Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

60 കഴിഞ്ഞവർക്ക് സായംപ്രഭ കേന്ദ്രങ്ങളിൽ മാതൃകാ വിദ്യാലയങ്ങൾ

468406134

കോഴിക്കോട് ∙ അറുപതു കഴിഞ്ഞവർക്കായി തദ്ദേശ സ്ഥാപനങ്ങൾ നടത്തുന്ന സായംപ്രഭ പരിചരണ കേന്ദ്രങ്ങളിൽ മാതൃകാ വിദ്യാലയം തുടങ്ങാൻ ഒരുക്കം തുടങ്ങി. ഉയർന്ന വിദ്യാഭ്യാസവും മികച്ച ജോലിയുമുള്ള വയോജനങ്ങളെ ഉപയോഗിച്ച് ഓരോ പ്രദേശത്തെയും ജനങ്ങൾക്കു വിവിധ വിഷയങ്ങളിൽ ബോധവൽക്കരണം നൽകുന്നതിനുള്ള ശ്രമങ്ങളാകും മാതൃകാ വിദ്യാലയത്തിലൂടെ നടത്തുക. 

സാമൂഹികനീതി വകുപ്പിന്റെ സഹകരണത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടത്തുന്ന പകൽ പരിപാലന കേന്ദ്രങ്ങളായ പകൽവീടുകളെ ഈയിടെയാണ് സർക്കാർ സായംപ്രഭ വീടുകളാക്കി മാറ്റിയത്. രണ്ടേമുക്കാൽ ലക്ഷം രൂപ ചെലവഴിച്ചാണ് ഓരോ പകൽവീടും നവീകരിച്ചത്. പകൽ സമയത്ത് വീട്ടിൽ ഒറ്റയ്ക്കാകുന്നവർക്ക് അഭയകേന്ദ്രം എന്ന നിലയ്ക്കാണു സായംപ്രഭ വീടുകൾ പ്രവർത്തിക്കുന്നത്. ‌ 

ഓരോ മേഖലയിലെയും 60 വയസ്സു കഴിഞ്ഞ പുരുഷൻമാർക്കും സ്ത്രീകൾക്കുമായി യോഗാ പരിശീലനത്തിന് ഉൾപ്പെടെയുള്ള സൗകര്യം സായംപ്രഭ വീടുകളിൽ ഒരുക്കിയിരുന്നു. വൈദ്യ പരിശോധന, പോഷകാഹാര വിതരണം, കൗൺസലിങ് എന്നിവയും ചില കേന്ദ്രങ്ങളിൽ നടത്തുന്നുണ്ട്. ശുശ്രൂഷകരുടെ സേവനവും ലഭ്യമാണ്. 

സായംപ്രഭ വീടുകളിലെത്തുന്നവരിൽ വിദ്യാസമ്പന്നരും ഉദ്യോഗസ്ഥരുമായവരുടെ കഴിവുകളെ പ്രയോജനപ്പെടുത്താനാണു മാതൃകാ വിദ്യാലയങ്ങൾ സ്ഥാപിക്കുന്നത്. മറ്റ് അന്തേവാസികളിലേക്കും പ്രദേശവാസികളിലേക്കും അവരുടെ അറിവും അനുഭവവും പകരുക എന്ന ലക്ഷ്യവുമുണ്ട്. അതിനു പറ്റുന്ന വയോജനങ്ങളുടെ പാനൽ തയാറാക്കാൻ ശിശുവികസന പദ്ധതി ജില്ലാ ഓഫിസർമാർക്കു സർക്കാർ നിർദേശം നൽകി