Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ത്രിപുര മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു

നെടുമ്പാശേരി (കൊച്ചി) ∙ ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേവിന്റെ സുരക്ഷാ ജോലിക്കു നിയോഗിച്ച പൊലീസ് ഉദ്യോഗസ്ഥൻ പാമ്പുകടിയേറ്റ് ആശുപത്രിയിൽ. കളമശേരി എആർ ക്യാംപിലെ സിവിൽ പൊലീസ് ഓഫിസർ റോജിൻ ജിംസൺ (38) ആണ് അങ്കമാലി എൽഎഫ് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നത്. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. രാത്രി പതിനൊന്നോടെയാണ് ത്രിപുര മുഖ്യമന്ത്രി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിനു സമീപത്തെ ഹോട്ടലിൽ എത്തിയത്. മറ്റ് ആറു പേരോടൊപ്പം റോജിൻ ഹോട്ടലിലെ റിസപ്ഷനു സമീപത്തെ ക്ലോക്ക്റൂമിൽ വിശ്രമിക്കുമ്പോഴാണു പാമ്പുകടിയേറ്റത്. ഉടനെ ആശുപത്രിയിലെത്തിച്ചു.

അണലിവർഗത്തിലെ ഒരടി നീളമുള്ള പാമ്പിൻകുഞ്ഞിനെ ഉടൻ കൊന്ന് ആശുപത്രിയിലെത്തിച്ചു. പരിശോധനയിൽ ഇത് ഉൾക്കാടുകളിൽ കണ്ടുവരുന്ന ഒരിനം അണലിയാണെന്നു പറയുന്നു. ക്ലോക്ക്റൂമിൽ ഇരുന്ന മറ്റു ബാഗുകൾ വഴിയെങ്ങാനും പാമ്പ് ഇവിടെയെത്തിയിരിക്കാമെന്നാണ് നിഗമനം. കേരളത്തിലെത്തിയ സഞ്ചാരികളിലാരെങ്കിലും കാടു സന്ദർശിച്ചപ്പോൾ ബാഗിനകത്തു കയറിപ്പറ്റുകയും പിന്നീടു ബാഗ് ക്ലോക്ക്റൂമിൽ വച്ചപ്പോൾ പാമ്പു പുറത്തിറങ്ങിയതുമാകാനാണ് സാധ്യത. റോജിന്റെ ആരോഗ്യനിലയിൽ ആശങ്കയില്ലെങ്കിലും 24 മണിക്കൂർ നിരീക്ഷണത്തിലാണ്.