Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലൈഫ് മിഷൻ പദ്ധതി: ഉദ്യോഗസ്ഥർ തമ്മിൽ ഭിന്നത

തിരുവനന്തപുരം∙ പാവപ്പെട്ടവർക്കു വീട് നിർമിക്കാനുള്ള സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായുള്ള ജില്ലാതല അപ്പാർട്മെന്റ് നിർമാണത്തിനു കരാർ നൽകുന്നതുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥർക്കിടയിൽ ഭിന്നത. ടെൻഡറിൽ പങ്കെടുത്ത ഏക കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കു കരാർ നൽകണമെന്നു ചീഫ് സെക്രട്ടറി പോൾ ആന്റണിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനമെടുത്തെങ്കിലും മന്ത്രിസഭാ യോഗത്തിനുള്ള കുറിപ്പിൽ ഇതു ചട്ടലംഘനമാകുമെന്നു തദ്ദേശവകുപ്പ് സെക്രട്ടറിയായിരുന്ന ബി.അശോക് കുറിപ്പെഴുതി. ഇതോടെ കഴിഞ്ഞ മന്ത്രിസഭായോഗം തീരുമാനം മാറ്റിവച്ചു. 

അശോകിനെ സെക്രട്ടറിസ്ഥാനത്തുനിന്നു മാറ്റുകയും ലൈഫ് മിഷൻ സിഇഒ: അദീല അബ്ദുല്ല അവധിയിൽ പ്രവേശിക്കുകയും ച‌യ്തു. ലൈഫ് മിഷൻ സാങ്കേതികവിദഗ്ധനായി സർക്കാർ നിയമിച്ച മുൻ ചീഫ് എൻജിനീയർ കെ.സുന്ദരൻ രാജി നൽകുകയും ച‌‌‌െയ്തതോട‌‌െ ഭിന്നതയുടെ ചിത്രം പൂർണമായി.

സർക്കാരിന്റെ രണ്ടാംവാർഷികാഘോഷങ്ങളുടെ ഭാഗമായി പദ്ധതിയുടെ ഉദ്ഘാടനം നടത്തണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ കർശനനിർദേശത്തെ തുടർന്നാണ് ഏക കരാറുകാരാണെങ്കിലും തുക സർക്കാർ എസ്റ്റിമേറ്റിനെക്കാൾ കുറവായതിനാൽ ഊരാളുങ്കൽ സൊസൈറ്റിക്കു നിർമാണക്കരാർ നൽകണമെന്നു സംസ്ഥാനതല ഉന്നതാധികാര സമിതിയിൽ ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടത്. പദ്ധതിയുടെ പുരോഗതി വിലയിരുത്താൻ ചേർന്ന യോഗത്തിൽ സർക്കാരിന്റെ അഭിമാനപദ്ധതി വൈകുന്നതിന്റെ പേരിൽ മുഖ്യമന്ത്രി ഉദ്യോഗസ്ഥരെ ശാസിച്ചിരുന്നു. 

14 ജില്ലകളിൽ 14 അപ്പാർട്ട്മെന്റുകൾക്കായി 75 കോടി രൂപയാണു സർക്കാർ ചെലവ് കണക്കാക്കിയിരുന്നത്. ഒരു വർഷത്തിലേറെ നീണ്ടുപോയ നടപടിക്രമങ്ങൾക്കു ശേഷം കഴിഞ്ഞ ജനുവരിയിലാണു ചെമ്മനാട്, പുനലൂർ, പുതുപ്പാടി, പെരിന്തൽമണ്ണ, ചിറ്റൂർ, സുൽത്താൻബത്തേരി എന്നിവിടങ്ങളിലെ നിർമാണത്തിനു ടെൻഡർ വിളിച്ചത്. അപേക്ഷകരിൽ ഊരാളുങ്കൽ സൊസൈറ്റി മാത്രമാണു ടെൻഡർ സമർപ്പിക്കാൻ യോഗ്യത നേടിയത്. ഇവർ പെരിന്തൽമണ്ണയിലെ അപ്പാർട്മെന്റിനു മാത്രമാണു ടെൻഡർ നൽകിയത്. 48 അപാർട്മെന്റുകൾക്ക് 5.33 കോടിയാണ് ഊരാളുങ്കൽ സൊസൈറ്റി ആവശ്യപ്പെട്ടത്. ഒരു അപ്പാർട്മെന്റിന് ഏകദേശം 11 ലക്ഷം രൂപ. സർക്കാർ എസ്റ്റിമേറ്റിൽ ഒരു അപാർട്മെന്റിന് 18 ലക്ഷം രൂപയാണു ചെലവ് കണക്കാക്കിയിരുന്നത്. 

പദ്ധതി അടിയന്തരമായി നടപ്പാക്കേണ്ടതിനാൽ പെരിന്തൽമണ്ണയിലെ കരാർ ഊരാളുങ്കലിനു നൽകാനും മറ്റ് അഞ്ച് അപാർട്മെന്റുകളുടെ നിർമാണത്തിനു വീണ്ടും ടെൻഡർ വിളിക്കാനുമാണു ചീഫ് സെക്രട്ടറി തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ ഓഫിസ് ഇതിന് അംഗീകാരം നൽകിയെങ്കിലും മന്ത്രി കെ.ടി.ജലീൽ ഇക്കാര്യം മന്ത്രിസഭയിൽ പരിഗണിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണു മന്ത്രിസഭായോഗത്തിനുള്ള ഫയലിൽ തീരുമാനം കേന്ദ്ര വിജിലൻസ് ചട്ടങ്ങൾക്കു വിരുദ്ധമാണെന്ന് അശോക് കുറിപ്പെഴുതിയതും തുടർന്ന് അദ്ദേഹത്തെ പാർലമെന്ററികാര്യ സെക്രട്ടറിയായി സ്ഥലംമാറ്റിയതും. അദീല അബ്ദുല്ല അവധിയെടുത്തതിനെത്തുടർന്ന് ലൈഫ് മിഷൻ സിഇഒ സ്ഥാനത്തേക്ക് പുതിയ നിയമനം നടത്താനാണു സർക്കാരിന്റെ നീക്കം.