Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എ.വിജയരാഘവൻ എൽഡിഎഫ് കൺവീനർ

A Vijayaraghavan

തിരുവനന്തപുരം ∙ സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുൻ രാജ്യസഭാംഗവുമായ എ.വിജയരാഘവൻ പുതിയ എൽഡിഎഫ് കൺവീനർ. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിർദേശം പിന്നീടു ചേർന്ന എൽഡിഎഫ് യോഗം അംഗീകരിച്ചു. നീണ്ട 12 വർഷം കൺവീനറായിരുന്ന വൈക്കം വിശ്വന്റെ പിൻഗാമിയായാണ് വിജയരാഘവൻ ഇടതുമുന്നണിയുടെ ഏകോപനച്ചുമതല ഏറ്റെടുക്കുന്നത്. 

അനാരോഗ്യം അലട്ടുന്ന സാഹചര്യത്തിൽ ഒഴിയാനുള്ള സന്നദ്ധത വിശ്വൻ പാർട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു. ആറു നിയമസഭാ ഉപതിരഞ്ഞെടുപ്പുകളും രണ്ടുവീതം നിയമസഭാ, ലോക്‌സഭാ, തദ്ദേശഭരണ തിരഞ്ഞെടുപ്പുകളും ഉൾപ്പെടെ 12 തിരഞ്ഞെടുപ്പുകളിൽ മുന്നണിയുടെ പ്രവർത്തനം ഏകോപിപ്പിച്ച വിശ്വൻ ചെങ്ങന്നൂരിന്റെ വിജയമധുരവുമായാണു പടിയിറങ്ങുന്നത്. 2006 മേയ് 21നു പാലോളി മുഹമ്മദ്കുട്ടിയുടെ പിൻഗാമിയായാണു വിശ്വൻ എൽഡിഎഫ് കൺവീനറായത്.  

താൻ ചുമതല ഒഴിയുന്നുവെന്നും ഇനി എ.വിജയരാഘവനാണ് ആ ദൗത്യമെന്നും മാത്രമായിരുന്നു വൈക്കം വിശ്വന്റെ പ്രതികരണം. ജനങ്ങളുടെയും സംസ്ഥാനത്തിന്റെയും പൊതു താൽപര്യം മുൻനിർത്തി പ്രവർത്തിക്കുമെന്നു വിജയരാഘവനും പറഞ്ഞു. ഇപ്പോഴത്തെ സവിശേഷ രാഷ്ട്രീയ സാഹചര്യത്തിൽ ഇടതുപക്ഷത്തിന്റെ സമീപനത്തിനു പ്രാധാന്യമുണ്ട്. സിപിഐയുമായി തർക്കങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു. വിജയരാഘവനും ഇതാദ്യമായി എൽഡിഎഫ് യോഗത്തിൽ പങ്കെടുത്തു. 

യോഗത്തിൽ വിശ്വൻ തന്നെയാണു സ്ഥാനമൊഴിയുന്ന കാര്യം അറിയിച്ചത്. അദ്ദേഹത്തിന്റെ സംഭാവനകളോടുള്ള നന്ദി സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ രേഖപ്പെടുത്തിയതിനു പിന്നാലെ മറ്റുള്ളവരും സംസാരിച്ചു. പുതിയ കൺവീനർക്കു സ്വാഗതവുമോതി.