Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗമ്യ കേസ്: ഡോ.ഉന്മേഷ് കുറ്റക്കാരനല്ലെന്ന് ഒടുവിൽ സർക്കാരിന്റെ തിരുത്ത്

dr-unmesh

തിരുവനന്തപുരം∙ സൗമ്യ വധക്കേസിൽ പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തലിന്റെ പേരിൽ നടപടിക്കു വിധേയനായ ഫൊറൻസിക് സർജൻ ഡോ.എ.കെ. ഉന്മേഷ് കുറ്റക്കാരനല്ലെന്നു സർക്കാർ. ഉന്മേഷ് സത്യസന്ധനാണെന്നും പോസ്റ്റ്മോർട്ടം കണ്ടെത്തലിൽ അപാകതയില്ലെന്നും വ്യക്തമാക്കി ആരോഗ്യ വകുപ്പാണ് ഉത്തരവിറക്കിയത്. ഏഴുവർഷത്തിനു ശേഷമാണ് അദ്ദേഹം നിരപരാധിയെന്നു കണ്ടെത്തുന്നത്.

2011 ൽ കേസിന്റെ വിചാരണ കോടതിയിൽ നടക്കുമ്പോൾ ഡോ. ഉന്മേഷ് പ്രതിഭാഗം ചേർന്നതായി പ്രോസിക്യൂഷൻ നിലപാട് എടുത്തതു വിവാദമായിരുന്നു. പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ, പ്രതി ഗോവിന്ദച്ചാമിക്കായി ഒത്തുകളിച്ചുവെന്ന മട്ടിൽ വിവാദം വളർന്നതോടെ ഉന്മേഷ് സസ്പെൻഷനിലായി. പിന്നാലെ പ്രതിയാക്കി ക്രിമിനൽ കേസും റജിസ്റ്റർ ചെയ്തു.

തൃശൂർ വിജിലൻസ് കോടതിയും ഉന്മേഷ് കുറ്റക്കാരനല്ലെന്നു കണ്ടെത്തിയിരുന്നു. പ്രതിഭാഗം ചേർന്ന് ഉന്മേഷ് അവിഹിത നേട്ടമുണ്ടാക്കിയെന്ന പരാതിക്ക് അടിസ്ഥാനമില്ലെന്നും ദ്രുതപരിശോധനാ റിപ്പോർട്ടിൽ വിജിലൻസ് കോടതി കഴിഞ്ഞ വർഷം വ്യക്തമാക്കിയിരുന്നു.

പോസ്റ്റ്മോർട്ടം ചെയ്തതാര് എന്ന തർക്കമാണു സൗമ്യ വധക്കേസിനെ തുടക്കം മുതൽ വിവാദത്തിലാക്കിയത്. ഡോ.ഉന്മേഷ് തന്നെയാണു ചെയ്തത് എന്ന് വ്യക്തമായിരുന്നെങ്കിലും ഫൊറൻസിക് മേധാവിയായിരുന്ന ഡോ. ഷെർളി വാസുവിനെയാണു പ്രോസിക്യൂഷൻ സാക്ഷിയാക്കിയത്. അസോഷ്യേറ്റ് പ്രഫസറായിരുന്ന ഡോക്ടർ എ.കെ.ഉന്മേഷിനെ പ്രതിഭാഗവും സാക്ഷിയാക്കി. കോടതി സമൻസ് അയച്ചതുപ്രകാരം ഉന്മേഷ് ഹാജരായി മൊഴി നൽകി.

ഡോ. ഷേർളിയുടെയും ഉന്മേഷിന്റെയും മൊഴികൾ തമ്മിൽ കാര്യമായ വ്യത്യാസം ഒന്നുമുണ്ടായില്ലെങ്കിലും ഇതോടെ ഉന്മേഷ് പ്രതിഭാഗം ചേർന്നുവെന്ന മട്ടിൽ പ്രചാരണങ്ങളുണ്ടായി. ഉന്മേഷ് സസ്പെൻഷനിലുമായി. പൊതുപ്രവർത്തകനായ ജോർജ് വട്ടുകുളത്തിന്റെ പരാതിയിൽ തൃശൂർ വിജിലൻസ് കോടതി ദ്രുതപരിശോധനയ്ക്കും ഉത്തരവിട്ടെങ്കിലും പരാതിക്ക് അടിസ്ഥാനമില്ലെന്നു കണ്ടെത്തുകയായിരുന്നു.

കഴിഞ്ഞു പോയത് പീഡനകാലം: ഡോ. ഉന്മേഷ്

തൃശൂർ∙ ‘‘സ്കൂളിൽ പഠിക്കുന്ന എന്റെ മകൾ ആക്ഷേപം സഹിക്കാനാകാതെ ഇന്റർവെൽ സമയത്തു ക്ലാസിൽ ഒളിച്ചിരുന്നിട്ടുണ്ട്. വീട്ടുകാർ തെരുവിൽ വിചാരണ ചെയ്യപ്പെട്ടു. ഗോവിന്ദച്ചാമിയെ സഹായിക്കാൻ കാലുമാറിയ ഡോക്ടറെന്നു പലരും എന്നെ ചൂണ്ടിക്കാട്ടി പറയുന്നതു കേൾക്കേണ്ടി വന്നു. വല്ലാത്തൊരു പീഡനകാലമാണു കടന്നുപോയത്. ശത്രുക്കൾക്കു പോലും എന്റെ ഗതി വരാതിരിക്കട്ടെ’’: എറണാകുളം ജനറൽ ആശുപത്രിയിൽ ഫൊറൻസിക് സർജനായി പ്രവർത്തിക്കുന്ന ഡോ. ഉന്മേഷ് പറഞ്ഞു.