Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സീറ്റ് ചോദിച്ചില്ലല്ലോ, കുതിര കയറുന്നതെന്തിന്: കുര്യൻ

pj-kurien

ന്യൂഡൽഹി ∙ യുവ എംഎൽഎമാർ ഫെയ്സ്ബുക്കിലൂടെ നടത്തിയ ആരോപണങ്ങൾക്ക് അതേ വേദിയിൽ പി.ജെ. കുര്യന്റെ മറുപടി. ‘രാജ്യസഭാ സ്ഥാനാർഥിത്വത്തെപ്പറ്റി തന്നെ’ എന്ന തലക്കെട്ടിലുള്ള പോസ്റ്റിലെ പ്രസക്ത ഭാഗങ്ങൾ: ഞാൻ ആരോടും രാജ്യസഭാ സീറ്റ് ചോദിച്ചിട്ടില്ല. പാർട്ടി എന്തു തീരുമാനമെടുത്താലും പൂർണ സമ്മതമാണ്. പിന്നെ എന്തിനാണു യുവ എംഎൽഎമാർ എന്റെ മേൽ കുതിര കയറുന്നത്. അഭിപ്രായം പറയുന്നവരൊക്കെ 25 – 28 വയസ്സിൽ എംഎൽഎമാരായവരാണ്. എന്നാൽ, മണ്ഡലം ഭാരവാഹി, ബ്ലോക്ക് പ്രസിഡന്റ്, ഡിസിസി ട്രഷറർ, കെപിസിസി അംഗം എന്നീ നിലകളിൽ 20 വർഷത്തോളം പ്രവർത്തിച്ച ശേഷമാണു ഞാൻ മൽസരിക്കുന്നത്.

അത്ര വലിയ ‘പ്രഗൽഭൻ’ അല്ലെങ്കിലും ഏൽപിച്ച ജോലികൾ സത്യസന്ധമായും ആത്മാർഥമായും ചെയ്തിട്ടുണ്ട്. ചീഫ് വിപ്പും മന്ത്രിയുമാക്കിയത് ആവശ്യപ്പെടാതെയാണ്. ഏൽപ്പിച്ച സംഘടനാ ചുമതലകളും ഭംഗിയായി നിർവഹിച്ചു. ഞാൻ വിദ്യാർഥിയും യുവാവുമായിരുന്ന കാലങ്ങളിൽ കെഎസ്‌യുവും യൂത്ത് കോൺഗ്രസും ശക്തമായിരുന്നു. ഇപ്പോൾ സ്ഥിതി എന്താണ് ? ആരെയാണു കുറ്റപ്പെടുത്തേണ്ടത് ? രാജ്യസഭയിൽ വൃദ്ധന്മാർ പോയതുകൊണ്ടാണോ ഈ സ്ഥിതി ? പ്രായമാകുന്നതു കുറ്റമാണോ? പ്രായമായവരെ വൃദ്ധന്മാർ എന്നു വിളിച്ച് ആക്ഷേപിക്കണോ ? ഇതു വായിച്ച ശേഷം അധിക്ഷേപിക്കുമെന്ന് അറിയാം. പക്ഷേ, ചില സത്യങ്ങൾ അറിയുന്നതു നല്ലതാണ്. പിന്നീട് എന്നെങ്കിലും അവർക്കു കുറ്റബോധം ഉണ്ടാകും – പോസ്റ്റിൽ പറയുന്നു.

കുര്യനെ വിമർശിക്കുന്നവർക്ക് സ്ഥാനമോഹം: രവി

ന്യൂഡൽഹി ∙ പി.ജെ.കുര്യനെതിരെ രംഗത്തു വന്ന കോൺഗ്രസിലെ യുവ നേതാക്കൾക്കു സ്ഥാനമോഹമെന്നു വയലാർ രവി എംപി. മുതിർന്ന നേതാക്കളാണു പാർട്ടിയുടെ കരുത്തെന്നും എൺപത്തിയൊന്നാം പിറന്നാൾ ദിനത്തിൽ അദ്ദേഹം പറഞ്ഞു. കുര്യൻ ഒരു ദിവസം കൊണ്ടു നേതാവായതല്ല. ‘അദ്ദേഹത്തിന് ആദ്യം സീറ്റ് വാങ്ങി നൽകിയതു ഞാനാണ്. അധികാരത്തിനു വാശി പിടിക്കുന്നവരല്ല ഞങ്ങൾ’. ഗ്രൂപ്പിസമല്ല കോൺഗ്രസിലെ പ്രശ്നങ്ങൾക്കു കാരണമെന്നും ഇതിലും വലിയ ഗ്രൂപ്പുകൾ എഴുപതുകളിൽ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പിറന്നാൾ ആശംസകളുമായി എ.കെ.ആന്റണിയും പി.സി.ചാക്കോയും രവിയെ സന്ദർശിച്ചു.

മുരളിയുടെ വീടുള്ള ബൂത്തിലും പാർട്ടി പിന്നിൽ: സുബ്രഹ്മണ്യൻ

കോഴിക്കോട് ∙ ചെങ്ങന്നൂർ പരാജയത്തോടെ പാർട്ടിയുടെ അടിത്തറ തകർന്നെന്നു മുറവിളിക്കുന്നവർക്കുള്ള മറുപടിയെന്ന മട്ടിൽ, കെ. മുരളീധരനെ വിമർശിച്ച് കെപിസിസി ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വീട് ഉൾപ്പെടുന്ന ബൂത്തിൽ കോൺഗ്രസ് സ്ഥാനാർഥി പിന്നിലായതിനെക്കുറിച്ച് വിലപിക്കുന്നവർ കഴിഞ്ഞ ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ സംഭവിച്ചതു പരിശോധിക്കണം. മുരളീധരന്റെ വീടിരിക്കുന്ന കോഴിക്കോട് ബിലാത്തിക്കുളത്തെ ബൂത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി പി.എം.സുരേഷ്ബാബു മൂന്നാമതായിരുന്നു.

ഈ വാർഡിൽ നിന്നു കോർപറേഷനിലേക്കു ജയിച്ചതു ബിജെപിയാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ എം.കെ.രാഘവനും ഈ ബൂത്തിൽ പിന്നിലായിരുന്നു. ഇതിന്റെ പേരിൽ മുരളീധരനെ ആക്ഷേപിക്കാനോ കടന്നാക്രമിക്കാനോ ആരും വന്നിട്ടില്ലെന്നും പോസ്റ്റിൽ പറയുന്നു. എ.കെ.ആന്റണിയുടെ നേതൃത്വത്തിലും കെ. കരുണാകരന്റെയും മുരളിയുടെയും നേതൃത്വത്തിലും പാർട്ടി പിളർത്തിയതിനെക്കുറിച്ചും സുബ്രഹ്മണ്യൻ പരാമർശിക്കുന്നു. അവർ തിരിച്ചുവന്നെങ്കിലും രണ്ടുസംഭവങ്ങളും പാർട്ടിക്കുണ്ടാക്കിയ നഷ്ടങ്ങളും എണ്ണിപ്പറയുന്നുണ്ട്.