Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കത്തിക്കയറി ഇന്ധനവില; അഞ്ചു രൂപയോളം ഉടൻ കൂടുമെന്നു സൂചന

petrol_4

കൊച്ചി∙ കർണാടക തിരഞ്ഞെടുപ്പിനു ശേഷം തുടർച്ചയായ ഒൻപതാം ദിവസവും ഇന്ധനവിലയിൽ വർധന. ഇന്നലെ പെട്രോളിന് 34 പൈസയും ഡീസലിന് 27 പൈസയും കൂടി. തിരുവനന്തപുരത്ത് 80.57 രൂപയാണ് ഇന്നത്തെ പെട്രോൾ വില. ഡീസലിന് 73.50 രൂപ. സംസ്ഥാനത്ത് ഇതുവരെയുള്ള ഏറ്റവും ഉയർന്ന വിലയാണിത്.

തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു മൂന്നാഴ്ച വില വർധന മരവിപ്പിച്ചതിനാൽ അഞ്ചുരൂപയുടെ വരെ വർധന ഉടൻതന്നെ ഉണ്ടാകുമെന്നാണു സൂചന. ഒരാഴ്ചയിൽ രണ്ടു രൂപയോളമാണു വില ഉയർന്നത്. രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണ വില ഉയരുന്നതാണ് എണ്ണക്കമ്പനികൾ പെട്രോൾ, ഡീസൽ വില കൂട്ടുന്നതിന്റെ കാരണം. ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ചയും എണ്ണവില ഉയരാൻ കാരണമാകുന്നുണ്ട്.

കഴിഞ്ഞ ദിവസം രൂപയുടെ മൂല്യം ഡോളറിനെതിരെ 68 ലേക്ക് ഇടിഞ്ഞിരുന്നു. അസംസ്കൃത എണ്ണവില ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ എക്സൈസ് നികുതി കുറയ്ക്കാൻ തയാറായാൽ മാത്രമേ ഇന്ധനവില കുറയൂ. ഇതിനിടെ ഈ മാസം അവസാനത്തോടെ ലീറ്ററിന് രണ്ടുരൂപവരെ നികുതി കുറയ്ക്കാൻ ധനമന്ത്രാലയം ആലോചിക്കുന്നതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ഇന്നത്തെ ഇന്ധന വില

തിരുവനന്തപുരം – പെട്രോൾ – 80.57, ഡീസൽ – 73.50
കൊച്ചി – പെട്രോൾ 79.48, ഡീസൽ – 72.47
കോഴിക്കോട് – പെട്രോൾ – 80.27, ഡീസൽ – 73.22