Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ മലയാളത്തിലെ പുതിയ സംവിധായകർക്കായി പ്രത്യേക വിഭാഗം

iffk

തിരുവനന്തപുരം∙ കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ മലയാളത്തിലെ പുതിയ സംവിധായകർക്കായി പ്രത്യേക വിഭാഗം വരുന്നു.

‘മലയാള സിനിമ ഇന്ന്’ എന്ന വിഭാഗത്തെ രണ്ടായി വിഭജിച്ചു നവാഗതർക്കും അല്ലാത്തവർക്കുമായി രണ്ടു വിഭാഗം എന്നു മാറ്റണമെന്നു മേളയുടെ നിയമാവലി പരിഷ്കരിക്കുന്നതിനു നിയോഗിച്ച സമിതിയിൽ ധാരണയായി. ഇതോടെ, മേളയിൽ പ്രദർശിപ്പിക്കുന്ന മലയാള സിനിമകളുടെ എണ്ണം വർധിക്കും. ഇതിന് ഇനി ചലച്ചിത്ര അക്കാദമി എക്സ്ക്യൂട്ടീവിന്റെ അംഗീകാരം കൂടി നേടണം.

കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ നിയമാവലി പരിഷ്കരിക്കുന്നിന് അക്കാദമി ചെയർമാനും വൈസ് ചെയർപഴ്സനും സെക്രട്ടറിയും ചലച്ചിത്ര മേഖലയിലെ പ്രമുഖരും അടങ്ങുന്ന സമിതിയെ സർക്കാർ നിയോഗിച്ചിരുന്നു. ഇവരുടെ സമിതി രണ്ടുതവണ യോഗം ചേർന്നു ചർച്ച ചെയ്താണ് ഇക്കാര്യത്തിൽ ധാരണയിലെത്തിയത്.

മലയാളത്തിൽ ആദ്യ ചിത്രമോ, രണ്ടാമത്തെയോ മൂന്നാമത്തെയോ ചിത്രമോ എടുത്തവരുടെ സിനിമകൾക്കു മാത്രമായാണ് ഒരു വിഭാഗം. സീനിയർ സംവിധായകരുടെ ചിത്രങ്ങൾ മറ്റൊരു വിഭാഗത്തിൽ പ്രദർശിപ്പിക്കും. രണ്ടു വിഭാഗത്തിൽ നിന്നും ഓരോ സിനിമ വീതം മത്സര വിഭാഗത്തിൽ ഉൾപ്പെടുത്തും. ഫിപ്രസി, നെറ്റ്പാക് അവാർഡുകൾ നവാഗത സംവിധായകർക്കു മാത്രമായി പരിമിതപ്പെടുത്തും.

രാജ്യാന്തര തലത്തിൽ അക്രഡിറ്റേഷനുള്ള ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച മികച്ച ഇന്ത്യൻ സിനിമകൾക്കു മാത്രമായി പ്രത്യേക വിഭാഗം ഉണ്ടാകും. ഇപ്പോൾ ‘ഇന്ത്യൻ സിനിമ ഇന്ന്’ എന്ന വിഭാഗമുണ്ടെങ്കിലും ഇത്തരമൊരു നിബന്ധന വച്ചിട്ടില്ല.