Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒഴിഞ്ഞുകിടക്കുന്നത് എഴുനൂറോളം സ്റ്റാഫ് നഴ്സ് തസ്തികകൾ; കരാർ നിയമനക്കാർക്കു ലഭിക്കുന്നത് തുച്ഛമായ ശമ്പളം

കൊല്ലം∙ നിപ്പ വൈറസ് ബാധിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സ് ലിനിയുടെ മരണം നാടിന്റെ വേദനയാകുമ്പോൾ സംസ്ഥാനത്ത് ആരോഗ്യവകുപ്പിലും മെഡിക്കൽ കോളജുകളിലുമായി എഴുനൂറിൽപരം സ്റ്റാഫ് നഴ്സ് തസ്തിക നിയമനം കാത്ത് കിടക്കുന്നു. ഈ ഒഴിവുകളിൽ ഒട്ടേറെ നഴ്സുമാർ ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യത്തിനു (എൻആർഎച്ച്എം) കീഴിൽ ദിവസവേതനത്തിനു കരാർ ജോലി ചെയ്യുകയാണ്.

ഓരോ ജില്ലയിലും 30–50 വരെ നഴ്സുമാർ ഇങ്ങനെ ജോലി ചെയ്യുന്നതായാണു കണക്ക്. സ്റ്റാഫ് നഴ്സിന്റെ പിഎസ്‌സി പട്ടികയിൽ നിയമനം ലഭിക്കാത്തവരെയാണ് എൻആർഎച്ച്എം താൽക്കാലികമായി ഒരുവർഷത്തേക്കു നിയമിക്കുന്നത്. ഇവർക്ക് പിഎസ്‌സി നിയമനം ലഭിക്കുന്നവരുടെ പകുതി ശമ്പളം ലഭിക്കുന്നില്ല.

പഞ്ചായത്തുകൾ അവരുടെ പരിധിയിൽ വരുന്ന ആശുപത്രികളിൽ കരാർ അടിസ്ഥാനത്തിൽ നടത്തുന്ന നിയമനങ്ങളിലും വേതനം കുറവാണ്. ഇത്തരം നിയമനങ്ങളിൽ രാഷ്ട്രീയ അതിപ്രസരമുണ്ടെന്നും ആരോപണമുണ്ട്.

ജനറൽ നഴ്സിങ് യോഗ്യതയായ സ്റ്റാഫ് നഴ്സ് തസ്തികയിൽ ആരോഗ്യവകുപ്പിൽ താൽക്കാലിക ജോലി ചെയ്യുന്നവരിൽ ബിഎസ്‌സി, എംഎസ്‌സി നഴ്സിങ് പോലെ അധികയോഗ്യത നേടിയവരുമുണ്ട്. സ്റ്റാഫ് നഴ്സ് തസ്തികയിൽ 2016 ഡിസംബർ 31 വരെ കാലാവധിയുണ്ടായിരുന്ന റാങ്ക് ലിസ്റ്റുകളുടെ സമയം ചില ജില്ലകളിൽ മാത്രം 2017 ജൂൺ 30 വരെ പിഎസ്‌സി നീട്ടി.

എല്ലാ റാങ്ക് ലിസ്റ്റും നീട്ടി നൽകാൻ പിന്നീട് സർക്കാർ പിഎസ്‌സിയോട് ആവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചില്ല. തുടർന്ന് ഉദ്യോഗാർഥികൾ ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടിയെങ്കിലും പിഎസ്‌സി സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. തൽസ്ഥിതി തുടരാനാണ് സുപ്രീം കോടതി നിർദേശം.