Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബയോമെട്രിക് പഞ്ചിങ് വിദ്യാഭ്യാസ, തദ്ദേശഭരണ സ്ഥാപനങ്ങളിലും

punching

തിരുവനന്തപുരം∙ വിദ്യാഭ്യാസ, തദ്ദേശഭരണ സ്ഥാപനങ്ങൾ ഉൾപ്പെടെ എല്ലാ സർക്കാർ ഓഫിസുകളിലും ഒക്ടോബർ ഒന്നിനകം ബയോമെട്രിക് പഞ്ചിങ് സംവിധാനം ഏർപ്പെടുത്തണമെന്നു സർക്കാർ ഉത്തരവിറക്കി. മെഷീനെ ശമ്പള വിതരണ സോഫ്റ്റ്‍വെയറായ സ്പാർക്കുമായി ബന്ധപ്പെടുത്തും. വിരൽ പതിപ്പിച്ചു പഞ്ച് ചെയ്യാനുള്ള മെഷീൻ സ്ഥാപിക്കണമെന്നു വകുപ്പു സെക്രട്ടറിമാരോടു പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ നിർദേശിച്ചു. ഭാവിയിൽ ആധാറുമായി ബന്ധപ്പെടുത്താൻ ശേഷിയുള്ള മെഷീനാണു വാങ്ങേണ്ടത്.

സ്ഥിരം ജീവനക്കാരെല്ലാം ബയോമെട്രിക് പഞ്ചിങ് സംവിധാനത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നു വകുപ്പു തലവന്മാർ ഉറപ്പുവരുത്തണം. ശമ്പളം സ്പാർക്കുമായി ബന്ധപ്പെടുത്തിയിട്ടുള്ള സർക്കാർ, അർധസർക്കാർ, തദ്ദേശഭരണ സ്ഥാപനങ്ങളിലും ഗ്രാന്റ് ഇൻ എയ്ഡ് സ്ഥാപനങ്ങളിലുമാണ് ഒക്ടോബർ ഒന്നിനകം ബയോമെട്രിക് പഞ്ചിങ് മെഷീൻ സ്ഥാപിക്കേണ്ടത്. എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇതിൽ ഉൾപ്പെടും.

അതോറിറ്റികൾ, സ്വയംഭരണ സ്ഥാപനങ്ങൾ, കമ്മിഷനുകൾ എന്നിവിടങ്ങളിൽ ഡിസംബർ 31ന് അകം മെഷീൻ സ്ഥാപിക്കും. സ്പാർക്കുമായി പഞ്ചിങ്ങിനെ ബന്ധപ്പെടുത്താവുന്ന തരത്തിലുള്ള ഹാർഡ്‌വെയറും സോഫ്റ്റ്‍വെയറും ഉപയോഗിക്കണം. ഹാർഡ്‌വെയർ കെൽട്രോണും സോഫ്‍റ്റ്‍വെയർ സ്പാർക്ക് മാനേജ്മെന്റുമാണു ലഭ്യമാക്കുന്നത്.