Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സർക്കാരിന്റെ മതനിരപേക്ഷ നിലപാട് വിട്ടുവീഴ്ചയില്ലാത്തത്: മുഖ്യമന്ത്രി

Pinarai-with-Bishops കൊച്ചിയിൽ വിവിധ ക്രൈസ്തവ സഭകളുടെ മേലധികാരികൾക്കും സംഘടനാ ഭാരവാഹികൾക്കുമൊപ്പം മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രി കെ.ടി. ജലീൽ സമീപം.

കൊച്ചി∙ മതനിരപേക്ഷ നിലപാട് ഉയർത്തിപ്പിടിക്കുന്നതിലും ന്യൂനപക്ഷാവകാശങ്ങൾ സംരക്ഷിക്കുന്നതിലും സർക്കാരിന്റെ നിലപാട് സുവ്യക്തവും വിട്ടുവീഴ്ചയില്ലാത്തതുമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫ് സർക്കാർ രണ്ടു വർഷം പൂർത്തിയാക്കിയ സാഹചര്യത്തിൽ വിവിധ ക്രൈസ്തവ സഭകളുടെ മേലധികാരികളും സംഘടനാ ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു മുഖ്യമന്ത്രി.

വിദ്യാർഥി പ്രവേശനത്തിനും അധ്യാപക നിയമനത്തിനും ഒരു പൈസ പോലും വാങ്ങാത്ത പാരമ്പര്യമാണ് മുൻകാലങ്ങളിൽ ന്യൂനപക്ഷ എയ്ഡഡ് മാനേജ്‌മെന്റുകൾക്കുണ്ടായിരുന്നത്. എന്നാൽ സ്വാശ്രയ രീതി വന്നതോടെ ഈ സേവന കാഴ്ചപ്പാടിൽ മാറ്റമുണ്ടായിട്ടുണ്ട്.

എയ്ഡഡ് സ്ഥാപനങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുകയല്ലാതെ മറ്റൊരു കൈകടത്തലും സർക്കാർ ഉദ്ദേശിക്കുന്നില്ല. എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളുകളിൽ തസ്തികകൾ അനുവദിക്കും. സർക്കാരിന്റെ സാമ്പത്തിക സ്ഥിതിയാണു താമസമുണ്ടാക്കിയത്.

ബോധവൽക്കരണത്തിലൂടെ മാത്രമേ മദ്യപാനം കുറയ്ക്കാൻ കഴിയൂ. ടൂറിസം രംഗത്ത് ശ്രീലങ്കയുമായി മത്സരിക്കേണ്ട സാഹചര്യമുള്ളതിനാൽ യാഥാർഥ്യബോധമില്ലാത്ത തീരുമാനങ്ങൾ കൈക്കൊള്ളാനാകില്ല. പെന്തക്കോസ്ത് വിഭാഗത്തിന് മതം വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റ് കിട്ടാനുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി കെ.ടി. ജലീൽ അധ്യക്ഷനായിരുന്നു. വിവിധ സഭകളെ പ്രതിനിധീകരിച്ചു മാർ മാത്യു അറയ്ക്കൽ, ബിഷപ് ജോജു മാത്യൂസ്, സിറിൽ മാർ ബസേലിയോസ്, ആർച്ച് ബിഷപ് മാർ അപ്രേം, ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, ജോസഫ് മാർ ബർണബാസ് എന്നിവർ പ്രസംഗിച്ചു. ബിഷപ് പദവിയിൽ 50 വർഷം തികച്ച കൽദായ സഭാധ്യക്ഷൻ ആർ‍ച്ച് ബിഷപ് മാർ അപ്രേമിനെ മുഖ്യമന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു.

related stories