Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭൂമി വിൽപന: പരാതിയിൽ കേസെടുക്കണമെന്ന ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി

കൊച്ചി∙ സിറോ മലബാർ സഭയുടെ എറണാകുളം–അങ്കമാലി അതിരൂപതയിലെ ഭൂമി വിൽപന സംബന്ധിച്ച പരാതിയിൽ കേസെടുക്കണമെന്ന സിംഗിൾ ജഡ്ജിയുടെ ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. പൊലീസിൽ പരാതിപ്പെട്ടയാൾ ഹർജി നൽകാൻ കാണിച്ച അനാവശ്യ തിടുക്കം സിംഗിൾ ജഡ്ജി കണക്കിലെടുത്തില്ലെന്നു കോടതി വ്യക്തമാക്കി.

അതിരൂപതാ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, പ്രോ വികാരി ജനറൽ ഫാ. സെബാസ്റ്റ്യൻ വടക്കുംപാടൻ, ഫിനാൻസ് ഓഫിസർ ഫാ. ജോഷി പുതുവ, വസ്തു ഇടപാടുകാരനായ സാജു വർഗീസ് തുടങ്ങിയവരുടെ അപ്പീൽ അനുവദിച്ചാണ് ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക്, ജസ്റ്റിസ് ഡി. ശേഷാദ്രി നായിഡു എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. പൊലീസ് നടപടിയെടുത്തില്ലെങ്കിൽ ക്രിമിനൽ നടപടി ചട്ടപ്രകാരമുള്ള ബദൽമാർഗം തേടാതെ, പരാതിയുടെ മഷിയുണങ്ങും മുൻപേ പരാതിക്കാരൻ കോടതിയിൽ എത്തിയത് ഉചിതമല്ലെന്നു കോടതി വിലയിരുത്തി.

അതേസമയം, ആരോപണങ്ങളിൽ സത്യമുണ്ടെങ്കിൽ നിയമത്തിന്റെ കരങ്ങൾ കുറ്റകൃത്യത്തെ തേടിയെത്തുമെന്നു കോടതി കൂട്ടിച്ചേർത്തു. ഓട്ടം വേഗമുള്ളവനോ യുദ്ധം ശക്തിയുള്ളവനോ മാത്രമല്ല ലഭിക്കുന്നതെന്ന സഭാപ്രസംഗകന്റെ വാചകം കോടതി ഉദ്ധരിച്ചു. എല്ലാവർക്കും അവരവരുടെ സമയവും അവസരവുമുണ്ട്. പരാതിക്കാരൻ തിരക്കിട്ടു ഹൈക്കോടതിയിൽ ഹർജിയുമായെത്തിയതിനു മാത്രമാണു ഡിവിഷൻ ബെഞ്ച് തടയിടുന്നതെന്നു ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

അധികാരികൾ കൃത്യനിർവഹണത്തിനു മുതിരാത്ത സാഹചര്യത്തിലാണ് കോടതികൾ ‘മാൻഡമസ്’ റിട്ടധികാരം വിനിയോഗിക്കുന്നത്. ഇവിടെ പരാതിക്കാരൻ പരാതിക്കു തൊട്ടുപിന്നാലെ, കേസെടുത്തില്ലെന്ന ആരോപണവുമായെത്തി. ‘മാൻഡമസ്’ അധികാരം വിനിയോഗിക്കാവുന്ന സാഹചര്യം ഇവിടെയില്ല. നിയമപരമായ അപാകതയുള്ളതിനാൽ സിംഗിൾ ജഡ്ജിയുടെ ഉത്തരവു റദ്ദാക്കേണ്ടതാണ്.

പ്രഥമദൃഷ്ട്യാ ആണെങ്കിലും, അതിരൂപതാ അന്വേഷണ സമിതിയുടെ റിപ്പോർട്ടിനെ സിംഗിൾ ജഡ്ജി വല്ലാതെ ആശ്രയിച്ചിട്ടുണ്ടെന്നും വിലയിരുത്തി. അന്വേഷണത്തിൽ വിട്ടുവീഴ്ചയില്ലെന്ന് ഉറപ്പാക്കാൻ തിരുത്തൽ ശക്തിയായി പ്രവർത്തിക്കാമെന്നല്ലാതെ അന്വേഷണത്തിനു തുടക്കമിടേണ്ടതു റിട്ട് കോടതികളല്ല. വസ്തുതകൾ പരിശോധിച്ച് അന്വേഷണം വേണോ എന്നു തീരുമാനിക്കേണ്ടത് അന്വേഷണ ഏജൻസികളാണ്.

അതേസമയം, അന്വേഷണഘട്ടത്തിൽ ചില നിയന്ത്രണങ്ങൾക്കുള്ള അധികാരം ക്രിമിനൽ നടപടി ചട്ടപ്രകാരം കോടതികൾക്കുണ്ട്. പരാതിയിൽ ഷൈൻ വർഗീസ് തീയതി ഫെബ്രുവരി 15 എന്നു വച്ചിട്ടുണ്ടെങ്കിലും പിറ്റേന്നാണു സ്റ്റേഷനിൽ സമർപ്പിച്ചതെന്നും രസീതുപോലും വാങ്ങാൻ മിനക്കെട്ടില്ലെന്നും പ്രോസിക്യൂഷൻ ആരോപിച്ചു.

24 മണിക്കൂറിനകം ഹർജി നൽകിയെന്നും പൊലീസ് നടപടിയെടുത്തില്ലെങ്കിൽ മജിസ്ട്രേട്ടിനെ സമീപിക്കുകയെന്ന ബദൽ മാർഗം തേടിയില്ലെന്നും കോടതി വിലയിരുത്തി. ചട്ടപ്രകാരമുള്ള ബദൽ പരിഹാരം തേടാൻ സുപ്രീംകോടതിയുടെ ‘ലളിതകുമാരി കേസ്’ തത്വം തടസ്സമല്ലെന്നും കോടതി വ്യക്തമാക്കി.

related stories