Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരാജയകാരണം സംഘടനാ ദൗർബല്യമെന്നു സുധീരൻ

V.M. Sudheeran

കൊച്ചി ∙ യുഡിഎഫിന്റെയും കോൺഗ്രസിന്റെയും സംഘടനാപരമായ ദൗർബല്യമാണ് ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പു ഫലത്തിലൂടെ പ്രകടമായതെന്നു കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. ഗ്രൂപ്പിന്റെ അതിപ്രസരം അവസാനിപ്പിച്ചേ തീരു. പാർട്ടിയുടെ പരാജയത്തിൽ വേദനിക്കുന്നതു സാധാരണ പ്രവർത്തകരാണ്. അവർക്കു ഗ്രൂപ്പില്ല. മുകൾതട്ടിലെ നേതാക്കളാണു ഗ്രൂപ്പ് വളർത്തുന്നത്. ഗ്രൂപ്പു മാനേജർമാരുടെ താൽപര്യങ്ങൾ സംരക്ഷിക്കുമ്പോഴാണു പാർട്ടി തളരുന്നത്.

ഒരു ഉപതിരഞ്ഞെടുപ്പിലെ പരാജയം അവസാന വാക്കല്ല. എൽഡിഎഫിന്റെ തിരഞ്ഞെടുപ്പു മാനേജ്മെന്റ് മെച്ചപ്പെട്ടതായിരുന്നു. ഭരണ സ്വാധീനവും ദുരുപയോഗം ചെയ്തിട്ടുണ്ട്. ജനദ്രോഹ നടപടികൾക്കും പൊലീസ് അതിക്രമങ്ങൾക്കും എതിരായ ജനവികാരം തിരഞ്ഞെടുപ്പു ഫലത്തിലൂടെ ഇല്ലാതായെന്നു മുഖ്യമന്ത്രി കരുതേണ്ട. ഉപതിരഞ്ഞെടുപ്പു പരാജയവുമായി ബന്ധപ്പെട്ടു വ്യക്തിപരമായി പാർട്ടിയിലെ ആർക്കുമെതിരെ പരസ്യപ്രതികരണത്തിനില്ല. പറയേണ്ട വേദികളിൽ പ്രതികരിക്കും. ദേശീയ തലത്തിൽ ബിജെപിക്കെതിരെ ജനങ്ങൾ ഇപ്പോഴും പ്രതീക്ഷയർപ്പിക്കുന്നതു കോൺഗ്രസിലാണെന്നും സുധീരൻ പറഞ്ഞു.

related stories