Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഅദനി റോഡ് മാർഗം കേരളത്തിൽ

Abdul-Nasser-Mahdhani-madani

പാലക്കാട്∙ പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനി കേരളത്തിലേക്ക് റോഡ് മാർഗം വരുന്നതിനിടെ വാഹന വ്യൂഹം പള്ളിയിലേക്കു നീങ്ങിയതു പൊലീസ് തടഞ്ഞതിന്റെ പേരിൽ തർക്കം. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി പിഡിപി പ്രവർത്തകർ നടത്തിയ ചർച്ചയ്ക്കു ശേഷമാണ് അനുമതി നൽകിയത്. വെള്ളിയാഴ്ചയായതിനാൽ യാത്രാമധ്യേ ജുമുഅ നമസ്കാരത്തിന് അനുവദിക്കണമെന്ന അപേക്ഷ ബെംഗളൂരു സിറ്റി പൊലീസ് കമ്മിഷണർ അനുവദിച്ചിരുന്നതായി മഅദനി പിന്നീട് പറഞ്ഞു.

ബെംഗളൂരുവിൽ നിന്നു കൊല്ലത്തേക്കുള്ള യാത്രാമധ്യേ ഇന്നലെ ഉച്ചയ്ക്ക് 1.10നു കഞ്ചിക്കോട് ചെടയൻകാലായിലാണ് സംഭവം. കേരള പൊലീസിന്റെ പൈലറ്റ് വാഹനം ദേശീയപാത വഴി നേരെ പോയെങ്കിലും മഅദനി സഞ്ചരിച്ചിരുന്ന വാൻ സമീപത്തെ സർവീസ് റോഡിലേക്ക് പ്രവേശിച്ചു. ഇതോടെ പൊലീസ് എത്തി തടഞ്ഞു.

ചെടയൻകാലായ് സുന്നി ജുമാ മസ്ജിദിൽ നമസ്കാരത്തിനു പോകുകയാണെന്നു പിഡിപി പ്രവർത്തകർ അറിയിച്ചെങ്കിലും യാത്ര സംബന്ധിച്ച് അവ്യക്തതയുള്ളതായി പൊലീസ് വ്യക്തമാക്കി. പള്ളിയിലേക്ക് പോകുന്ന വിവരം കർണാടക പൊലീസ് ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും കേരള പൊലീസ് പറഞ്ഞു.

ഇതിന്റെ പേരിൽ വാക്കുതർക്കം രൂക്ഷമായതോടെ ഡിവൈഎസ്പിമാരായ ജി.ഡി.വിജയകുമാർ, എ.വിപിൻദാസ് എന്നിവർ പ്രവർത്തകരുമായി ചർച്ച നടത്തി അനുമതി നൽകി. 1.30നു പള്ളിയിലെത്തിയ മഅദനി നമസ്കാരത്തിനു ശേഷം 1.45ന് തിരിച്ചിറങ്ങി. വാളയാർ ചന്ദ്രാപുരം ജുമാ മസ്ജിദിലാണു നമസ്കാരം നിശ്ചയിച്ചതെങ്കിലും അസൗകര്യം കാരണമാണു ചെടയൻകാലായ് പള്ളിയിലേക്കു മാറ്റിയതെന്നു മഅദനി പറഞ്ഞു.

കാൻസർ രോഗബാധിതയായ മാതാവിനെ കാണാൻ കോടതി അനുവദിച്ചിട്ടും യാത്ര തടസ്സപ്പെടുത്താൻ ആസൂത്രിത ശ്രമമുണ്ടായെന്നു മഅദനി ആരോപിച്ചു. ഇതു ബോധ്യപ്പെട്ടതോടെയാണ്, ശാരീരിക അവശതയുണ്ടായിട്ടും റോഡു മാർഗം കൊല്ലത്തേക്കു തിരിച്ചത്. കർണാടകത്തിലെ കേസിലാണ് ഇപ്പോൾ ജയിലിലടച്ചിരിക്കുന്നത്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് ഇക്കാര്യത്തിൽ ഒന്നും ചെയ്യാനില്ല. കേസ് നടപടികളിൽ താമസം വരുന്നുണ്ടെങ്കിലും പരിഹരിക്കപ്പെടുമെന്നാണു പ്രതീക്ഷയെന്നും മഅദനി പറഞ്ഞു.