Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘നീര’യ്ക്കു പുതുജീവനേകാൻ കൃഷിവകുപ്പ്; ഇന്നു ചർച്ച

neera-products

തിരുവനന്തപുരം∙ ഏറെ പ്രതീക്ഷ നൽകിയശേഷം  പ്രതിസന്ധിയിലായ നീര പദ്ധതിക്കു പുതുജീവൻ നൽകാൻ കൃഷിവകുപ്പിന്റെ ശ്രമം. നീരയുടെ നിർമാണത്തിനുള്ള സാങ്കേതികവിദ്യകൾ ഏകോപിപ്പിക്കാനും വിപണി കണ്ടെത്താനുമുള്ള മാർഗങ്ങൾ ഇന്നു മന്ത്രി വി.എസ്.സുനിൽകുമാറിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചർച്ചചെയ്യും. കാസർകോട്ടെ കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രത്തില‌‌െയും കാർഷിക സർവകലാശാലയിലെയും നാളികേര വികസന ബോർഡിലെയും വിദഗ്ധർ  പങ്കെടുക്കും.  ‌

നീരയുടെ നിലവാരം മെച്ചപ്പെടുത്തി വിപണി കണ്ടെത്താനായി പഠനം നടത്താൻ സർക്കാർ നേരത്തേ കാർഷിക സർവകലാശാലയെ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ റിപ്പോർട്ട് ഇതുവരെ സർക്കാരിനു ലഭിച്ചിട്ടില്ല. 

മൂന്നുവർഷം മുൻപു സംസ്ഥാന സർക്കാർ വമ്പൻ പ്രഖ്യാപനങ്ങളോടെ തുടങ്ങിയ പദ്ധതി ഏറ്റെടുത്ത 29 നാളികേര ഉൽപാദക സംഘങ്ങളാണു വിപണിയിൽ തിരിച്ചടി നേരിടുന്നത്. നാളികേര വികസന ബോർഡാണു പദ്ധതിക്കു മുൻകയ്യെടുത്തത്. 

എന്നാൽ, രുചിവ്യത്യാസവും ഉയർന്ന വിലയും മൂലം വിപണിയിൽ വേണ്ട്രത്ര ശദ്ധ നേടാൻ നീരയ്ക്കു കഴിഞ്ഞില്ല. വിപണി കണ്ടെത്താനും കർഷകരെ സഹായിക്കാനും സർക്കാരിന്റെ ഭാഗത്തുനിന്നു കാര്യമായ പിന്തുണയില്ലാതായതോടെയാണ് ഉൽപാദക സംഘങ്ങൾ പ്രതിസന്ധിയിലായത്.

 പ്രതിദിനം 40,000 ലീറ്റർ നീര ഉൽപാദിപ്പിച്ച സ്ഥാനത്ത് ഇപ്പോൾ 10,000 ലീറ്റർ വരെയായി. ഇപ്പോൾ ഏഴു സംഘങ്ങൾ മാത്രമാണു നീര ഉൽപാദിപ്പിക്കുന്നത്. എന്നാൽ ഇവിടങ്ങളിൽത്തന്നെ  ഉൽപാദിപ്പിച്ച നീര കെട്ടിക്കിടക്കുന്നു. കാലാവധിക്കുള്ളിൽ വിറ്റഴിച്ചില്ലെങ്കിൽ ഇവ കേടാകുമെന്നതിനാൽ ഉൽപാദകർ ആശങ്കയിലാണ്. വായ്പ തിരിച്ചടയ്ക്കാൻ പോലും നിവൃത്തിയില്ലാതായതോടെ നീര ഉൽപാദനം അവസാനിപ്പിച്ചു പല സംഘങ്ങളും കൊപ്ര മില്ലുകൾ തുടങ്ങി. 

കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ നേരത്തേ ഉൽപാദകസംഘങ്ങളുടെ യോഗം വിളിച്ചിരുന്നു. ഒരു ബ്രാൻഡിൽ നീര വിതരണം ചെയ്യാനുള്ള പദ്ധതി ഉൽപാദക സംഘങ്ങൾ അംഗീകരിക്കുകയും ചെയ്തു. നീര വിപണിയിലെത്തിക്കാനുള്ള ടെട്രാ പായ്ക്ക് യൂണിറ്റ് കൃഷിവകുപ്പു തന്നെ സ്ഥാപിക്കാമെന്നും ഉറപ്പു നൽകി. എന്നാൽ തുടർനടപടികളുണ്ടായില്ല. നീര സംഘങ്ങളെ രക്ഷിക്കാൻ  സർക്കാർ ഇടപെടണമെന്നു മുഖ്യമന്ത്രി വിളിച്ച കർഷകസംഘടനകളുടെ യോഗത്തിലും ആവശ്യമുയർന്നിരുന്നു. 

