Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എൻജി. കോളജ് അഫിലിയേഷന് വിചിത്ര വ്യവസ്ഥകൾ

തിരുവനന്തപുരം ∙ എൻജിനീയറിങ് കോളജുകൾക്കു സ്ഥിരം അഫിലിയേഷൻ നൽകാൻ സാങ്കേതിക സർവകലാശാല (കെടിയു) മുന്നോട്ടുവച്ചിരിക്കുന്നത് അപ്രായോഗിക വ്യവസ്ഥകളെന്നു പരാതി. സ്കോളർഷിപ്പുകൾക്കും ഗവേഷണപദ്ധതികൾക്കുമടക്കം യുജിസി, കേന്ദ്ര സർക്കാർ ഗ്രാന്റുകൾക്കു  സ്ഥിരം അഫിലിയേഷൻ വേണം. ഉത്തരേന്ത്യയിലെ കോളജുകൾ വൻതോതിൽ കേന്ദ്ര ഫണ്ട് നേടിയെടുക്കുമ്പോൾ ഇവിടെ വിചിത്ര വ്യവസ്ഥകൾ വച്ച് അഫിലിയേഷനു തന്നെ തടയിടുന്നു.

വിമർശനം ഈ നിർദേശങ്ങളിൽ

സ്ഥിരം അഫിലിയേഷനു സാങ്കേതിക സർവകലാശാലയിൽ ആറു വർഷം തുടർച്ചയായി താൽക്കാലിക അഫിലിയേഷൻ വേണമെന്നാണ് ഒരു വ്യവസ്ഥ. എന്നാൽ സാങ്കേതിക സർവകലാശാല അഫിലിയേഷൻ കൊടുക്കാൻ തുടങ്ങിയിട്ടു മൂന്നു കൊല്ലമേ ആയിട്ടുള്ളൂ.

സ്ഥിരം അഫിലിയേഷൻ നൽകിയാലും അതു തുടർച്ചയായി മൂന്നു വർഷത്തേക്ക് ആയിരിക്കുമെന്നാണു മറ്റൊരു വ്യവസ്ഥ. അധ്യാപകർക്കു പരമാവധി 65 വയസ്സേ ആകാവൂ (എഐസിടിഇ അംഗീകരിച്ചത് 70 വയസ്സ്).

യുജിസി, കേന്ദ്ര ഗ്രാന്റുകൾ സർവകലാശാല വഴിയേ നൽകൂ എന്ന വ്യവസ്ഥയുമുണ്ട്. യുജിസി നിബന്ധനകളിൽ ഉൾപ്പെടെ ഇല്ലാത്ത വ്യവസ്ഥയാണിത്.

തുടർച്ചയായി അഞ്ചു കൊല്ലം എല്ലാ സെമസ്റ്ററിലും 70% വിജയം നേടണം. ഈ നേട്ടം കൈവരിച്ച കോളജുകൾ കുറവാണ്. ഓരോ വർഷവുമുള്ള അഫിലിയേഷൻ ഫീസ് കുത്തനെ കൂട്ടിയതിനെതിരെയും പരാതിയുണ്ട്.