Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സോളർ: തിരിച്ചടികൾ പ്രശ്നമില്ലെങ്കിൽ നടപടിയെടുക്കാമെന്ന് ഉമ്മൻചാണ്ടി

Oommen Chandy

തിരുവനന്തപുരം∙ ജുഡീഷ്യറിയിൽ നിന്നുള്ള തിരിച്ചടികൾ പ്രശ്നമല്ലെങ്കിൽ സോളർ റിപ്പോർട്ടിന്മേൽ സർക്കാരിന് ഇനിയും നടപടിയെടുക്കാമെന്നു മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി. പരിഭവമോ ആശങ്കയോ ഇല്ല. 1072 പേജുള്ള റിപ്പോർട്ടിലെ 849 പേജും ഒരു കത്ത് മാത്രം അടിസ്ഥാനമാക്കിയാണ്. ആ കത്താണു കോടതി നീക്കിയത്. ഈ പേജുകളിലെല്ലാമുള്ള ശുപാർശകളും വിധിയോടെ അപ്രസക്തമായി.

അഞ്ചുവർഷവും വേട്ടയാടിയപ്പോൾ രാഷ്ട്രീയമായി നേരിടാൻ ശ്രമിച്ചിട്ടില്ല. നിയമപരമായി നേരിടുമെന്നാണ് അന്നും ഇന്നും പറയുന്നത്. ആരോപണങ്ങൾ ഉന്നയിച്ചവർക്കെതിരെ പ്രയോഗിക്കാൻ പറ്റിയ അവസരങ്ങൾ പോലും ഉപയോഗിച്ചിട്ടില്ല. കമ്മിഷൻ റിപ്പോർട്ട് ശരിയായി പരിശോധിക്കാതെ തിടുക്കത്തിൽ എടുത്തുചാടിയതിന്റെ നാണക്കേട് എന്നും പിണറായി സർക്കാരിനു മേലുണ്ടാകും. മുഖ്യമന്ത്രിക്കു സരിത നേരിട്ടു നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ ഇനിയും നടപടി പ്രതീക്ഷിക്കുന്നുണ്ടോയെന്ന ചോദ്യത്തിന്, സർക്കാരിനു വിപുലമായ അധികാരങ്ങളുണ്ടെന്നായിരുന്നു ഉമ്മൻചാണ്ടിയുടെ മറുപടി. എന്നാൽ, സർക്കാരിനു പുറത്തു നിയമസംവിധാനങ്ങളുണ്ട്. വസ്തുത നോക്കാതെ കിട്ടിയതെല്ലാം ഉപയോഗിച്ച സിപിഎമ്മിന്റെ വിശ്വാസ്യത നഷ്ടമായി. തന്റെ സർക്കാരിനെ അട്ടിമറിക്കാൻ സിപിഎം 10 കോടി വാഗ്ദാനം ചെയ്തുവെന്ന സരിതയുടെ വെളിപ്പെടുത്തൽ തങ്ങൾ രാഷ്ട്രീയമായി ഉപയോഗിച്ചില്ല. കാരണം, അതു വിശ്വസനീയമായി തോന്നിയില്ല. എന്നാൽ, സിപിഎമ്മിന് അതു നിഷേധിക്കാനാകാത്ത സാഹചര്യമുണ്ടായി.

∙ ആരോപണങ്ങളിൽ കഴമ്പുണ്ടെന്നു തെളിയിക്കാൻ കമ്മിഷൻ ആശ്രയിച്ചതു കത്ത് മാത്രമാണ്. കത്തൊഴിവാക്കിയെന്നു മാത്രമേയുള്ളൂവെന്നു പറയുമ്പോൾ പിന്നെ എന്താണ് അതിലുള്ളതെന്നു കൂടി പറയണം. 

∙ സോളർ തട്ടിപ്പിന് ഉമ്മൻചാണ്ടി സഹായിച്ചെന്നും മറ്റുമുള്ള നിഗമനങ്ങൾ നിലനിൽക്കുമെന്നാണു വാദം. മറ്റൊരു സഹായവും ചെയ്തതായി കമ്മിഷൻ കണ്ടെത്തിയിട്ടില്ല. റിപ്പോർട്ടിലെ 849 പേജുകളും മൂന്നു വാല്യങ്ങളും സോളർ ഇടപാടിലെ സാമ്പത്തിക ക്രമക്കേടിനെക്കുറിച്ചാണ്. എല്ലാ കണ്ടെത്തലുകളും കത്തിനെ ആസ്പദമാക്കിയാണ്. 

∙ കേസുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി നടത്തിയ വാർത്താസമ്മേളനം, പത്രക്കുറിപ്പ്, നിയമസഭയിലെ പ്രസ്താവനയും തുടർന്നുള്ള പത്രക്കുറിപ്പും എന്നിവയെല്ലാം കത്ത് അടിസ്ഥാനമാക്കിയാണ്. പത്രക്കുറിപ്പു തന്നെ തിരുത്തണമെന്നാണു കോടതി ഇപ്പോൾ നിർദേശിച്ചിരിക്കുന്നത്.

∙ തനിക്കെതിരായുള്ള ആരോപണം അടിസ്ഥാനരഹിതമെങ്കിൽ പിന്നെ തിരുവഞ്ചൂർ രാധാകൃഷ്ണൻ തന്നെ കേസിൽ നിന്നു രക്ഷപ്പെടുത്താൻ ശ്രമിച്ചുവെന്നു പറയുന്നതിനു പ്രസക്തിയില്ല–ഉമ്മൻചാണ്ടി ചൂണ്ടിക്കാട്ടി.

‘ലാവ്‍ലിനിൽ വാശി കാണിച്ചിട്ടില്ല’

താൻ മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയനെതിരായുള്ള ലാവ്‍ലിൻ കേസ് സിബിഐക്കു വിട്ടത് എന്തെങ്കിലും വാശിയുടെ ഭാഗമായിട്ടല്ലെന്ന് ഉമ്മൻചാണ്ടി. അതിന്റെ പ്രതികാര നടപടിയല്ലേ ഇപ്പോൾ സോളറിൽ നേരിടുന്നതെന്ന ചോദ്യത്തോടു പ്രതികരിക്കാനില്ല. പിണറായിയെ കുറ്റവിമുക്തനാക്കി വിജിലൻസ് റിപ്പോർട്ട് വന്നപ്പോൾ അഴിമതി ഒളിപ്പിക്കാൻ ഭരണ, പ്രതിപക്ഷങ്ങൾ കൈകോർക്കുകയാണെന്ന പ്രചാരണമുണ്ടായി. അതുകൂടി കണക്കിലെടുത്താണു കേസ് സിബിഐക്കു വിട്ടത്. എന്നാൽ, സർക്കാരിന്റെ ശുപാർശ കേന്ദ്രത്തിലെ യുപിഎ സർക്കാർ തള്ളി. സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലന്നാണു കേന്ദ്രം അഭിപ്രായപ്പെട്ടത്. പിന്നീടു പൊതുതാൽപര്യ ഹർജി വന്നപ്പോൾ, കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം സിബിഐ ഏറ്റെടുത്തതെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

related stories