Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉമ്മൻ ചാണ്ടിയും രമേശും ഇന്ന് രാഹുൽഗാന്ധിയെ കാണും; എല്ലാ ഉത്തരവും രാഹുൽ പറയും

rahul-gandhi

ന്യൂഡൽഹി∙ രാജ്യസഭാ സീറ്റ്, കെപിസിസി പ്രസിഡന്റ്, യുഡിഎഫ് കൺവീനർ പദവികളിൽ ആര് എന്ന ചോദ്യത്തിന് ഉത്തരം തേടി എല്ലാ കണ്ണുകളും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയിലേക്ക്. ഡൽഹിയിലെത്തിയ ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ ദേശീയ നേതൃത്വവുമായി പ്രാഥമികചർച്ച പൂർത്തിയാക്കി. ഇന്നു രാഹുലുമായുള്ള കൂടിക്കാഴ്ച നിർണായകം.

രാജ്യസഭാ സീറ്റ് ഉടൻ പ്രഖ്യാപിക്കുമെങ്കിലും മറ്റുള്ളവയുടെ കാര്യത്തിൽ ധാരണയായശേഷം പ്രഖ്യാപനം പിന്നീടായിരിക്കും. പി.ജെ.കുര്യൻ തുടരണമോ എന്ന കാര്യത്തിൽ പാർട്ടിയിൽ ഏകാഭിപ്രായമില്ല. ഗ്രൂപ്പുകളിലൊന്നിന്റെ പിന്തുണ കുര്യനുണ്ടെന്നാണു സൂചന. കോൺഗ്രസിനു രാജ്യസഭാ ഉപാധ്യക്ഷപദവി ലഭിക്കാൻ കുര്യൻ തുടരണമെന്ന വാദമുയരുന്നുണ്ടെങ്കിലും അതു യാഥാർഥ്യമാക്കാൻ ബിജെപി കൂടി മനസ്സുവയ്ക്കണമെന്നും നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ അതിനു സാധ്യതയില്ലെന്നുമുള്ള മറുവാദവും ശക്തം.

ഡൽഹി രാഷ്ട്രീയത്തിൽ സജീവമായ പി.സി.ചാക്കോ ശക്തമായ അവകാശവാദവുമായി രംഗത്തുണ്ട്. ദേശീയ നേതൃത്വവുമായി പലകുറി കൂടിക്കാഴ്ചകൾ നടത്തിയ അദ്ദേഹം ഇന്നലെ ഉമ്മൻ ചാണ്ടിയെയും സന്ദർശിച്ചു. സ്ഥാനാർഥി നിർണയത്തിൽ ചെറുപ്പം, പുതുമുഖം എന്നീ മാനദണ്ഡങ്ങൾ പരിഗണിക്കണമെന്നു രാഹുൽ നിർദേശിക്കാനുള്ള സാധ്യതയും നിലനിൽക്കുന്നു.

ഗ്രൂപ്പുകൾക്കതീതമായ അഭിപ്രായ ഐക്യം തന്നെ കാക്കുമെന്ന പ്രതീക്ഷയിൽ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്കു മുല്ലപ്പള്ളി രാമചന്ദ്രൻ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. കെ.വി.തോമസും രംഗത്തുണ്ട്. ദലിത് വിഭാഗത്തിൽ നിന്നുള്ളയാൾ പ്രസിഡന്റ് ആവുന്നതു നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ പാർട്ടിക്കു ഗുണം ചെയ്യുമെന്നു കൊടിക്കുന്നിൽ സുരേഷ് ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കെ.സുധാകരൻ, വി.ഡി.സതീശൻ എന്നിവരുടെ പേരുകളും പട്ടികയിലുണ്ട്.

മൂന്നു പദവികളിലൊന്നിലേക്കു ബെന്നി ബഹനാനെ പരിഗണിക്കണമെന്ന ആവശ്യം ഉമ്മൻ ചാണ്ടി ഉന്നയിച്ചേക്കും. കെ.മുരളീധരന് ഏതെങ്കിലുമൊരു പദവി നൽകണമെന്ന വികാരം ദേശീയ നേതൃത്വത്തിൽ ശക്തമാണ്. കഴിഞ്ഞ ദിവസം ചൈനയിലേക്കു പോയ കോൺഗ്രസ് പ്രതിനിധി സംഘത്തിൽ മുരളീധരനെ ഉൾപ്പെടുത്തിയത് അതിന്റെ സൂചനയാണെന്നു പാർട്ടി വൃത്തങ്ങൾ പറയുന്നു.

ആനന്ദ് ശർമ, മുകുൾ വാസ്നിക് എന്നിവരുൾപ്പെട്ട ദേശീയ നേതൃത്വത്തിന്റെ വിശ്വസ്ത സംഘത്തിൽ മുരളീധരനെ ഉൾപ്പെടുത്തിയതിനു പിന്നിൽ വ്യക്തമായ ലക്ഷ്യങ്ങളുണ്ടെന്ന് ഇവർ ചൂണ്ടിക്കാട്ടി.