Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉത്തരവാദിത്തം ഏറ്റെടുക്കാം; തലയിൽ‌ കെട്ടിവയ്ക്കേണ്ട: രമേശ്, ഉമ്മൻചാണ്ടി, ഹസൻ

oommen-chandy-chennithala-hassan

മനോരമ ലേഖകൻ

തിരുവനന്തപുരം∙ ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിനേറ്റ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയാറാണെന്നു നേതാക്കൾ. അതേസമയം ചിലരുടെ മാത്രം തലയിൽ‌ അതു കെട്ടിവയ്ക്കേണ്ടെന്നും രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും എം.എം.ഹസനും ഒറ്റക്കെട്ടായി പ്രതിരോധിച്ചു. സമൂഹ മാധ്യമങ്ങളിലൂടെ കുറ്റപ്പെടുത്തുന്ന കോൺഗ്രസ് നേതാക്കളെ രമേശും ഹസനും വിമർശിച്ചു. പരാജയത്തിൽനിന്നു പാഠമുൾക്കൊണ്ടു പ്രവർത്തിക്കുകയാണു വേണ്ടതെന്ന് ഉമ്മൻചാണ്ടി നിർദേശിച്ചു. കെഎസ്‌യു ജന്മദിന സംഗമമായിരുന്നു വേദി.

രമേശ് ചെന്നിത്തല: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി പരാജയപ്പെട്ടതിന്റെ  ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയാറാണ്. ആരെയും കുറ്റപ്പെടുത്താനില്ല. കോൺഗ്രസും യുഡിഎഫും ഒറ്റക്കെട്ടായാണ് അവിടെ പ്രവർത്തിച്ചത്. സംഘടനാപരമായ എല്ലാ ശക്തിയും അവിടെ പ്രയോഗിച്ചു. ഒരു ഗ്രൂപ്പ് തർക്കവും ഇല്ലായിരുന്നു. പരാജയത്തിൽ എല്ലാവർക്കും ഉത്തരവാദിത്തമുണ്ട്. ഒന്നോ രണ്ടോ പേരുടെ തലയിൽ കെട്ടിവയ്ക്കാനാവില്ല. 

കോൺഗ്രസിന്റെ താഴേത്തട്ടിൽ സംഘടനാപരമായ പോരായ്മകളുണ്ട് എന്ന് അംഗീകരിക്കുന്നു. എന്നാൽ 12 വർഷം മുൻപ് താമരശേരി ഉപതിരഞ്ഞെടുപ്പിനുശേഷം എല്ലാ ഉപതിരഞ്ഞെടുപ്പുകളിലും വിജയിച്ചതു യുഡിഎഫാണെന്നു മറക്കരുത്. ഒരു എംഎൽഎയുടെ മരണത്തെത്തുടർന്നുള്ള ഉപതിരഞ്ഞെടുപ്പിൽ ഇപ്പോൾ ജയിച്ചതു വലിയ കാര്യമല്ല. മുഖ്യമന്ത്രിയും മന്ത്രിമാരും അവരുടെ എല്ലാ ഭരണസ്വാധീനവും ചെങ്ങന്നൂരിൽ ഉപയോഗിച്ചു. രണ്ടു വർഷത്തെ ജനവിരുദ്ധ നടപടികൾ മുഴുവൻ ഈ വിജയംകൊണ്ടു മായ്ച്ചുകളയാമെന്നു മുഖ്യമന്ത്രി കരുതരുത്. 

ഉമ്മൻചാണ്ടി: പരാജയം പരാജയമാണ്. അതിനെ കണക്കുകൾകൊണ്ടു ന്യായീകരിക്കാനാകില്ല. ഇതിന്റെ ഉത്തരവാദിത്തം ഒരു വ്യക്തിക്കോ കുറച്ചുപേർക്കോ മാത്രമല്ല. ചെങ്ങന്നൂരിൽ ആത്മാർഥമായ പ്രവർത്തനം എല്ലാവരും നടത്തി. എന്നിട്ടും പരാജയപ്പെട്ടതിനു കാരണമെന്തെന്നു പരിശോധിച്ചു കണ്ടെത്തണം. 1977ൽ‌ ദയനീയമായി പരാജയപ്പെട്ടപ്പോൾ കോൺഗ്രസിന്റെ കാലം കഴിഞ്ഞു എന്നു പറഞ്ഞവരുണ്ട്. 1980 ജനുവരിയിലെ തിരഞ്ഞെടുപ്പിൽ അതിനെക്കാൾ വലിയ ശക്തിയോടെ തിരിച്ചുവന്നു. തെറ്റു തിരുത്തും. ജനങ്ങളോടൊപ്പം നിന്നു പ്രവർത്തിക്കും. 

എം.എം.ഹസൻ: കെപിസിസി പ്രസിഡന്റിനെയും പ്രതിപക്ഷ നേതാവിനെയും ബലിയാടാക്കിയാൽ ഇൗ പരാജയം വിജയമായി മാറുമെങ്കിൽ പൂർണമായും ബലിയാടാകാൻ തയാറാണ്. വാഴുന്ന കൈയ്ക്കു വളയണിയിക്കുന്ന ചിലയാളുകൾ വീഴുന്ന കൈയ്ക്കു വിരലില്ലെന്നു പറയുന്ന രൂപത്തിലാണു സമൂഹമാധ്യമങ്ങളിലും പത്രങ്ങളിലും പ്രതികരിക്കുന്നത്. ഇവർ എന്തെങ്കിലും സാമൂഹിക പ്രതിബദ്ധതയുള്ളവരല്ല. അവരുടെ വാക്കുകൾ കേട്ടാൽ‌ പരാജയത്തിൽ ഒരു പങ്കുമില്ലെന്നു തോന്നും. എല്ലാവരും ചെങ്ങന്നൂർ പരാജയത്തിൽ പങ്കാളികളാണ്.  

കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്, എൻഎസ്‌യു ദേശീയ സെക്രട്ടറി നിഖിൽ ദ്വിവേദി, എം.വിൻസന്റ് എം.എൽഎ, ശരത്ചന്ദ്രപ്രസാദ്, ലതിക സുഭാഷ്, തമ്പാനൂർ രവി തുടങ്ങിയവരും പ്രസംഗിച്ചു.