Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രെയിനുകൾ വൈകി ഓടുന്നു; ആറര മണിക്കൂർ വരെ

train-snooze

തിരുവനന്തപുരം∙ കാലവർഷക്കെടുതിയിൽ കെ‍ാല്ലത്തിനും– പരവൂരിനും ഇടയിൽ മയ്യനാടിനു സമീപം ട്രാക്കിൽ മരം വീണതിനെ തുടർന്നു താറുമാറായ ട്രെയിൻ ഗതാഗതം സാധാരണ നിലയിലായില്ല. ചില ട്രെയിനുകൾ ആറര മണിക്കൂർവരെ വൈകി ഓടുന്നു. ഗതാഗതം ഇന്ന് സാധാരണ നിലയിലാകുമെന്ന് റെയിൽവേ അറിയിച്ചു.

തിങ്കൾ രാത്രി എട്ടിനു തടസ്സപ്പെട്ട ട്രെയിൻ ഗതാഗതം ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണ് ഭാഗികമായി പുനരാരംഭിച്ചത്. രാത്രി 12.15നാണ് ആദ്യപാത ഗതാഗത യോഗ്യമാക്കിയത്. രണ്ടാമത്തെ പാത ഇന്നലെ രാവിലെ 6.45നും. എൻജീനിയറിങ് ജീവനക്കാർ ട്രാക്കിലേക്കു ചാഞ്ഞുനിന്ന മരം വെട്ടാൻ മുൻപു ചെന്നപ്പോൾ വീട് ആക്രമിക്കാൻ വന്നുവെന്നു കാണിച്ചു വീട്ടുടമ കേസിനു പോയിരുന്നു. നിയമപ്രശ്നം മൂലം വെട്ടാതിരുന്ന മരമാണു ട്രാക്കിൽ വീണതെന്നു പറയുന്നു.

ലോകമാന്യതിലക് –തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ്, കൊച്ചുവേളി ഹൈദരാബാദ് ശബരി എക്സ്പ്രസ് എന്നിവ നാലു മണിക്കൂർ വീതവും കോഴിക്കോട് തിരുവനന്തപുരം ജനശതാബ്ദി മൂന്നു മണിക്കൂറും കന്യാകുമാരി ബെംഗളൂരു ഐലൻഡ് രണ്ടു മണിക്കൂർ വൈകിയുമാണ് ഇന്നലെ വൈകിട്ട് സർവീസ് നടത്തിയത്. രാവിലെ ഏഴിന് പാലക്കാട്ട് എത്തേണ്ട അമൃത എക്സ്പ്രസ് എത്തിയത് ഉച്ചയ്ക്കു രണ്ടിന്. മധുരയിൽനിന്ന് ഉച്ചയ്ക്ക് 3.45ന് തിരുവനന്തപുരത്തേക്കു പുറപ്പെടേണ്ട ട്രെയിൻ അഞ്ചര മണിക്കൂർ വൈകി രാത്രി 9.15നു പുറപ്പെട്ടു. മാവേലി എക്സ്പ്രസ്, മലബാർ എക്സ്പ്രസ്, കണ്ണൂർ എക്സ്പ്രസ് എന്നിവ ആറുമണിക്കൂർ വൈകി ഒ‍ാടുന്നു. വേണാട് എക്സ്പ്രസ് ഒന്നര മണിക്കൂറും രാജ്യറാണി ആറു മണിക്കൂറും വൈകി. പരശുറാം എക്സ്പ്രസ് രണ്ടു മണിക്കൂർ, എറനാട് എക്സ്പ്രസ് നാലുമണിക്കൂർ, ജനശതാബ്ദി എക്സ്പ്രസ് മൂന്നു മണിക്കൂർ.

ഇതിനിടെ പരപ്പനങ്ങാടിക്കും–കടലുണ്ടിക്കും ഇടയിൽ രാവിലെ 8.25ന് മരം വീണതും സർവീസുകളെ ബാധിച്ചു. ഒൻപതരയേ‍ാടെ മരം വെട്ടിമാറ്റിയെങ്കിലും മംഗളൂരു– ചെന്നൈ എഗ്‌മേ‍ാർ എക്സ്പ്രസ്, എറണാകുളം–പൂണൈ എക്സ്പ്രസ് എന്നിവ ഒരു മണിക്കൂറും തൃശൂർ–കണ്ണൂർ പാസഞ്ചർ 50 മിനിറ്റു വൈകിയുമാണ് ഒ‍ാടുന്നത്. പാലക്കാട് ഡിവിഷനിൽ നിന്നുള്ള മൂന്നു ദീർഘദൂര ട്രെയിനുകൾ പുറപ്പെടുന്ന സമയം മാറ്റി. ഉച്ചയ്ക്ക് 1.15നു മംഗളൂരിൽനിന്നു പുറപ്പെടേണ്ട ചെന്നൈ മെയിൽ വൈകിട്ട് അഞ്ചിനും 1.15നു പുറപ്പെടേണ്ട ലേ‍ാകമാന്യതിലക് എക്സ്പ്രസ് രാത്രി ഏഴിനും രാത്രി 10.20ന് ആരംഭിക്കേണ്ട ചെന്നൈ വെസ്റ്റ്കേ‍ാസ്റ്റ് എക്സ്പ്രസ് രാത്രി 12.15നുമാണ് സർവീസ് ആരംഭിച്ചത്.