Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരാജയം നേരത്തേ മണത്തു; മുതിർന്ന നേതാക്കൾക്കും പിഴച്ചു: ഡി.വിജയകുമാർ

D-Vijayakumar

ആലപ്പുഴ ∙ ഉപതിരഞ്ഞെടുപ്പിനു തൊട്ടുമുൻപുള്ള ആഴ്ച മണ്ഡലത്തിൽ നടത്തിയ പര്യടനം കഴിഞ്ഞപ്പോൾത്തന്നെ പരാജയം മണത്തിരുന്നതായി ചെങ്ങന്നൂരിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച ഡി.വിജയകുമാർ. രമേശ് ചെന്നിത്തലയുടെ സ്വന്തം പഞ്ചായത്തിൽ അദ്ദേഹം ഭവനസന്ദർശനം നടത്തി കൂടുതൽ വ്യക്തിപരമായ സ്വാധീനം ചെലുത്തിയിരുന്നെങ്കിൽ പലമടങ്ങു ഫലം കണ്ടേനേ. കെ.എസ്.ശബര‍ീനാഥനെപ്പോലുള്ള യുവാക്കളുടെ പ്രവർത്തനം കാര്യക്ഷമമായിരുന്നെന്നും വിജയകുമാർ ‘മനോരമ’യോടു പറഞ്ഞു.

ഉപതിരഞ്ഞെടുപ്പിന്റെ പരാജയത്തിനെത്തുടർന്നു സംസ്ഥാനത്തു കോൺഗ്രസിൽ വിവാദങ്ങൾ കത്തിക്കയറുന്നതിനിടയിലാണു വിജയകുമാറിന്റെ തുറന്നുപറച്ചിൽ. പര്യടനത്തിനിടയിൽ എത്തിയ പലയിടത്തും പോസ്റ്ററുകൾ കെട്ടിയിരുന്നില്ല, ബാനറുകൾ ഇല്ല, വളരെ ചെറിയ ആൾക്കൂട്ടം മാത്രം പലയിടത്തും. എങ്കിലും, രാഷ്ട്രീയ സാഹചര്യങ്ങൾ അനുകൂലമായി വന്നതിനാൽ പ്രതീക്ഷയുണ്ടായിരുന്നു. സർക്കാരിനെതിരായി ഇത്രയും വലിയ രാഷ്ട്രീയ ആയുധങ്ങൾ കിട്ടിയിട്ടും നേതാക്കൾ വേണ്ടവിധം ഉപയോഗിച്ചില്ല. എനിക്കെതിരായ വ്യക്തിപരമായ ആരോപണങ്ങളെ ശക്തമായി പ്രതിരോധിക്കാൻ കഴിയാത്തതും പരാജയത്തിന്റെ ആക്കം കൂട്ടി. കാലുവാരൽ ഉണ്ടായിട്ടില്ലെന്നാണു വിശ്വാസം, എന്നാൽ, മനഃപൂർവം പ്രവർത്തനത്തിൽനിന്നു വിട്ടുനിന്നവർ ഉണ്ടാകുമെന്നും വിജയകുമാർ പറഞ്ഞു.

പാളിച്ചയില്ല: ലിജു

ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ അടിസ്ഥാനതല പ്രവർത്തനങ്ങളിൽ പാളിച്ചയുണ്ടായിട്ടില്ലെന്ന് ഡിസിസി പ്രസിഡന്റ് എം.ലിജു പറഞ്ഞു. പ്രവർത്തകർ കുറവായ ബൂത്തുകളിൽപ്പോലും മറ്റു സ്ഥലങ്ങളിലെ യൂത്ത് കോൺഗ്രസ്, കെഎസ്‍യു പ്രവർത്തകരെ നിയോഗിച്ചിട്ടുണ്ട്. രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി, എ.കെ.ആന്റണി തുടങ്ങിയ നേതാക്കളൊന്നും വീടുകൾ കയറി വോട്ട് അഭ്യർഥിക്കേണ്ടെന്നു തീരുമാനിച്ചിരുന്നു.

സർക്കാരിന്റെ സ്വാധീനത്തിൽ മന്ത്രിമാർ വീടുകളിലെത്തി വാഗ്ദാനം നൽകുന്നതുപോലെ പ്രതിപക്ഷത്തിരിക്കുന്ന മുന്നണിക്കു കഴിയില്ല. എന്നാൽ, പാർട്ടി കേഡറിലേക്കു ചെറുപ്പക്കാർ എത്താത്തതു വലിയ തിരിച്ചടിയാണ്. അതു വർഷങ്ങൾ കൊണ്ടു സംഭവിച്ച അപകടമാണ്. വിഷ്ണുനാഥ് നടപ്പാക്കിയ വികസന പദ്ധതികളുടെ തുടർച്ചയും പൂർത്തീകരണവും വാഗ്ദാനം ചെയ്ത് എൽഡിഎഫ് നടപ്പാക്ക‍ിയ പ്രചാരണമാണു ഫലം കണ്ടതെന്നും സമുദായ ധ്രുവ‍ീകരണം ഉണ്ടായിട്ടുണ്ടെന്നും ലിജു പറഞ്ഞു.