Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പി.ജെ. കുര്യൻ ഒഴിയുന്ന രാജ്യസഭാ സീറ്റ് കീറാമുട്ടി; കോൺഗ്രസിൽ തലമുറയുദ്ധം

cong-cartoon

തിരുവനന്തപുരം ∙ ചെങ്ങന്നൂരിലെ വൻ പരാജയത്തിന്റെ തുടർച്ചയായും രാജ്യസഭാ തിരഞ്ഞെടുപ്പു മുന്നിൽക്കണ്ടും കോൺഗ്രസിൽ തലമുറയുദ്ധം. പാർട്ടിപദവികളിലും അധികാരസ്ഥാനങ്ങളിലും തലമുറമാറ്റത്തിനുള്ള മുറവിളിയുമായി, ഗ്രൂപ്പിനതീതമായ ഐക്യത്തോടെ യുവനേതാക്കൾ രംഗത്തെത്തി. രാജ്യസഭാ സീറ്റ്, കെപിസിസി പ്രസിഡന്റ്, യുഡിഎഫ് കൺവീനർ എന്നീ പദവികളിൽ പുതിയ ആളുകൾക്ക് അവസരം നൽകണമെന്നാണ് ഇവരുടെ നിലപാട്.  

ഈ മാസം 21നു നടക്കുന്ന രാജ്യസഭാ തിര‍ഞ്ഞെടുപ്പിൽ, സ്ഥാനമൊഴിയുന്ന പി.ജെ. കുര്യനെ വീണ്ടും പരിഗണിക്കരുതെന്ന ആവശ്യമാണു ശക്തം. യുവ എംഎൽഎമാരായ വി.ടി ബൽറാം, ഷാഫി പറമ്പിൽ, ഹൈബി ഈഡൻ, റോജി എം ജോൺ, അനിൽ അക്കര എന്നിവർ ഈ ആവശ്യവുമായി രംഗത്തെത്തി. ഇതുസംബന്ധിച്ചു ഹൈക്കമാൻഡിനു പരാതി ലഭിച്ചിട്ടുമുണ്ട്. 

അനാരോഗ്യം ചൂണ്ടിക്കാട്ടി യുഡിഎഫ് കൺവീനർ പി.പി. തങ്കച്ചൻ മാറണമെന്ന ആവശ്യവും ഉയർന്നു. തങ്കച്ചൻ ഇതു നിരാകരിച്ചിട്ടുമുണ്ട്. രാജ്യസഭാ സീറ്റിൽ മുൻധാരണകളില്ലെന്നും ചർച്ചയൊന്നും നടന്നിട്ടില്ലെന്നും പരസ്യപ്രതികരണം അഭികാമ്യമല്ലെന്നും  ഹൈക്കമാൻഡ് വൃത്തങ്ങൾ വ്യക്തമാക്കി. തന്റെ സ്ഥാനാർഥിത്വം പാർട്ടി തീരുമാനിക്കട്ടെയെന്നും എന്തു തീരുമാനിച്ചാലും പ്രശ്നമില്ലെന്നു നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും രാജ്യസഭ ഉപാധ്യക്ഷൻ പി.ജെ.കുര്യൻ പറഞ്ഞു. 

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ചയ്ക്ക് ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് എം. എം. ഹസൻ എന്നിവർ വരുംദിസങ്ങളിൽ ഡൽഹിക്കു തിരിക്കാനിരിക്കെയാണു രംഗം വഷളായത്. രാജ്യസഭ ഒഴിവും കെപിസിസി നേതൃത്വവും ചർച്ചകളിൽ വരും. പാർട്ടിക്ക് ആത്മവീര്യം പകരാൻ കഴിയുന്ന പുതിയ നേതൃത്വം വേണമെന്നാണു യുവ നേതാക്കളുടെ ആവശ്യം. ഇതേസമയം, ഒരു തോൽവിയുടെ പേരിൽ കലാപക്കൊടി ഉയർത്തി ആകെ പ്രതിസന്ധിയാണെന്നു വരുത്തുന്നതിൽ നേതാക്കൾക്ക് അമർഷമുണ്ട്. തോൽവികൾ നേരിടുന്ന ഘട്ടത്തിലും സിപിഎം പുലർത്താറുള്ള സംയമനമാണ് അവർ തിരിച്ചു ചൂണ്ടിക്കാട്ടുന്നത്. 

