Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെങ്ങന്നൂർ വഴി മാണി യുഡിഎഫിലേക്ക്

KM-Mani

കോട്ടയം∙ ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി ഡി.വിജയകുമാറിനെ പിന്തുണയ്ക്കാനുള്ള തീരുമാനത്തോടെ കേരള കോൺഗ്രസ് (എം) വീണ്ടും യുഡിഎഫിലേക്ക്. മുന്നണിപ്രവേശം സംബന്ധിച്ചു പ്രഖ്യാപനമായില്ലെങ്കിലും, മലപ്പുറം ലോക്സഭ, വേങ്ങര നിയമസഭാ ഉപതിരഞ്ഞെടുപ്പു മാതൃകയിൽ ചെങ്ങന്നൂരിലും പിന്തുണ നൽകാനാണു തീരുമാനം. യുഡിഎഫ് കൺവൻഷനിൽ കേരള കോൺഗ്രസ് നേതാക്കൾ പങ്കെടുക്കില്ല. പകരം, യുഡിഎഫ് സ്ഥാനാർഥിയെ പങ്കെടുപ്പിച്ചു പ്രത്യേക സമ്മേളനങ്ങൾ നടത്തും. 

മലപ്പുറത്തും വേങ്ങരയിലും യുഡിഎഫിനല്ല, മുസ്‌ലിം ലീഗിനാണു പിന്തുണയെന്നു കേരള കോൺഗ്രസ് നിലപാടെടുത്തിരുന്നു. കോൺഗ്രസുമായാണ് അഭിപ്രായവ്യത്യാസം എന്നിരിക്കെ, കോൺഗ്രസ് സ്ഥാനാർഥിയെ പിന്തുണയ്ക്കാനുള്ള തീരുമാനത്തോടെ ഇടതുപക്ഷവും ബിജെപിയും തുറന്നിട്ട വാതിലുകൾ അടച്ച്, യുഡിഎഫിലേക്കു തന്നെയെന്ന ശക്തമായ സൂചനയാണ് ചെങ്ങന്നൂരിലെ നിലപാട് നൽകുന്നത്. കെ.എം.മാണിയുടെ വസതിയിൽ ചേർന്ന ഉപസമിതി യോഗമാണു തീരുമാനമെടുത്തത്. യുഡിഎഫിലേക്കു മടങ്ങുന്നതു സംബന്ധിച്ചുള്ള ചർച്ച പിന്നീടു മതിയെന്നാണു യോഗതീരുമാനം. 

ഉമ്മൻ ചാണ്ടി, എം.എം.ഹസൻ, രമേശ് ചെന്നിത്തല, പി.കെ.കു​ഞ്ഞാലിക്കുട്ടി എന്നിവർ നേരിട്ടെത്തി നടത്തിയ അഭ്യർഥനയും ദേശീയതലത്തിൽ മതനിരപേക്ഷസഖ്യം രൂപീകരിക്കേണ്ട സാഹചര്യവും കണക്കിലെടുത്താണു പിന്തുണയെന്നു യോഗശേഷം കെ. എം.മാണി പറഞ്ഞു. ഉപാധികളില്ലാതെയാണു പിന്തുണ. ‘യുഡിഎഫുമായുള്ള ശത്രുത തീർന്നോ’ എന്ന ചോദ്യത്തിന് ശത്രുക്കളോടു പോലും ക്ഷമിക്കുന്നതാണു തന്റെ രീതിയെന്നു മാണി പറഞ്ഞു. ശത്രുക്കളെന്നു പറഞ്ഞതു യുഡിഎഫിലെ ആരെയും ഉദ്ദേശിച്ചല്ലെന്നും വിശദീകരിച്ചു. 

മനഃസാക്ഷി വോട്ടിലേക്കു നീങ്ങുമെന്ന അഭ്യൂഹത്തിനിടെ, ജോസ് കെ.മാണിയും മുസ്‌ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയും പലവട്ടം നടത്തിയ ചർച്ചകൾക്കൊടുവിലാണു യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന വ്യക്തമായ രാഷ്്ട്രീയദിശയിലുള്ള പ്രഖ്യാപനം. കർണാടക തിരഞ്ഞെടുപ്പിൽനിന്നു പാഠം ഉൾക്കൊണ്ട് ദേശീയതലത്തിൽ പ്രാദേശിക സഖ്യങ്ങളുടെ സാധ്യത പരിഗണിക്കുമെന്ന് ഉപസമിതി യോഗത്തിൽ ജോസ് കെ.മാണി പറഞ്ഞതോടെ തീരുമാനം സുഗമമായി. വർക്കിങ് ചെയർമാൻ പി.ജെ.ജോസഫ്‌, സി.എഫ്‌.തോമസ്‌, ജോയി ഏബ്രഹാം, മോൻസ്‌ ജോസഫ്‌, റോഷി അഗസ്റ്റിൻ, ഡോ.എൻ.ജയരാജ്‌, തോമസ്‌ ജോസഫ്‌, പി.ടി.ജോസ്‌ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

മാണി നാളെ ചെങ്ങന്നൂരിൽ

ചെങ്ങന്നൂരിൽ നാളെ കേരള കോൺഗ്രസ് പൊതുസമ്മേളനത്തിൽ ചെയർമാൻ കെ.എം.മാണി പാർട്ടി നിലപാടു പ്രഖ്യാപിക്കും. യുഡിഎഫിനെ പിന്തുണയ്ക്കാനുള്ള തീരുമാനം ഇന്നലെ വൈകിട്ട് ജോസ് കെ.മാണി എംപി തന്നെ ആലപ്പുഴ ജില്ലയിലെയും ചെങ്ങന്നൂർ നിയോജക മണ്ഡലത്തിലെയും നേതൃയോഗത്തിൽ അറിയിച്ചു. കേരള കോൺഗ്രസിന്റെ വോട്ട് വേണ്ടെന്നു പറഞ്ഞവർക്കുള്ള മറുപടി ഉപതിര‍ഞ്ഞെടുപ്പിൽ നൽകുമെന്നു ജോസ് കെ.മാണി പറഞ്ഞു.