Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രണ്ടു വർഷം; 12 രാഷ്ട്രീയ കൊലപാതകങ്ങൾ

Murder - representational image

കണ്ണൂർ ∙ രണ്ടുവർഷത്തിനിടെ കണ്ണൂരിലും മാഹിയിലുമായി നടന്നത് 12 രാഷ്ട്രീയ കൊലപാതകങ്ങൾ. 2016 മേയ് 19ന് എൽഡിഎഫിന്റെ വിജയാഹ്ലാദ പ്രകടനത്തിനിടെ നടന്ന കൊലപാതകം മുതൽ കഴിഞ്ഞ ദിവസം മാഹി മേഖലയിൽ നടന്ന ഇരട്ടക്കൊലപാതകം വരെ രണ്ടു വർഷത്തിനിടെ നടന്ന 12 കൊലപാതകങ്ങളിലും പ്രതിസ്ഥാനത്ത് സിപിഎം, ബിജെപി, എസ്ഡിപിഐ സംഘടനകളിലുള്ളവരാണ്. കൊല്ലപ്പെട്ടവരിൽ സിപിഎം, ബിജെപി പ്രവർത്തകർക്കു പുറമേ യൂത്ത് കോൺഗ്രസ് നേതാവായിരുന്ന ഷുഹൈബുമുണ്ട്.

2016 ജൂലൈ 11നു പയ്യന്നൂരിൽ സിപിഎം പ്രവർത്തകൻ സി.വി.ധനരാജ് കൊല്ലപ്പെട്ടു മണിക്കൂറുകൾക്കുള്ളിലാണു പയ്യന്നൂരിലെ ബിഎംഎസ് പ്രവർത്തകന്‍ രാമചന്ദ്രൻ കൊലക്കത്തിക്കിരയായത്. 2016 ഒക്ടോബറിൽ സിപിഎം പ്രവർത്തകന്‍ പാതിരിയാട് കെ.മോഹനന്‍ ജോലി ചെയ്യുന്ന കള്ളുഷാപ്പിൽ വെട്ടേറ്റുമരിച്ച് 48 മണിക്കൂറിനുള്ളിൽ പിണറായിയിൽ ബിജെപി പ്രവർത്തകന്‍ രമിത് കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം മാഹിയിൽ രണ്ടു കൊലപാതകങ്ങളും നടന്നത് അരമണിക്കൂറിനിടയിലായിരുന്നു.

രണ്ടു വർഷത്തിനിടെ കണ്ണൂരിൽ കൊല്ലപ്പെട്ടവർ

2016 മേയ് 19: ഏറാങ്കണ്ടി രവീന്ദ്രൻ (സിപിഎം). എൽഡിഎഫിന്റെ വിജയാഹ്ലാദ പ്രകടനത്തിനിടെയുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ടു.

2016 ജൂലൈ 11: സി.വി.ധനരാജ് (സിപിഎം). ഒരു സംഘം പയ്യന്നൂരിലെ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തി.

സി.കെരാമചന്ദ്രൻ. സിപിഎം പ്രവർത്തകനായ സി.വി.ധനരാജ് കൊല്ലപ്പെട്ടു മണിക്കൂറുകൾക്കുള്ളിൽ ഒരു സംഘം വീടാക്രമിച്ചു വെട്ടിക്കൊലപ്പെടുത്തി.

2016 സെപ്റ്റംബർ മൂന്ന്: മാവില വിനീഷ് (ബിജെപി). തില്ലങ്കേരിയിൽ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തി. 

2016 ഒക്ടോബർ 10: കെ.മോഹനൻ(സിപിഎം). ജോലി ചെയ്യുന്ന കള്ളുഷാപ്പിൽ കയറി വെട്ടിക്കൊലപ്പെടുത്തി.

2016 ഒക്ടോബർ 12: വി.രമിത്(ബിജെപി). സിപിഎം പ്രവർത്തകൻ കെ.മോഹനൻ കൊല്ലപ്പെട്ട് 48 മണിക്കൂറുകൾക്കുള്ളിൽ ഒരു സംഘം രമിത്തിനെ വെട്ടിക്കൊലപ്പെടുത്തി.

2017 ജനുവരി 18: ധർമടം അണ്ടല്ലൂർ എഴുത്തൻ സന്തോഷ് (ബിജെപി). ഒരു സംഘം വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തി.

2017 മേയ് 12: ചൂരക്കാട് ബിജു (സിപിഎം). സിപിഎം പ്രവർത്തകനായ ധനരാജ് വധക്കേസിലെ പന്ത്രണ്ടാം പ്രതിയായിരുന്ന ബിജു ബൈക്കിൽ വരുമ്പോൾ, കാറിൽ പിൻതുടർന്നെത്തിയ സംഘം വെട്ടിവീഴ്ത്തുകയായിരുന്നു.

2018 ജനുവരി 19: ശ്യാമപ്രസാദ് (ബിജെപി). ആർഎസ്എസ് ഭാരവാഹിയായിരുന്ന ശ്യാമപ്രസാദിനെ ബൈക്ക് തടഞ്ഞ ശേഷം വെട്ടിക്കൊലപ്പെടുത്തി. പ്രതികൾ എസ്ഡിപിഐ പ്രവർത്തകർ.

2018 ഫെബ്രുവരി 12: എസ്.പി.ഷുഹൈബ് (കോൺഗ്രസ്). യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറിയായ ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തി. പ്രതിസ്ഥാനത്ത് സിപിഎം പ്രവർത്തകർ.

2018 മേയ് ഏഴ്: കണ്ണിപ്പൊയിൽ ബാബു (സിപിഎം). ബൈക്കിൽ വീട്ടിലേക്കു പോകുന്നതിനിടെ റോഡിൽ വച്ചു വെട്ടേറ്റു.

കെ.പി.ഷമേജ് (ബിജെപി). ബാബു കൊല്ലപ്പെട്ട് ഒരു മണിക്കൂറിനുള്ളിൽ അഞ്ചു കിലോമീറ്റർ അകലെ കൊല്ലപ്പെട്ടു.