ചെങ്ങന്നൂർ തോൽവിയുടെ പേരിൽ തന്നെ മാത്രം ബലിയാടാക്കരുതെന്നാണ് എം.എം. ഹസന്റെ നിലപാട്. സ്വന്തം നിലയ്ക്കു ഹസൻ ഒഴിയാനില്ല. എന്നാൽ ഹസന്റേതു താൽക്കാലിക നിയമനമാണെന്നിരിക്കെ, മാറ്റുന്നതിൽ അസാധാരണമായൊന്നുമില്ലെന്നാണു മറുവാദം.

യുവക്ഷോഭം

∙ ഹൈബി ഇൗഡൻ: വീണ്ടും രാജ്യസഭാ സ്ഥാനാർഥിയാകാനുള്ള നീക്കത്തിൽനിന്നു പി.ജെ.കുര്യൻ പിൻമാറണം. രാജ്യസഭയെ വൃദ്ധസദനമായി കാണരുത്. 15 വർഷംകൊണ്ടു സിപിഎം ഒട്ടേറെ പുതുമുഖങ്ങൾക്ക് അവസരം നൽകിയപ്പോൾ അസംതൃപ്തരെയും സ്ഥാനം ലഭിക്കാത്തവരെയും കുടിയിരുത്താനുള്ള വേദിയായാണു കോൺഗ്രസ് രാജ്യസഭയെ ഉപയോഗിച്ചത്. 

∙ റോജി എം ജോൺ: മരണം വരെ പാർലമെന്റിലോ, നിയമസഭയിലോ ഉണ്ടാകണമെന്നു നേർച്ചനേർന്നവർ കോൺഗ്രസിന്റെ ശാപമാണ്. അവരെ മാറ്റാൻ നേതൃത്വം ഇനിയും തയാറായില്ലെങ്കിൽ പ്രവർത്തകർ ഇനിയും അടങ്ങിയിരിക്കില്ല. 

∙ വി.ടി. ബൽറാം: ലോക്‌സഭയിലേക്ക് ആറു തവണയും രാജ്യസഭയിലേക്കു മൂന്നു തവണയും അവസരം ലഭിച്ച പി.ജെ. കുര്യൻ മാറിനിൽക്കാനുള്ള ഔചിത്യം കാണിക്കണം. 

∙ ഷാഫി പറമ്പിൽ: ഞാൻ ജനിച്ച 1983 മുതൽ രാജ്യസഭയിലേക്ക് 20 ടേമിൽ കോൺഗ്രസ് അംഗങ്ങളെ അയച്ചെങ്കിലും എല്ലാ അവസരവും ആറുപേരിലേക്കു ചുരുങ്ങി. 

∙ അനിൽ അക്കര: പി.െജ. കുര്യനെപ്പോലെ പ്രഗത്ഭനായ ഒരാളെ ‘വലിയ ഉത്തരവാദിത്തങ്ങൾ നൽകി ബുദ്ധിമുട്ടിക്കരുത്’.

∙ റിജിൽ മാക്കുറ്റി: ഉടുമുണ്ട് സ്വയം ഉടുക്കാൻപോലും സാധിക്കാത്ത യുവകേസരികൾ വൈക്കം വിശ്വന്റെ മാതൃക സ്വീകരിക്കണം. രാജ്യസഭാ സീറ്റ് കുത്തകയാക്കിവച്ചിരിക്കുന്ന യുവകോമളൻ വീണ്ടും കച്ച മുറുക്കുകയാണ്. വൈദ്യശാസ്ത്രം പരാജയപ്പെട്ടാലേ യുവാക്കൾക്കു രക്ഷയുള്ളൂ എന്ന്, മുൻപു ഞാൻ പറഞ്ഞത് ഇപ്പോഴും ശരിയാണ്. 

പ്രതികരിക്കാനില്ല: എ.കെ. ആന്റണി

പാർട്ടിയുടെ ആഭ്യന്തര കാര്യങ്ങളെക്കുറിച്ചു പ്രതികരണം നടത്താൻ ഞാനില്ല. മുതിർന്നവരെല്ലാം മാറുന്നത് ഗുണമല്ല:

∙ പി.ജെ. കുര്യൻ: ഒരു സ്ഥാനവും ചോദിച്ചിട്ടില്ല. മുതിർന്ന നേതാക്കൾ മുഴുവൻ മാറി നിൽക്കുന്നത് കോൺഗ്രസിന് ഗുണം ചെയ്യില്ല. എല്ലാവരും മുതിർന്നവരാകുന്നതും എല്ലാവരും ചെറുപ്പക്കാരാകുന്നതും പാർട്ടിക്കു നന്നല്ല.