Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ന്യൂനമർദം ‘മേഖുനു’ ചുഴലിക്കാറ്റായി; കേരള തീരത്തെ ബാധിക്കില്ല

INDIA-WEATHER

തിരുവനന്തപുരം∙ അറബിക്കടലിന്റെ മധ്യഭാഗത്തായി ലക്ഷദ്വീപിനും മാലദ്വീപിനും പടിഞ്ഞാറുഭാഗത്തു രൂപപ്പെട്ട ന്യൂനമർദം ‘മേഖുനു’ ചുഴലിക്കാറ്റായി മാറി. അറബിക്കടലിൽ ഈ ഭാഗത്തു ശക്തമായ കാറ്റും തിരകളുമുണ്ടെങ്കിലും കേരള തീരത്തെ ബാധിക്കില്ല. ഈ ഭാഗത്തേക്കു മൽസ്യബന്ധനത്തിനു പോകരുതെന്നു കേരളത്തിലെ മൽസ്യത്തൊഴിലാളികൾക്കു മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

‘മേഖുനു’ ഇന്ന് ഉച്ചയോടെ ശക്തിപ്പെടുമെന്നാണു കേന്ദ്ര ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. നാളെ അർധരാത്രിയോടെ ശക്തി വീണ്ടും വർധിച്ചു തീവ്രതയേറിയ ചുഴലിയായി മാറും. കാറ്റിന്റെ വേഗം മണിക്കൂറിൽ 178 കിലോമീറ്റർ വരെയായി വർധിക്കാനിടയുണ്ട്. ശനിയാഴ്ച വരെ ചുഴലി ശക്തമായി തുടരും.

തെക്കൻ ഒമാൻ-വടക്കൻ യമൻ തീരത്തിനടുത്തേക്കാണു ‘മേഖുനു’ നീങ്ങുക. 27 ന് ചുഴലിയുടെ ശക്തി കുറഞ്ഞു ന്യൂനമർദമായി മാറും. കേരളം ഉൾപ്പെടെ സംസ്ഥാനങ്ങളോട് ജാഗ്രത പുലർത്താനും കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, കേരളത്തിൽ വേനൽമഴ 26 വരെ തുടരുമെന്നാണു കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. 29നു കാലവർഷം എത്തുമെന്നാണു സൂചന.