Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മേലേത്തട്ടിലെ അഴിമതി വച്ചു പൊറുപ്പിക്കില്ല: മുഖ്യമന്ത്രി പിണറായി

fire-force കേരള ഫയർ സർവീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം കോഴിക്കോട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കോട്∙ അഴിമതി ഏറ്റവും കുറവുള്ള വകുപ്പാണ് അഗ്നിരക്ഷാസേനയെന്നും ചില അധികാരങ്ങൾ കയ്യിൽ വന്നപ്പോൾ മേലേത്തട്ടിലുള്ളവർ അഴിമതിയിലേക്കു തിരിയുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.കേരള ഫയർസർവീസ് അസോസിയേഷൻ (കെഎഫ്എസ്എ) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തെറ്റുകാണിക്കുന്നവർക്കെതിരെ നടപടിയെടുക്കും. അപകടസ്ഥലങ്ങളിൽ പ്രത്യേക പരിശീലനം നൽകിയ നാട്ടുകാർക്കു പ്രാഥമിക രക്ഷാപ്രവർത്തനം നടത്താമെന്ന പ്രതീക്ഷയിലാണ് സിവിൽ വൊളന്റിയർ സംവിധാനത്തെക്കുറിച്ച് ആലോചിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കുടുംബസഹായ ഫണ്ട് വിതരണവും മുഖ്യമന്ത്രി നിർവഹിച്ചു.

പ്ലസ്ടു പരീക്ഷയിൽ കൂടുതൽ മാർക്കു നേടിയ വിദ്യാർഥിക്കുള്ള എൻഡോവ്മെന്റ് എം.കെ.മുനീർ എംഎൽഎ വിതരണം ചെയ്തു. കെഎഫ്എസ്എ സംസ്ഥാന പ്രസിഡന്റ് എ.ഷജിൽകുമാർ അധ്യക്ഷത വഹിച്ചു.ഷെവിലയർ സി.ഇ.ചാക്കുണ്ണി, എൻ.വി.ജോൺ, അരുൺ അൽഫോൻസ്, അരുൺ ഭാസ്കർ, ഡി.കെ. പൃഥ്വിരാജ്, കെ.രാമകൃഷ്ണൻ, കെ.പി.ബാബുരാജ്, എം.മനോഹരൻ, എം. മുരളീധരൻ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്നു നടന്ന സെമിനാർ മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. എ.ഷജിൽകുമാർ അധ്യക്ഷത വഹിച്ചു. അരുൺ അൽഫോൻസ്, അരുൺ ഭാസ്കർ തുടങ്ങിയവർ പ്രസംഗിച്ചു. 

ഇടവേളയ്ക്കുശേഷം പൊതുസമ്മേളനം കേട്ടുകേൾവിയില്ലാത്തത്: മുഖ്യമന്ത്രി

കോഴിക്കോട്∙പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാൻ വിളിച്ചതിനു കേരള ഫയർ സർവീസ് അസോസിയേഷൻ (കെഎഫ്എസ്എ) സംഘാടകർക്ക് പിണറായി വിജയന്റെ വക രൂക്ഷ വിമർശനം. മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗം തുടങ്ങിയത് സംഘടനാ നേതൃത്വത്തെ വിമർശിച്ചുകൊണ്ടാണ്. സംഘടനകളുടെ സമ്മേളനങ്ങളിൽ കാണാത്ത പുതുമ ഇവിടെയുണ്ടെന്നും അതെന്താണെന്ന് തനിക്ക് പിടികിട്ടിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാധാരണ പ്രതിനിധി സമ്മേളനത്തിനൊപ്പമാണ് പൊതു സമ്മേളനം നടത്തേണ്ടത്. എന്നാൽ മാർച്ചിൽ പ്രതിനിധി സമ്മേളനം നടത്തി ഇത്ര ഇടവേളയ്ക്കു ശേഷം പൊതുസമ്മേളനം നടത്തുന്നത് സാധാരണ സമ്പ്രദായമല്ല. നിങ്ങൾക്കങ്ങനെ ആവാമെങ്കിൽ അങ്ങനെയാവാം. ഇക്കാര്യം താൻ നേരത്തേ അറിയാതിരുന്നതു നന്നായെന്നും നേരത്തേ മനസിലാക്കിയിരുന്നെങ്കിൽ ഈ ബുദ്ധിമുട്ടിൽ പങ്കെടുക്കുമായിരുന്നില്ലെന്നും പിണറായി പറഞ്ഞു.

related stories