Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇടതുപക്ഷം ഉറപ്പിക്കുന്നു; മാണിയെ നോക്കണ്ട

Mani-CPI-CPM

ന്യൂഡൽഹി∙ ചെങ്ങന്നൂരിൽ യുഡിഎഫ് സ്ഥാനാർഥിയെ പിന്തുണയ്ക്കാനുള്ള കേരള കോൺഗ്രസ് (എം) തീരുമാനം ആ പാർട്ടി എൽഡിഎഫിലേക്കില്ലെന്നതിന്റെ സൂചനതന്നെയെന്നു സിപിഎം, സിപിെഎ കേന്ദ്ര നേതൃത്വങ്ങൾ വിലയിരുത്തുന്നു. കേരള കോൺഗ്രസിനെ എൽ‍ഡിഎഫിലെടുക്കുന്നതിനെ സിപിഎമ്മിലെ യച്ചൂരിപക്ഷവും സിപിഐയും പരസ്യമായിത്തന്നെ എതിർത്തിരുന്നു.

‘കേരള കോൺഗ്രസിന്റെ മുന്നണി പ്രവേശം എൽഡിഎഫ് ചർച്ച ചെയ്യണമെന്നായിരുന്നു തീരുമാനം. എന്നാൽ, അതിനു മുൻപേ കേരള കോൺഗ്രസ് തീരുമാനമെടുത്തുകഴിഞ്ഞു. ഇനി എൽഡിഎഫ് എന്തു ചെയ്യാൻ ?’ – സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ചോദിച്ചു. കേരള കോൺഗ്രസ് യുഡിഎഫിനെ പിന്തുണയ്ക്കുന്നതിൽ അദ്ഭുതകരമായി ഒന്നുമില്ലെന്നു സിപിഐ ജനറൽ സെക്രട്ടറി എസ്.സുധാകർ റെഡ്ഡി പറഞ്ഞു.

കെ.എം.മാണി യുഡിഎഫിനൊപ്പമായിരുന്നു. പുറത്തുവന്നശേഷവും യുഡിഎഫുമായി ബന്ധം തുടർന്നു. പാർട്ടിയുടെ സംസ്ഥാന ഘടകത്തിനാണ് പ്രത്യാഘാതം വിലയിരുത്താൻ സാധിക്കുക. എന്തായാലും, ചെങ്ങന്നൂരിൽ എൽ‍ഡിഎഫ് സ്ഥാനാർഥി വിജയിക്കും. ഇന്നലത്തെ സംഭവവികാസത്തെക്കുറിച്ച് യച്ചൂരി പറഞ്ഞതിനോടു പൂർണമായി യോജിക്കുന്നുവെന്നും സുധാകർ റെഡ്ഡി പറഞ്ഞു.

കേരള കോൺഗ്രസിനെ എൽഡിഎഫിൽ ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് സിപിഎം, സിപിഐ കേന്ദ്ര നേതാക്കൾ കഴിഞ്ഞ മാർച്ചിൽ ചർച്ച നടത്തിയിരുന്നു. ചെങ്ങന്നൂർ തിരഞ്ഞെടുപ്പു കണക്കിലെടുത്ത് സിപിഐ കെ.എം.മാണിക്കെതിരെ പരസ്യവിമർശനം ഒഴിവാക്കണമെന്ന് സിപിഎം അന്ന് അഭ്യർഥിച്ചു. കേന്ദ്രത്തിൽനിന്ന് അത്തരത്തിലൊരു നിർദേശം നൽകാനാവില്ലെന്നാണ് അന്നു സിപിഐ നേതാക്കൾ വ്യക്തമാക്കിയത്.

കേരള കോൺഗ്രസിനെ എൽ‍ഡിഎഫിലെടുക്കണമോയെന്നതിൽ‍ സിപിഎം പൊളിറ്റ്ബ്യൂറോയിൽ ഭിന്നതയുണ്ടായിരുന്നു. ചെങ്ങന്നൂരിൽ കേരള കോൺഗ്രസിന്റെ പിന്തുണയില്ലാതെയുള്ള സ്ഥിതി സിപിഎമ്മിന് അത്ര അനുകൂലമല്ലെന്നും കെ.എം.മാണി എൽ‍ഡിഎഫിലേക്കു വരുന്നത് ക്രൈസ്തവ മേഖലകളിൽ ദീർ‍ഘകാലാടിസ്ഥാനത്തിൽ പാർട്ടിക്കു ഗുണം ചെയ്യുമെന്നുമാണ് കാരാട്ട്പക്ഷം വാദിച്ചത്.

എന്നാൽ‍, ഇടത്–ന്യൂനപക്ഷ വോട്ടുകൾ ഒരുമിക്കുന്നതു ഭൂരിപക്ഷ സമുദായ വോട്ടുകൾ ഏകോപിപ്പിക്കാൻ ബിജെപിയെ സഹായിക്കുമെന്ന് യച്ചൂരിപക്ഷം വാദിച്ചു.