Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിപ്പ: ടൂറിസത്തെ കാര്യമായി ബാധിച്ചില്ലെന്ന് വിലയിരുത്തൽ

tourists

തിരുവനന്തപുരം∙ നിപ്പ വൈറസ് ബാധ കേരളത്തിലെ ടൂറിസം മേഖലയെ കാര്യമായി ബാധിച്ചിട്ടില്ലെന്നു സംസ്ഥാന ടൂറിസം ഉപദേശകസമിതി. നിലവിലുള്ള ചെറിയ ആശങ്കകൾ മാറ്റാൻ നടപടി സ്വീകരിക്കണമെന്നു യോഗം ആവശ്യപ്പെട്ടു.

കോഴിക്കോട് ജില്ലയിൽ നിപ്പ ബാധ ഉണ്ടായ വേളയിൽ തന്നെ സർക്കാരും ആരോഗ്യവകുപ്പും ജാഗ്രത പാലിച്ചതിനാൽ വളരെ വേഗം നിയന്ത്രിക്കാനായതായി യോഗത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. എന്നാൽ സമൂഹമാധ്യമങ്ങൾ വഴി വരുന്ന തെറ്റായ പ്രചാരണങ്ങൾ ചിലയിടങ്ങളിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഇതു പരിഹരിക്കാൻ സർക്കാരും ടൂറിസം വകുപ്പും മുൻകൈ എടുക്കുമെന്നും മന്ത്രി അറിയിച്ചു.

നിപ്പ ബാധയുണ്ടായ ആദ്യ ദിവസങ്ങളിൽ പലരും യാത്രകൾ റദ്ദാക്കുകയോ നീട്ടിവയ്ക്കുകയോ ചെയ്തുവെങ്കിലും പിന്നീട് ഈ പ്രവണത കുറഞ്ഞതായി ടൂറിസം മേഖലയിൽനിന്നുള്ള പ്രതിനിധികൾ പറഞ്ഞു. പ്രവാസി മലയാളികൾ കൂടുതലുള്ള രാജ്യങ്ങളാണ് കേരളത്തിലേക്കുള്ള യാത്രയിൽ നിയന്ത്രണങ്ങൾ കൊണ്ടുവന്നത്. മൺസൂൺ, നീലക്കുറിഞ്ഞി സീസണുകളെ ഇതു ബാധിക്കാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

കേരളത്തിൽ മാലിന്യപ്രശ്നം മൂലം പകർച്ചവ്യാധികൾക്കുള്ള സാധ്യത കൂടുതലാണെന്നും ശാശ്വതമായ മാലിന്യ സംസ്കരണ പദ്ധതികൾ നടപ്പാക്കാൻ സർക്കാർ അടിയന്തര ശ്രദ്ധ പതിപ്പിക്കണമെന്നും സംഘടനാ പ്രതിനിധികൾ ആവശ്യപ്പെട്ടു. ടൂറിസം സെക്രട്ടറി റാണി ജോർജ്, ഡയറക്ടർ പി.ബാലകിരൺ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും ടൂറിസം മേഖലയിലെ സംഘടനാ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.

സന്ദർശകരുടെ എണ്ണം 15% വരെ കുറഞ്ഞു: മന്ത്രി

തിരുവനന്തപുരം∙ നിപ്പ ബാധയെത്തുടർന്നു വിനോദ സഞ്ചാരമേഖലയിൽ സന്ദർശകരുടെ എണ്ണം 15% വരെ കുറഞ്ഞെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ആഭ്യന്തര വിനോദസഞ്ചാരികളാണ‌ു യാത്ര റദ്ദാക്കിയവരിൽ ഏറെയും.

ബഹ്റൈൻ ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിലും ഗുജറാത്ത‌് പോലുള്ള സംസ്ഥാനങ്ങളിലും തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്ന സ്ഥിതിയുണ്ടായി. ജനങ്ങളുടെയും വിനോദസഞ്ചാരികളുടെയും സുരക്ഷയ്ക്കാണ‌ു സംസ്ഥാന സർക്കാർ പ്രാധാന്യം നൽകുന്നത‌െന്നും അദ്ദേഹം പറഞ്ഞു.