വിപണി പിടിക്കാൻ തമിഴ്നാട് 

തമിഴ്നാട് സർക്കാരിന്റെ നേതൃത്വത്തിൽ നീര ഉൽപാദനത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായിട്ടുണ്ട്. കേരളത്തെക്കാൾ വില കുറച്ചു വിപണിയിലെത്തിച്ചു വിപണി പിടിക്കാനാണു തമിഴ്നാട്ടിൽനിന്നുള്ള കമ്പനികളുടെ ശ്രമം. 17 കർഷക കമ്പനികൾ   ബോർഡിൽ റജിസ്റ്റർ ചെയ്തു കഴിഞ്ഞു. 

കാസർകോട്ടെ തോട്ടവിള ഗവേഷണകേന്ദ്രം വികസിപ്പിച്ചെടുത്ത ‘റോ നീര’ സംവിധാനത്തിലാണു തമിഴ്നാട്ടിലെ ഉൽപാദനം. തെങ്ങു ചെത്തുന്നതു മുതൽ നീര വിൽക്കുന്നതു വരെ പൂജ്യം ഡിഗ്രി  സെൽഷ്യസിൽ സൂക്ഷിക്കുന്ന നീരയ്ക്കു രുചിയും ഗുണമേന്മയും കൂടും.  

കേരളത്തിൽ ഒരു തെങ്ങു െചത്താൻ 40 രൂപയാണു തൊഴിലാളിക്കു നൽകുന്നത്. തെങ്ങുടമയ്ക്കു പതിനഞ്ചു രൂപയും.  എന്നാൽ തമിഴ്നാട്ടിൽ കൂലി പതിനഞ്ചു രൂപയാണ്. തെങ്ങുടമയ്ക്ക് ആറു രൂപയേ നൽകേണ്ടതുള്ളൂ. 

നീര പ്രതിസന്ധിക്കു കാര‌ണം

∙ നീര ഉൽപാദകസംഘങ്ങൾക്കു വിപണി കണ്ടെത്താനാകുന്നില്ല, കമ്പനികൾ പൂട്ടുന്നു.  

∙ സംഘങ്ങളുടെ നീര ഉൽപാദനം വ്യത്യസ്ത രീതിയിൽ ആയതിനാൽ രുചിവ്യത്യാസം.   

∙ നീര പായ്ക്ക് ചെയ്യാനും സൂക്ഷിക്കാനുമുള്ള ചെലവേറിയ സാങ്കേതികവിദ്യ  

∙ നീര ചെത്തുന്നവരെ കിട്ടാനില്ല  

‌പരിഹാരം 

∙ നീര ഉൽപാദനവും വിപണനവും മെച്ചപ്പെടുത്താനുള്ള കാർഷിക സർവകലാശാലയുടെ പഠന റിപ്പോർട്ട് എ‌‌്രതയും പെട്ടെന്നു ലഭ്യമാക്കി ശുപാർശകൾ നടപ്പാക്കുക

∙ നീര സുരക്ഷിതമായി വിപണിയിലെത്തിക്കാനുള്ള ട‌‌െട്രാ  പായ്ക്ക് യൂണിറ്റുകൾ സർക്കാരിന്റെ ചെലവിൽ സ്ഥാപിക്കുക.

∙ നീര  ട‌‌െട്രാ പായ്ക്കിലാക്കി രാജ്യമാകെ വിൽക്കാൻ സ്വകാര്യ കമ്പനി മുന്നോട്ടു വന്നിരുന്നു.  ട‌‌െട്രാ പായ്ക്കുകളിൽ ഒരു വർഷം വരെ ഉപയോഗിക്കാവുന്ന രീതിയിൽ വിപണനം ചെയ്യും. എല്ലാ കമ്പനികളും ഉൽപാദിപ്പിക്കുന്ന നീര ഏറ്റെടുക്കാൻ അവർ തയാറാണെന്നു സർക്കാരിനെ അറിയിച്ചിരുന്നു.