Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചുമട്ടുതൊഴിലാളികളു‌ടെ ഗുണ്ടായിസം; ലോഡ് യുവതിയെക്കൊണ്ടു തന്നെ ഇറക്കിച്ചു

meera കഴക്കൂട്ടം മേനംകുളം കൽപനയിൽ ചുമട്ടുതൊഴിലാളികൾ അമിതകൂലി ആവശ്യപ്പെട്ടതിനെത്തുടർന്നു സാധനങ്ങൾ ഇറക്കുന്ന മീര.

തിരുവനന്തപുരം∙ പ്രസവശേഷം വിശ്രമത്തിൽ കഴിഞ്ഞ ടെക്നോപാർക് ജീവനക്കാരിയോടു ചുമട്ടുതൊഴിലാളികളു‌ടെ ഗുണ്ടായിസം. ഗാർഡനിങ്ങിനായി എത്തിച്ച കരിങ്കൽ പാളിയും മറ്റും യുവതിയെ കൊണ്ട് ഇറക്കിപ്പിച്ച തൊഴിലാളികൾ സഹായിക്കാൻ എത്തിയവർക്കു നേരെ കയ്യേറ്റത്തിനും മുതിർന്നു. പരസഹായമില്ലാതെ ലോഡിറക്കിയ യുവതി അവശയായിട്ടും തൊഴിലാളികളുടെ മനസ്സലിഞ്ഞില്ല. അമിത കൂലി നൽകാൻ വിസമ്മതിച്ചതിന്റെ പേരിലായിരുന്നു പരാക്രമം. കഴക്കൂട്ടം മേനംകുളം കൽപനയ്ക്കു സമീപം തമിഴ്നാട് സ്വദേശികളായ പ്രസാദ്– മീര ദമ്പതികളോടായിരുന്നു ക്രൂരത.

സംഭവം ഇങ്ങനെ: ലാൻഡ് സ്കേപ്പിങ് സാധനങ്ങളുമായി രാവിലെ വണ്ടി വന്നയുടൻ ഒരു കൂട്ടം ചൂമുട്ടുതൊഴിലാളികൾ പാഞ്ഞെത്തി. വാഹനത്തിനുള്ളിലെ ലോഡ് കാണുന്നതിനു മുൻപേ ഇറക്കുകൂലി നാലായിരം രൂപയെന്ന് അവർ നിശ്ചയിച്ചു .ഇത് അമിതമാണെന്നു മീര പറഞ്ഞപ്പോൾ തൊഴിലാളികൾ പൊട്ടിത്തെറിച്ചു. സാധനങ്ങൾ എത്തിച്ച കഴക്കൂട്ടം സ്വദേശി റീമയും മീരയ്ക്കു പിന്തുണയുമായി രംഗത്തുവന്നു. കൂലി കുറയ്ക്കണമെന്ന് ഇവർ രണ്ടുപേരും തൊഴിലാളികളോടു പലവട്ടം അഭ്യർഥിച്ചു. എന്നാൽ നാലായിരം രൂപയിൽ കുറഞ്ഞ് ഒരു വിലപേശലും വേണ്ടെന്നു തൊഴിലാളികൾ തർക്കിച്ചു. വീട്ടുടമ അല്ലാതെ വേറെ ആരെങ്കിലും ലോഡിൽ തൊട്ടാൽ വിവരമറിയുമെന്നു മുന്നറിയിപ്പും വന്നു. ശേഷം മീരയും റീമയും ചേർന്നു സാധനങ്ങൾ ഇറക്കാൻ തുടങ്ങിയതും തൊഴിലാളികൾ വീണ്ടും പ്രശ്നമുണ്ടാക്കി. റീമയെ ഭീഷണിപ്പെടുത്തി മാറ്റി നിർത്തി. മുഴുവൻ ലോഡും വീട്ടുടമ തന്നെ ഇറക്കണമെന്നായിരുന്നു തൊഴിലാളികളുടെ വാശി. കരിങ്കൽ പാളി ഉൾപ്പെടെയുള്ളവ മീര പരസഹായം കൂടാതെ ഇറക്കിവച്ചു.

കുറച്ചുനേരം കഴിഞ്ഞതും അവർ അവശയായി. ഇതു കണ്ട് മനസ്സലിവു തോന്നിയ ഡ്രൈവർ ഒരു കൈ സഹായവുമായി അടുത്തുചെന്നു. അതോടെ ഡ്രൈവർക്കു നേരെ തൊഴിലാളികൾ തിരിഞ്ഞു. അസഭ്യം വിളിച്ചു ബഹളമുണ്ടാക്കിയ അവർ വാഹനം കത്തിക്കുമെന്നും ഭീഷണി മുഴക്കി. ഇതോടെ ഡ്രൈവർ സ്ഥലം വിട്ടു. തൊഴിലാളികൾ നോക്കിനിൽക്കെ വാശിയോടെ തന്നെ മീര ലോഡിറക്കി. വിവരമറിഞ്ഞു ടെക്നോപാർക്കിൽ നിന്നു ഭർത്താവ് എത്തുമ്പോഴേക്കും മുഴുവൻ സാധനങ്ങളും യുവതി ഇറക്കിയിരുന്നു. സമീപവാസികൾ സ്റ്റേഷനിൽ വിവരം അറിയിച്ചിട്ടും പൊലീസ് എത്തിയില്ല. ലാൻഡ് സ്കേപ്പിങ് സാധനങ്ങൾ എത്തിച്ച റീമയാണു സംഭവം ഫെയ്സ് ബുക്കിലൂടെ പുറത്തുവിട്ടത്.

മൂന്നു സംസ്ഥാനങ്ങളിൽ താമസിച്ചിട്ടുണ്ടെന്നും പക്ഷേ, കേരളത്തിൽ മാത്രമാണ് ഇത്തരം പ്രശ്നമെന്നും മീരയുടെ ഭർത്താവ് പ്രസാദ് പറഞ്ഞു. ന്യായമായ കൂലിയാണെങ്കിൽ കൊടുക്കാം. പക്ഷേ, ഇത് അന്യായമാണ്. അഞ്ചു മാസം മുൻപാണു ഭാര്യ പ്രസവിച്ചത്. വിശ്രമത്തിലാണെന്നു പറഞ്ഞിട്ടും അവർ വിട്ടുവീഴ്ചയ്ക്കു തയാറായില്ല. ലോഡ് ഇറക്കുന്നതിനിടെ ക്ഷീണിതയായ അവൾ ഭക്ഷണം കഴിക്കാനായി വാഹനത്തിൽ നിന്ന് ഇറങ്ങി. ഇതു തടയാനും അവർ ശ്രമിച്ചു. 30 ലക്ഷം രൂപ കടം വാങ്ങിയാണ് ഇവിടെ വീട് വാങ്ങിയത്. ആവശ്യത്തിനു പണം ഉണ്ടായിരുന്നെങ്കിൽ അവർ ചോദിക്കുന്നതു കൊടുക്കാം. ഇവിടെ തുടർന്നും ജീവിക്കണം അതുകൊണ്ട് പരാതി നൽകിയില്ല– അദ്ദേഹം പറഞ്ഞു.