Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സോളർ : എങ്ങനെയും കേസെടുക്കാൻ പൊലീസ് ആസ്ഥാനത്ത് ആലോചന

തിരുവനന്തപുരം∙ സോളർ കേസിൽ ഹൈക്കോടതിയിൽ നിന്നു തിരിച്ചടി നേരിട്ടതിനു പിന്നാലെ കമ്മിഷൻ റിപ്പോർട്ടിലെ സരിതയുടെ കത്തിനു പുറത്തുള്ള വിഷയങ്ങളിൽ ഏതിലെങ്കിലും കേസ് റജിസ്റ്റർ ചെയ്യാൻ സർക്കാർ നീക്കം. ഇതു സംബന്ധിച്ച ചില നിർദേശം മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയിൽ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ മുന്നോട്ടുവച്ചതായാണു സൂചന.

അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം ലഭിക്കുന്നതോടെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിനു മുൻപായി തുടർ നടപടി വേണമെന്നാണ് ഉന്നതതലത്തിലെ ധാരണ. സരിതയുടെ കത്ത് കമ്മിഷൻ റിപ്പോർട്ടിൽ നിന്നു ഹൈക്കോടതി നീക്കിയതോടെ അതിൻമേൽ സർക്കാർ കെട്ടിപ്പൊക്കിയ അന്വേഷണമെല്ലാം ഏതാണ്ട് സ്തംഭിച്ചു. അടിയന്തര തുടർ നടപടി സ്വീകരിച്ചില്ലെങ്കിൽ റിപ്പോർട്ട് തന്നെ ഇല്ലാതായെന്ന ധാരണ പരക്കുമെന്നു മുഖ്യമന്ത്രിയുടെ ഓഫിസ് ബെഹ്റയെ അറിയിച്ചു.

തുടർന്നു കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് റജിസ്റ്റർ ചെയ്യാനും അന്വേഷണം നടത്താനും ആറു മാസം മുൻപു രൂപീകരിച്ച പ്രത്യേക സംഘത്തിലെ ഐജി ദിനേന്ദ്ര കശ്യപുമായി ബെഹ്റ പൊലീസ് ആസ്ഥാനത്തു ദീർഘനേരം ചർച്ച നടത്തി. രണ്ടു കാര്യങ്ങളാണു ചർച്ചയിൽ ഉയർന്നത്. ഒന്നുകിൽ സോളർ പദ്ധതിയുടെ പേരിൽ അഴിമതി നടത്തിയെന്നു കമ്മിഷൻ റിപ്പോർട്ടിൽ പറയുന്നവരുടെ പേരിൽ അഴിമതി നിരോധന നിയമ പ്രകാരവും വഞ്ചനാ കുറ്റം ചുമത്തി ക്രിമിനൽ നടപടി പ്രകാരവും ഉടൻ കേസ് റജിസ്റ്റർ ചെയ്യുക. അതിൽ മുൻ മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും പെടും. സോളർ കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ചതിനു ശേഷം സരിത മുഖ്യമന്ത്രി പിണറായി വിജയനു നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ കേസെടുക്കുക എന്നതാണു രണ്ടാമത്തെ ആലോചന.

ഈ കത്തു നേരത്തെ തന്നെ പ്രത്യേക സംഘത്തിനു കൈമാറുകയും അതു വച്ചു സരിതയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ വിശ്വാസയോഗ്യമല്ലാത്ത പരാതിയുടെയോ മൊഴിയുടെയോ അടിസ്ഥാനത്തിൽ കേസ് എടുക്കാൻ കഴിയില്ലെന്ന നിലപാടാണു പ്രത്യേക സംഘത്തലവനായിരുന്ന ഡിജിപി രാജേഷ് ദിവാൻ വിരമിക്കുന്നതു വരെ സ്വീകരിച്ചത്. മൂന്നു കത്തുകളിലൂടെ ബെഹ്റയെ ഇക്കാര്യം അദ്ദേഹം അറിയിക്കുകയും ചെയ്തിരുന്നു. തുടക്കം മുതൽ ഐജി ദിനേന്ദ്ര കശ്യപും ഈ നിലപാടിലായിരുന്നു. കേസില്ലാതെ പ്രത്യേക സംഘത്തിന് അന്വേഷണം മുന്നോട്ടു കൊണ്ടുപോകുന്നതിൽ പരിമിതി ഉണ്ടെന്നും അദ്ദേഹം ധരിപ്പിച്ചു.

