Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാധാകൃഷ്ണനെ ഡിവൈഎഫ്ഐക്കാർ മർദിച്ച് അനാശാസ്യക്കേസിൽ കുടുക്കി: ഇന്റലിജൻസ്

K-RADHAKRISHNAN

തിരുവനന്തപുരം∙ ഫസൽ വധക്കേസ് അന്വേഷണം സിപിഎം പവർത്തകരിലേക്കു തിരിഞ്ഞതിന്റെ പ്രതികാരത്തിൽ, ഡിവൈഎസ്പി ആയിരുന്ന കെ.രാധാകൃഷ്ണനെ 2006ൽ ഡിവൈഎഫ്ഐ പ്രവർത്തകർ ക്രൂരമായി മർദിച്ച് അനാശാസ്യക്കേസിൽ കുടുക്കിയതാണെന്ന് ഇന്റലിജൻസ് കണ്ടെത്തൽ. 

തളിപ്പറമ്പ് സബ്‌ ഡിവിഷന്റെ ചുമതലയിലിരിക്കെ, 2006 ഡിസംബർ 14ലെ ഹർത്താൽ ദിവസം ഡിവൈഎസ്പി രാധാകൃഷ്ണൻ ഡ്രൈവർക്കൊപ്പം സുഹൃത്തായ രാജേഷ് എന്നയാളുടെ വീട്ടിലെത്തി വിശ്രമിക്കുമ്പോൾ ഒരു സംഘം ഡിവൈഎഫ്ഐക്കാർ വീട് വളഞ്ഞ് രാജേഷിനെയും രാധാകൃഷ്ണനെയും മർദിക്കുകയായിരുന്നു. 

അനാശാസ്യം ആരോപിച്ചായിരുന്നു മർദനം. തളിപ്പറമ്പ് നഗരസഭാ വൈസ്‌ ചെയർമാന്റെ പരാതിയിൽ അനാശാസ്യക്കേസും എടുത്തു. അന്നത്തെ ഇടതുസർക്കാർ രാധാകൃഷ്ണനെ സസ്പെൻഡും ചെയ്തു. 

എന്നാൽ, ഫസൽ കൊലക്കേസ് അന്വേഷണം സിപിഎമ്മിലേക്കു തിരിയുന്നതിന്റെ വൈരാഗ്യത്തിലാണു കള്ളക്കേസ് എടുത്തു മർദിച്ചതെന്ന് ഇന്റലിജൻസ് അന്വേഷണത്തിൽ വ്യക്തമായി. 2012ൽ ഡിജിപിക്കു ലഭിച്ച പരാതിയെത്തുടർന്ന് ഇന്റലിജൻസ് മേധാവിയായിരുന്ന ടി.പി.സെൻകുമാറാണ് ഇക്കാര്യം അന്വേഷിച്ചത്.

 2006 ഒക്‌ടോബറിൽ തലശേരിക്കു സമീപം എൻഡിഎഫ് പ്രവർത്തകനായിരുന്ന മുഹമ്മദ്ഫസൽ കൊല്ലപ്പെട്ട കേസിൽ ബിജെപി–ആർഎസ്‌എസ് പ്രവർത്തകരെയാണു സിപിഎം പഴിചാരിയിരുന്നതെങ്കിലും സിപിഎമ്മുകാരാണു യഥാർഥ പ്രതികളെന്ന് അന്നത്തെ ഡിസിആർബി ഡിവൈഎസ്‌പി: രാധാകൃഷ്‌ണൻ കണ്ടെത്തിയിരുന്നു. 

സിപിഎമ്മിലെ കാരായിമാരിലേക്ക് അന്വേഷണം തിരിഞ്ഞതോടെ അന്വേഷണം അവസാനിപ്പിക്കാൻ മുകളിൽനിന്നു തുടരെ നിർദേശം വന്നു. 

എന്നാൽ, കിട്ടിയെ തെളിവുകളുടെ അടിസ്ഥാനത്തിലും ഫോൺ വിളികൾ പരിശോധിച്ചതിലും ഉന്നതരായ പ്രതികളിലേക്കു രാധാകൃഷ്ണന്റെ അന്വേഷണം നീണ്ടു. പക്ഷേ, പത്താം ദിവസം ഇദ്ദേഹത്തെ അന്വേഷണച്ചുമതയിൽനിന്നു മാറ്റി. കൊടി സുനിയെ ചോദ്യം ചെയ്യാൻ വിളിച്ചതിന്റെ അടുത്ത ദിവസമാണു മാറ്റിയത്. ആക്രമണത്തിനിരയായ രാജേഷ് ഒരു മാസത്തിനു ശേഷം മരിച്ചു. 

രാധാകൃഷ്ണൻ നട്ടെല്ലിനു പരുക്കേറ്റ് ഒന്നര വർഷത്തോളം ചികിൽസയിലുമായിരുന്നു. ഇക്കാര്യമെല്ലാം വിശദമാക്കി 2012ൽ സെൻകുമാർ ഡിജിപിക്കു റിപ്പോർട്ട് നൽകിയെങ്കിലും തുടർ നടപടി ഉണ്ടായില്ല. 

കേസ് റദ്ദാക്കാൻ രാധാകൃഷ്ണൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. യഥാർഥ പ്രതികളെ കണ്ടെത്തിയ ഉദ്യോഗസ്‌ഥന്റെ സൽപേര് കളങ്കപ്പെടുത്താനുള്ള ശ്രമമാണെന്നു കണ്ടെത്തി ഹൈക്കോടതി അനാശാസ്യക്കേസ് റദ്ദാക്കി. 

സസ്പെൻഷൻ പിൻവലിക്കാനും ജസ്റ്റിസ് വി.രാംകുമാർ ഉത്തരവിട്ടു. മാത്രമല്ല, രാഷ്‌ട്രീയ ലക്ഷ്യത്തോടെയുള്ള പകപോക്കലാണ് ഈ നടപടിയെന്നും ഹൈക്കോടതി കണ്ടെത്തി.

related stories