500 രൂപ വീതവും സംസ്ഥാന സർക്കാർ ആയിരം രൂപ വീതവും നൽകുന്നുണ്ട്.

related stories