വൈകിട്ടു മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ കേസ് എടുക്കാനുള്ള സാധ്യതകൾ ബെഹ്റ അറിയിച്ചതായാണു സൂചന. അതിനു നിയമപരമായ പിൻബലത്തിനാണ് അഡ്വക്കറ്റ് ജനറലിന്റെ ഉപദേശം തേടുന്നത്. സിംഗിൾ ബഞ്ച് വിധിക്കെതിരെ അപ്പീൽ നൽകണമോയെന്ന കാര്യവും എജിയുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാകും തീരുമാനിക്കുക. അപ്പീൽ നൽകരുതെന്നാണു ചില നിയമവിദഗ്ധർ പൊലീസ് ഉന്നതർക്കു വാക്കാൽ നൽകിയ ഉപദേശം. പ്രത്യേക സംഘത്തെ പുനഃസംഘടിപ്പിക്കുന്നതും അന്വേഷണ വിഷയങ്ങൾ പുതുക്കി ഉത്തരവിറക്കുന്നതും സർക്കാർ പരിഗണനയിലുണ്ട്. രാജേഷ് ദിവാനു പകരക്കാരനെ വയ്ക്കുന്നതിനൊപ്പം കേസെടുക്കാൻ വിസമ്മതിക്കുന്ന ഉദ്യോഗസ്ഥരെ സംഘത്തിൽ നിന്ന് ഒഴിവാക്കാനും ആലോചനയുണ്ട്.

സോളർ കമ്മിഷൻ: സർക്കാർ എജിയുടെ നിയമോപദേശം തേടി

തിരുവനന്തപുരം∙ സോളർ കമ്മിഷൻ റിപ്പോർട്ടിൽ നിന്നു സരിത എസ്.നായരുടെ കത്തും ഇതേക്കുറിച്ചുള്ള പരാമർശവും ശുപാർശകളും നീക്കി ഹൈക്കോടതി വിധി വന്ന സാഹചര്യത്തിൽ സർക്കാർ അഡ്വക്കറ്റ്് ജനറലിന്റെ(എജി) നിയമോപദേശം തേടി. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ എന്തു തുടർനടപടി സ്വീകരിക്കണമെന്ന് അടുത്ത മന്ത്രിസഭായോഗം ചർച്ച ചെയ്യും. കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ പത്രക്കുറിപ്പ് ഇറക്കിയത് ഉൾപ്പെടെയുള്ള തുടർ നടപടികൾ പുനഃപരിശോധിക്കണമെന്നാണ് ഹൈക്കോടതി വിധി. ഇത് എങ്ങനെ നടപ്പാക്കണമെന്നു നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനിക്കും.

വിധിയെക്കുറിച്ചു കൂടുതൽ വ്യക്തത ഉണ്ടാകേണ്ടതിനാൽ ഇന്നലത്തെ മന്ത്രിസഭാ യോഗം ഇക്കാര്യം ചർച്ച ചെയ്തില്ല. ഈ കേസിൽ ഇതുവരെ തീരുമാനം എടുത്തതു മന്ത്രിസഭ ആയതിനാൽ ഇനിയുള്ള കാര്യങ്ങളും മന്ത്രിസഭ തന്നെ തീരുമാനിക്കണം. സോളർ തട്ടിപ്പിന്് ആവശ്യമായ സഹായം ഉമ്മൻ ചാണ്ടി നൽകിയെന്നായിരുന്നു ആരോപണം. അദ്ദേഹത്തിനെതിരെ സാഹചര്യത്തെളിവുകൾ മാത്രമാണുള്ളതെന്നു സർക്കാർ വൃത്തങ്ങൾ പറയുന്നു. എന്നാൽ, മുൻമന്ത്രി ആര്യാടൻ മുഹമ്മദിനെതിരെ തെളിവുണ്ടെന്നാണു സർക്കാർ വാദം. ഉമ്മൻ ചാണ്ടിയെ രക്ഷിക്കാൻ മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്്ണൻ പൊലീസ് ഉദ്യോഗസ്ഥർ മുഖേന ശ്രമിച്ചെന്ന കമ്മിഷൻ റിപ്പോർട്ടിലെ പരാമർശവും നീക്കിയിട്ടില്ല.