Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൈ നീട്ടി യുഡിഎഫ് സംഘം; കൈവിടാതെ കെ.എം. മാണി

udf-visits-km-mani

പാലാ∙ കൈ നീട്ടിയെത്തിയ യുഡിഎഫ് സംഘത്തിൽ രമേശ് ചെന്നിത്തലയ്ക്കു മാത്രം കെ.എം.മാണി കൈകൊടുത്തില്ലേ ? ഇന്നലെ പാലായിൽ രാഷ്ട്രീയ ചർച്ച മുറുകുമ്പോൾ ചർച്ചാ വിഷയം ഇതായിരുന്നു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ഔദ്യോഗിക വാഹനത്തിലാണ് ഉമ്മൻ ചാണ്ടിയും പി.കെ.കുഞ്ഞാലിക്കുട്ടിയും എം.എം.ഹസനും കെ.എം.മാണിയുടെ വസതിയിൽ എത്തിയത്.

മുൻ സീറ്റിൽ പി.കെ.കുഞ്ഞാലിക്കുട്ടിയായിരുന്നു. യുഡിഎഫ് നേതാക്കളെ കെ.എം.മാണിയും ജോസ് കെ.മാണിയും നേരിട്ടെത്തി സ്വീകരിച്ചു. ഉമ്മൻ ചാണ്ടിക്കാണ് കെ.എം.മാണി ആദ്യം കൈകൊടുത്തത്. തുടർന്നു കുഞ്ഞാലിക്കുട്ടിക്കും എം.എം.ഹസനും ഹസ്തദാനം. രമേശ് ചെന്നിത്തലയ്ക്കു ഹസ്തദാനം ചെയ്യാതിരുന്നതു ചാനലുകളിൽ പെട്ടെന്നു വാർത്തയായി.

രാഷ്ട്രീയമായി രമേശിനോടു മാണിയുടെ നീരസം കൊണ്ടാണെന്ന വ്യാഖ്യാനങ്ങൾ വന്നതോടെ നേതാക്കന്മാർ അതു നിഷേധിച്ചു. യോഗം തുടങ്ങുന്നതിനുമുമ്പും അവസാനിച്ചശേഷവും രമേശിനു ഹസ്തദാനം നൽകിയാണു പിരിഞ്ഞതെന്നു നേതാക്കൾ വിശദീകരിച്ചു. പി.കെ.കുഞ്ഞാലിക്കുട്ടി തന്നെയാണു ചർച്ചകൾക്കു നേതൃത്വം നൽകിയത്.

കെ.എം.മാണിക്കും കേരള കോൺഗ്രസിനും യുഡിഎഫിൽനിന്നു മുൻപു വിഷമതകൾ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിൽ അവ മറക്കണമെന്ന അഭ്യർഥനകളും ചർച്ചയിലുണ്ടായി. പാർട്ടി വൈസ് ചെയർമാൻ പി.ജെ.ജോസഫിനെ യോഗത്തിനിടെ കെ.എം.മാണി ഫോണിൽ വിളിച്ചു വിവരങ്ങൾ ധരിപ്പിച്ചു. മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ മാണി വിളിച്ചതു കുഞ്ഞാലിക്കുട്ടിയുടെ ഫോണിലാണ്.