Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പയ്യന്നൂരിൽ സിപിഎം – ബിജെപി നേർക്കുനേർ അക്രമം

cpm-bjp

പയ്യന്നൂർ ∙ സിപിഎം പ്രവർത്തകൻ ആക്രമിക്കപ്പെട്ടതിനു പിന്നാലെ ബിജെപി മണ്ഡലം കമ്മിറ്റി ഓഫിസിനും പ്രവർത്തകനും നേർക്ക് ആക്രമണം. രണ്ടുപേർക്കു പരുക്കേറ്റു. സിപിഎം പ്രവർത്തകൻ കുന്നരുവിലെ ഡി.ഷിനു(30)വിനു നേരെ രാവിലെയുണ്ടായ ആക്രമണത്തിനു പ്രതികാരമെന്ന വണ്ണം ഒരു മണിക്കൂറിനുള്ളിൽ ബിജെപി പ്രവർത്തകൻ ഗവ. ആശുപത്രി പരിസരത്തെ ഇ.രജിത്തി(30)നു നേർക്കാണ് ആക്രമണമുണ്ടായത്. ഇതിനു പിന്നാലെയാണ് ബിജെപി മണ്ഡലം കമ്മിറ്റി ഓഫിസ് പ്രവർത്തിക്കുന്ന മുകുന്ദ ആശുപത്രി റോഡിലെ മാരാർജി മന്ദിരത്തിനു നേർക്കു സ്റ്റീൽ ബോംബ് എറിഞ്ഞത്. 

മുൻപു ബിജെപി അനുഭാവിയായിരുന്ന ഷിനുവിനു നേരെ ഇന്നലെ രാവിലെയായായിരുന്നു ആക്രമണം. സ്കൂട്ടറിൽ പോകവേ കാറിൽ പിന്തുടർന്ന സംഘം സ്കൂട്ടർ ഇടിച്ചിട്ട് ആക്രമിക്കുകയായിരുന്നുവെന്നു ഷിനു പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. അക്രമത്തിനു പിന്നിൽ ആർഎസ്എസ് പ്രവർത്തകരാണെന്നു സിപിഎം നേതൃത്വം ആരോപിച്ചു.

പത്തരയോടെയാണ് പഴയ ബസ് സ്റ്റാൻഡിനടുത്ത് റെയിൽവേ സ്റ്റേഷൻ റോഡിൽ രജിത്ത് ആക്രമിക്കപ്പെട്ടത്. കടയിൽ സാധനം വാങ്ങാനെത്തിയപ്പോഴാണ് ഒരു സംഘം മാരകായുധങ്ങളുമായി ആക്രമിച്ചതെന്നു രജിത്ത് മൊഴി നൽകി. അക്രമത്തിനു പിന്നിൽ സിപിഎം പ്രവർത്തകരാണെന്നു ബിജെപി നേതൃത്വം ആരോപിച്ചു.

പതിനൊന്നു മണിക്കാണ് മുകുന്ദ ആശുപത്രി – മഠത്തുപടി റോഡിലെ മാരാർജി മന്ദിരത്തിനുനേരെ ബോംബേറു നടന്നത്. കെട്ടിടത്തിന്റെ മുൻഭാഗത്തെ ചുമരിലാണു ബോംബ് പതിച്ചത്. സിപിഎം പ്രവർത്തകരാണു ബോംബെറിഞ്ഞതെന്നു ബിജെപി നേതൃത്വം ആരോപിച്ചു.

പയ്യന്നൂരിലും പരിസരങ്ങളിലും സിപിഎം – ബിജെപി സംഘട്ടനങ്ങൾ നടന്നാൽ സ്ഥിരമായി ആക്രമിക്കപ്പെടുന്ന ഓഫിസാണിത്. ജില്ലാ പൊലീസ് മേധാവി ജി.ശിവവിക്രം, ഡിവൈഎസ്പി കെ.വി.വേണുഗോപാൽ തുടങ്ങിയ പൊലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തിയിരുന്നു. സംഘർഷം വ്യാപിക്കാതിരിക്കാൻ തളിപ്പറമ്പ് സബ് ഡിവിഷനിലെ ഭൂരിഭാഗം പൊലീസ് ഓഫിസർമാരെയും പയ്യന്നൂരിൽ ക്രമസമാധാനപാലനത്തിനായി നിയോഗിച്ചു. ആക്രമിക്കപ്പെട്ട ബിജെപി ഓഫിസ് ജില്ലാ പ്രസിഡന്റ് സി.സത്യപ്രകാശിന്റെ നേതൃത്വത്തിലുള്ള നേതാക്കൾ സന്ദർശിച്ചു. 

അക്രമത്തിൽ പൊലീസ് രണ്ട് കേസുകൾ റജിസ്റ്റർ ചെയ്തു. മാരാർജി മന്ദിരത്തിന് നേരെ ബോംബെറിഞ്ഞ സംഭവത്തിൽ ബിജെപി മണ്ഡലം പ്രസിഡന്റ് ടി.രാമകൃഷ്ണന്റെ പരാതിയിൽ ബൈക്കിലെത്തിയ ഒരു സംഘത്തിന്റെ പേരിൽ കേസെടുത്തു. ആർഎസ്എസ് പ്രവർത്തകൻ ഇ.രജിത്തിനെ അക്രമിച്ച സംഭവത്തിൽ രജിത്തിന്റെ പരാതിയിൽ സിപിഎം പ്രവർത്തകരായ നിഖിൽ, കബിൽ, പ്രസന്നൻ എന്നിവരുടെയും മറ്റ് കണ്ടാലറിയാവുന്ന 20 പേർക്കെതിരെയും കേസെടുത്തു.