Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എൻജിനീയറിങ് കോളജ് അഫിലിയേഷൻ നിയമയുദ്ധത്തിലേക്ക്

639782628

തിരുവനന്തപുരം∙ സംസ്ഥാനത്തെ എൻജിനീയറിങ് കോളജുകൾക്കു സ്ഥിരം അഫിലിയേഷൻ നൽകുന്നതിനു സാങ്കേതിക സർവകലാശാല(കെടിയു) കൊണ്ടുവന്ന വിവാദ വ്യവസ്ഥകൾക്കെതിരെ എൻജിനീയറിങ് കോളജ് മാനേജ്മെന്റുകൾ നിയമ യുദ്ധത്തിലേക്ക്. കേരളത്തിലെ ഗവ. എൻജിനീയറിങ് കോളജുകൾ ഉൾപ്പെടെ ഒന്നിനും കെടിയു ഇറക്കിയ പുതിയ വ്യവസ്ഥകൾ അനുസരിച്ചു സ്ഥിരം അഫിലിയേഷൻ ലഭിക്കില്ല.

ആർക്കും സ്ഥിരം അഫിലിയേഷൻ ലഭിക്കരുതെന്ന വാശിയോടെ തയാറാക്കിയ വ്യവസ്ഥകളാണിതെന്നു മാനേജ്മെന്റുകൾ ആക്ഷേപിക്കുന്നു. സ്ഥിരം അഫിലിയേഷൻ ഉണ്ടെങ്കിലേ യുജിസിയുടെയും റൂസയുടെയും കേന്ദ്ര സർക്കാരിന്റെ മറ്റ് ഏജൻസികളുടെയും വിവിധ ഗ്രാന്റുകൾ എൻജിനീയറിങ് കോളജുകൾക്കു ലഭിക്കൂ. ഡോ.കുഞ്ചെറിയ പി.ഐസക് വൈസ് ചാൻസലറായിരുന്ന കാലത്തു കോളജുകൾക്കു സ്ഥിരം അഫിലിയേഷൻ നൽകാൻ വിദഗ്ധ സമിതിയെ വയ്ക്കുകയും അവർ മാനദണ്ഡങ്ങൾ നിശ്ചയിക്കുകയും ചെയ്തിരുന്നു.

നാക്, എൻബിഎ അക്രഡിറ്റേഷൻ ഉള്ള കോളജുകൾക്ക് ആറു വർഷം സ്ഥിരം അഫിലിയേഷൻ നൽകാനായിരുന്നു തീരുമാനം. ഇതു സർവകലാശാലയുടെ ഗവേണിങ് ബോഡി ഉൾപ്പെടെയുള്ള സമിതികളെല്ലാം അംഗീകരിച്ചെങ്കിലും സർക്കാർ ഇടപെട്ടു തടഞ്ഞു. ഇതിനെതിരെ ചില കോളജുകൾ ഹൈക്കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം സർവകലാശാല വിചിത്ര വ്യവസ്ഥകൾ പ്രസിദ്ധീകരിച്ചത്.

ഇക്കാര്യം ഹൈക്കോടതിയുടെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. പുതിയ വ്യവസ്ഥകൾക്കെതിരെ പ്രത്യേക ഹർജി നൽകാനുള്ള ഒരുക്കത്തിലാണ് എൻജിനീയറിങ് കോളജ് മാനേജ്മെന്റുകൾ. അടുത്തയാഴ്ച കേസ് നൽകുന്നതോടെ അഫിലിയേഷനെ ചൊല്ലിയുള്ള പുതിയ നിയമയുദ്ധത്തിനായിരിക്കും തുടക്കമിടുക.