Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സഹായം അരികിലുണ്ട്; ക്യാംപെയ്നുമായി ചൈൽഡ് ലൈൻ

childline

മലപ്പുറം∙ എടപ്പാൾ പീഡനവിവരം ചൈൽഡ്‌ലൈനിനെ അറിയിച്ച തിയറ്റർ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവം വിവാദമായതിനു പിന്നാലെ, പ്രയാസമനുഭവിക്കുന്ന കുട്ടികളെ സഹായിക്കാൻ എപ്പോഴും ചൈൽഡ്‌ ലൈനിനെ സമീപിക്കാമെന്ന സന്ദേശവുമായി സമൂഹമാധ്യമങ്ങളിൽ ക്യാംപെയ്ൻ.

കുട്ടികൾക്കും കുട്ടികളെക്കുറിച്ചു വിവരം നൽകാൻ മുതിർന്നവർക്കും 1098ൽ ചൈൽഡ്‌‌ലൈനിനെ വിളിക്കാമെന്നു ചൂണ്ടിക്കാട്ടി കേന്ദ്ര–സംസ്ഥാന സർക്കാരുകൾ പുറത്തിറക്കിയ പോസ്റ്ററുകളും സന്ദേശങ്ങളുമാണ് സിനിമാതാരങ്ങൾ ഉൾപ്പെടെയുള്ളവർ പങ്കുവച്ചത്.

‘പ്രൗഡ് ടു ബി ചൈൽഡ്‌ലൈൻ ദോസ്ത്’ എന്ന പേരിലാണ് ക്യാംപെയ്ൻ. തിയറ്ററിലെ പീഡനവിവരം പൊലീസിനെ അറിയിക്കാതെ ചൈൽഡ്‌ലൈനിനെ അറിയിച്ചതെന്തിന് എന്ന ചോദ്യമാണ് തിയറ്റർ ഉടമ പൊലീസിൽനിന്നു പ്രധാനമായും നേരിട്ടത്. ചൈൽഡ്‌ലൈൻ പ്രവർത്തകർക്കെതിരെയും കേസെടുക്കാൻ നീക്കമുണ്ടായെങ്കിലും ഉന്നതതല നിർദേശത്തെ തുടർന്ന് വേണ്ടെന്നുവയ്ക്കുകയായിരുന്നു. കേസിൽ ചൈൽഡ്‌ലൈൻ പ്രവർത്തകൻ സാക്ഷിയാണ്.

കേന്ദ്ര വനിതാ–ശിശുക്ഷേമ മന്ത്രാലയത്തിനു കീഴിലുള്ള ഏജൻസിയായി, കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പിന്തുണയോടെയാണു പ്രവർത്തിക്കുന്നതെന്ന കാര്യം പ്രചരിപ്പിക്കാനാണ് ക്യാംപെയ്ൻ എന്നാണ് ചൈൽഡ്‌ലൈൻ പ്രവർത്തകർ നൽകുന്ന സൂചന.

സിനിമാതാരങ്ങളായ ഇന്ദ്രജിത്, ടോവിനോ തോമസ്, ദിലീപ്, സംവിധായകൻ മേജർ രവി തുടങ്ങിയവരും ഒരുപിടി ടിവി താരങ്ങളും സന്ദേശം പങ്കുവച്ചിട്ടുണ്ട്. ചൈൽഡ്‌ലൈനിന്റെ റെയിൽവേ യൂണിറ്റുകൾ, ജില്ലാ യൂണിറ്റുകൾ എന്നിവരും പ്രവാസി സംഘടനകളുടെയും സ്കൂളുകളുടെയും ഫെയ്സ്ബുക് പേജുകളും വാട്സാപ് ഗ്രൂപ്പുകളും ക്യാംപെയ്ൻ ഏറ്റുപിടിച്ചിട്ടുണ്ട്.

ആശങ്കയകറ്റാൻ ക്യാംപെയ്ൻ

എടപ്പാൾ കേസിന്റെ പശ്ചാത്തലത്തിൽ, പീഡനവിവരം ചൈൽഡ്‌ലൈനിനെ അറിയിച്ചാൽ നിയമനടപടി നേരിടേണ്ടിവരുമോ എന്ന സംശയം ചില കോണുകളിൽനിന്ന് ഉയർന്നതിനുള്ള മറുപടിയെന്നോണമാണ് ‘പ്രൗഡ് ടു ബി ചൈൽഡ്‌ലൈൻ ദോസ്ത്’ ക്യാംപെയ്ൻ തുടങ്ങിയത്. പഴയ പോസ്റ്റുകൾ ‘കുത്തിപ്പൊക്കുന്നതി’നു പകരം ചൈൽഡ്‌ലൈൻ പോസ്റ്ററുകൾ പ്രചരിപ്പിക്കണമെന്ന അഭ്യർഥന പിന്നീട് സമൂഹമാധ്യമത്തിൽ ഹിറ്റ് ആയി. എന്നാൽ, എടപ്പാൾ കേസിനോട് പരസ്യപ്രതികരണത്തിനില്ലെന്ന നിലപാടിലാണ് ചൈൽഡ്‌ലൈൻ.

related stories