Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെവിന്റെ മരണം സ്വയം വിമർശനത്തിന് പ്രേരിപ്പിക്കട്ടെ: ഐസക്

TM Thomas Issac

തിരുവനന്തപുരം∙ കെവിന്റെ മരണം ആഴത്തിലുള്ള സ്വയം വിമർശനത്തിന് ഓരോരുത്തരെയും പ്രേരിപ്പിക്കേണ്ടതാണെന്നു മന്ത്രി ടി.എം.തോമസ് ഐസക്. നീനുവിന്റെ കണ്ണുനീർ നമ്മുടെ രാഷ്ട്രീയ, സാമൂഹിക, ഭരണസംവിധാനത്തെ ചുട്ടുപൊള്ളിക്കുമെന്നും ഐസക് പറഞ്ഞു. കെവിനെ തട്ടിക്കൊണ്ടുപോയി എന്ന പരാതിയിന്മേൽ അന്വേഷണം നടത്താതിരിക്കാനുള്ള ഏറ്റവും ദുർബലമായ കാരണമാണു മുഖ്യമന്ത്രിയുടെ പരിപാടിയിൽ ആയിരുന്നെന്ന പൊലീസ് വാദം.

അതിരാവിലെയാണു പരാതി ലഭിച്ചത്. മുഖ്യമന്ത്രിയുടെ പരിപാടി വൈകിട്ടും. അയൽ സ്റ്റേഷനുകളിലേക്കു സന്ദേശം കൈമാറിയും ഫോൺ നമ്പർ പിന്തുടർന്നും അക്രമികളെ പിടികൂടാമായിരുന്നു. കെവിന്റെയും നീനുവിന്റെയും പ്രണയസാഫല്യം ഡിവൈഎഫ്ഐയുടെ കാർമികത്വത്തിലായിരുന്നു. ആ പ്രണയത്തിന്റെ പേരിൽ അവർ വേട്ടയാടപ്പെട്ടപ്പോൾ നീതി ഉറപ്പാക്കാൻ ഒപ്പമുണ്ടായിരുന്നതു പാർട്ടി ഏരിയ സെക്രട്ടറി അടക്കമുള്ളവരാണ്. എന്നിട്ടും നീനുവിനൊപ്പം ഒരു ദിവസം പോലും കഴിയാൻ കെവിനു കഴിഞ്ഞില്ല.

എന്നാൽ മുഖ്യമന്ത്രിയെ കേന്ദ്രീകരിച്ച് ഇപ്പോൾ മാധ്യമങ്ങൾ നടത്തുന്ന ആക്രമണം നീതിക്കു നിരക്കുന്നതല്ല. എസ്ഐയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര കൃത്യവിലോപം മാധ്യമങ്ങൾ മുഖ്യമന്ത്രിയെ അടിക്കാനുള്ള വടിയാക്കിയെന്നും ഐസക് കുറ്റപ്പെടുത്തി.

related stories