Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സോളർ റിപ്പോർട്ട്: സരിതയുടെ കത്ത് ഹൈക്കോടതി നീക്കി

PTI1_28_2016_000031A

കൊച്ചി ∙ സോളർ വിവാദത്തിൽ സരിത എസ്. നായർ എഴുതിയ കത്തും അതെക്കുറിച്ചുള്ള പരാമർശവും നിഗമനവും ശുപാർശകളും ജു‍‍ഡീഷ്യൽ അന്വേഷണ കമ്മിഷൻ റിപ്പോർട്ടിൽനിന്ന് ഹൈക്കോടതി നീക്കി. ജസ്റ്റിസ് ശിവരാജൻ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പത്രക്കുറിപ്പ് ഇറക്കിയതുൾപ്പെടെ സർക്കാരിന്റെ തുടർനടപടികൾ ഈ വിധിയുടെ അടിസ്ഥാനത്തിൽ പുനഃപരിശോധിക്കണമെന്നും നിർദേശിച്ചു. റിപ്പോർട്ടിന്റെ മറ്റു ഭാഗങ്ങൾ നിലനിൽക്കും.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഹർജി ഭാഗികമായി അനുവദിച്ചുകൊണ്ടാണു ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാരുടെ ഉത്തരവ്. അതേസമയം, കമ്മിഷൻ പരാമർശം ചോദ്യംചെയ്ത് മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ സമർപ്പിച്ച ഹർജി തള്ളി. ക്രിമിനൽ കേസുകളിൽനിന്ന് ഉമ്മൻ ചാണ്ടിയെ ഒഴിവാക്കാൻ തന്റെ കീഴിലെ പൊലീസ് ഉദ്യോഗസ്ഥർ മുഖേന ശ്രമിച്ചുവെന്നായിരുന്നു തിരുവഞ്ചൂരിനെതിരായ പരാമർശം. ടീം സോളർ ഉപയോക്താക്കളെ വഞ്ചിക്കാൻ ഉമ്മൻ ചാണ്ടിയും പഴ്സനൽ സ്റ്റാഫും കമ്പനിയെ സഹായിച്ചുവെന്നും കമ്മിഷന്റെ കണ്ടെത്തലുണ്ടായിരുന്നു.

സരിതയുടെ കത്തിന്റെ ഉള്ളടക്കത്തിനു കമ്മിഷന്റെ അന്വേഷണ വിഷയങ്ങളുമായി ബന്ധമില്ലെന്നു കോടതി വ്യക്തമാക്കി. ഈ സാഹചര്യത്തിൽ റിപ്പോർട്ടിൽ നാലിടത്തെങ്കിലും കത്തിന്റെ ഉള്ളടക്കം പരാമർശിച്ചതും അതിന്റെ അടിസ്ാനത്തിൽ നിഗമനങ്ങളും ശുപാർശകളും നടത്തിയതും നീക്കേണ്ടതാണ്. അതിന്മേൽ സർക്കാർ നടപടികൾ പാടില്ലെന്നും ഉത്തരവുണ്ട്. 

അന്വേഷണം നിശ്ചലം;  അപ്പീലിനു സാധ്യതയില്ല 

തിരുവനന്തപുരം∙ സോളർ കമ്മിഷൻ റിപ്പോർട്ടിൽ നിന്നു സരിത നായരുടെ കത്തും ബന്ധപ്പെട്ട പരാമർശങ്ങളും ഹൈക്കോടതി നീക്കിയതോടെ ഇക്കാര്യം അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച പ്രത്യേക സംഘത്തിന് അന്വേഷണ വിഷയമില്ലാതായി. തലവനില്ലാതെയും കേസ് റജിസ്റ്റർ ചെയ്യാതെയും മുടന്തിനീങ്ങുന്ന അന്വേഷണം നിശ്ചലവുമായി. 

ഹൈക്കോടതി വിധിക്കെതിരെ ഡിവിഷൻ ബെഞ്ചിൽ അപ്പീലിന് അവസരമുണ്ടെങ്കിലും ഈ കത്തിനു പിന്നാലെ സർക്കാർ ഇനിയും പോകില്ലെന്നാണു നിയമവിദഗ്ധർ നൽകുന്ന സൂചന. 

സത്യത്തിന്റെ വിജയം: ഉമ്മൻ ചാണ്ടി 

തിരുവനന്തപുരം ∙ ഹൈക്കോടതി വിധി സത്യത്തിന്റെ വിജയമാണെന്നു മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി. അഞ്ചുകൊല്ലമായി എന്നെ വേട്ടയാടുകയാണ്. ജനാധിപത്യപരമായ രീതിയിൽ, നിയമത്തിന്റെ മാർഗത്തിലൂടെ യാഥാർഥ്യം ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നാണ് ആഗ്രഹിച്ചത്. ഖജനാവിനു നഷ്ടമുണ്ടായതായോ, എന്തെങ്കിലും തട്ടിപ്പു നടത്തിയതായോ കമ്മിഷൻ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നില്ല. ആകെ ഉണ്ടായിരുന്നത് ഈ കത്താണ്. വിധിയോടെ അതും അപ്രസക്തമായി. നിജസ്ഥിതി എല്ലാവർക്കും ബോധ്യമായി–ഉമ്മൻചാണ്ടി പറഞ്ഞു.