Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു വികസന പദ്ധതിക്കെങ്കിലും ഈ സർക്കാർ കല്ലിട്ടോ: ചെന്നിത്തല

betryal-day-program-by-udf എൽഡിഎഫ് സർക്കാരിന്റെ രണ്ടാംവാർഷികം വഞ്ചനാദിനമായി യുഡിഎഫ് ആചരിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കാൻ തിരുവനന്തപുരത്തു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എത്തിയപ്പോൾ. വി.എസ്.ശിവകുമാർ എംഎൽഎ, എം.എം.ഹസ്സൻ, പി.കെ.കുഞ്ഞാലിക്കുട്ടി, ജോണി നെല്ലൂർ, നെയ്യാറ്റിൻകര സനൽ എന്നിവർ സമീപം.

തിരുവനന്തപുരം∙ അഴിമതിയും ധൂർത്തുമാണു പിണറായി സർക്കാരിന്റെ മുഖമുദ്രയെന്നും ഒരു വികസന പദ്ധതിക്കു പോലും കല്ലിടാൻ ഈ സർക്കാരിനു കഴിഞ്ഞിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാരിന്റെ രണ്ടാം വാർഷികത്തിൽ യുഡിഎഫ് സംഘടിപ്പിച്ച വഞ്ചനാദിനാചരണം ഉദ്ഘാടനം ചെയ്യകയായിരുന്നു അദ്ദേഹം.

പിണറായി വിജയൻ ജനങ്ങളുടെ മുഖ്യമന്ത്രിയല്ല, മാർക്സിസ്റ്റ് പാർട്ടിയുടെ മാത്രം മുഖ്യമന്ത്രിയാണ്. കൊല്ലപ്പെടുന്ന സിപിഎം പ്രവർത്തകരുടെ വീട്ടിൽ മാത്രം പോകുന്ന ഒരു മുഖ്യമന്ത്രിയെ കേരളം ആദ്യമായാണു കാണുന്നത് – ചെന്നിത്തല പറഞ്ഞു. സർക്കാരിനെതിരായുള്ള കുറ്റപത്രം യോഗത്തിൽ വായിച്ചു. ഇടതുസർക്കാരിന്റെ രണ്ടുവർഷത്തെ വീഴ്ചകൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് തയാറാക്കിയ ‘എല്ലാം തകർത്തെറിഞ്ഞു രണ്ടുവർഷം’ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങും തലസ്ഥാനത്ത് നടന്നു. പുസ്തകം മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മുസ്‍ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എംപിക്ക് നൽകി പ്രകാശനം ചെയ്തു.

24 മാസം കൊണ്ട് 25 രാഷ്ട്രീയ കൊലപാതകങ്ങളാണുണ്ടായതെന്ന് ചടങ്ങിൽ രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. എല്ലാം ശരിയാക്കാൻ വന്നവർ എല്ലാം തകർക്കുകയാണെന്നു യുഡിഎഫിന്റെ വെബ്സൈറ്റ് (www.udfkerala.org) ഉദ്ഘാടനം ചെയ്ത കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ പറഞ്ഞു. ചടങ്ങുകളിൽ യുഡിഎഫ് കൺവീനർ പി.പി.തങ്കച്ചൻ, കക്ഷിനേതാക്കളായ എ.എ.അസീസ്, ജോണി നെല്ലൂർ, സി.പി.ജോൺ, ഷിബു ബേബി ജോൺ, എംഎൽഎമാരായ കെ.മുരളീധരൻ, വി.എസ്.ശിവകുമാർ, ഫോർവേഡ് ബ്ലോക്ക് സംസ്ഥാന പ്രസിഡന്റ് റാം മോഹൻ, ശൂരനാട് രാജശേഖരൻ, നെയ്യാറ്റിൻകര സനൽ, ബീമാപള്ളി റഷീദ്, തോന്നയ്ക്കൽ ജമാൽ, എം.പി.സാജു, സോളമൻ അലക്സ് തുടങ്ങിയവർ പ്രസംഗിച്ചു.