Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെഎസ്ആർടിസിയിൽ പെൻഷൻ പ്രായം കൂട്ടരുതെന്ന് തച്ചങ്കരി

thachankari

തിരുവനന്തപുരം∙ കെഎസ്ആർടിസി പെൻഷൻ പ്രായം ഉയർത്തുന്നതുമായി ബന്ധപ്പെട്ട് സർക്കാരിന്റെ അന്തിമതീരുമാനം ഉടൻ ഉണ്ടാകും. പെൻഷൻ പ്രായം ഉയർത്താതിരിക്കുന്നതാണു സാമ്പത്തികമായി ലാഭമെന്ന് കെഎസ്ആർടിസി എംഡി ടോമിൻ തച്ചങ്കരി റിപ്പോർട്ട് നൽകി. സർക്കാരിന്റെ നിലപാട് അറിഞ്ഞശേഷം ഡയറക്ടർ ബോർഡ് ചേർന്നു തീരുമാനം പ്രഖ്യാപിക്കും.

കെഎസ്ആർടിസിയെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നു രക്ഷപ്പെടുത്താനായി സർക്കാർ നിയോഗിച്ച പ്രഫ.സുശീൽ ഖന്ന, പെൻഷൻ പ്രായം 56ൽ നിന്ന് 58 ആയി ഉയർത്തണമെന്നു ശുപാർശ നൽകിയിരുന്നു. ഇക്കാര്യം ഇടതുമുന്നണിചർച്ച ചെയ്തെങ്കിലും തീരുമാനമെടുത്തില്ല. തുടർന്നു സർക്കാർ കെഎസ്ആർടിസി മാനേജ്മെന്റിന്റെ നിലപാട് ആരാഞ്ഞു.

സുശീൽ ഖന്ന ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തിയാണു പെൻഷൻ പ്രായം ഉയർത്തുന്നതിനേക്കാൾ തൽസ്ഥിതി തുടരുന്നതാണു ലാഭകരമെന്നു തച്ചങ്കരി റിപ്പോർട്ട് നൽകിയത്. രണ്ടുവർഷം കൊണ്ടു 2072 ജീവനക്കാരാണു വിരമിക്കാനുള്ളത്. ഇതിൽ 1403 പേർ കണ്ടക്ടർമാരും ഡ്രൈവർമാരുമാണ്. ഇവർക്കു പകരം സ്ഥിരനിയമനമോ താൽക്കാലികനിയമനമോ നടത്താം. ബാക്കിയുള്ള 669 ജീവനക്കാർക്കു പകരം ഉടൻ നിയമനം നടത്തേണ്ടതില്ല.

പെൻഷൻ പ്രായം ഉയർത്തിയാൽ കൂടുതൽ സർവീസ് ഉള്ള ജീവനക്കാർക്കു ശമ്പളവും ആനുകൂല്യങ്ങളുമായി വൻതുക നൽകേണ്ടിവരും. പുതിയ ജീവനക്കാരെ നിയമിക്കുന്നതാണു കൂടുതൽ ലാഭകരം. പെൻഷൻ പ്രായം ഉയർത്താതിരുന്നാൽ ആനുകൂല്യങ്ങളുടെ ഇനത്തിൽ രണ്ടുവർഷം കൊണ്ട് 10.8 കോടി രൂപ ലാഭിക്കാനാകുമെന്നും എംഡിയുടെ റിപ്പോർട്ടിലുണ്ട്.