Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശിക്ഷാ ഇളവ്: ഗവർണറുടെ ഉത്തരവ് വിലയിരുത്തിയ കോടതി നടപടി ഭേദഗതി ചെയ്യണമെന്ന് സർക്കാർ

കൊച്ചി ∙ തടവുകാർക്കു ശിക്ഷാ ഇളവു നൽകുന്ന ഗവർണറുടെ ഉത്തരവിന്റെ സാധുത കോടതി വിലയിരുത്തുന്നത് ഉചിതമല്ലാത്തതിനാൽ, കോടതിയുടെ മുൻഉത്തരവ് എത്രയും വേഗം ഭേദഗതി ചെയ്യണമെന്ന് ആഭ്യന്തര വകുപ്പ് ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. കോടതിയുടെ വിലയിരുത്തൽ ഗവർണറുടെ ഭരണഘടനാധികാരത്തിലുള്ള കടന്നുകയറ്റമാകുമെന്നു വിലയിരുത്തി 739 പേരുടെ പട്ടികയുൾപ്പെട്ട ഫയൽ ഗവർണർ മടക്കിയിരുന്നു. ഇക്കാര്യം അറിയിച്ചുകൊണ്ടാണു സർക്കാർ കോടതിയെ സമീപിച്ചത്. മുൻഉത്തരവിൽ ഭേദഗതി ആവശ്യപ്പെടുന്ന ഉപഹർജി എത്രയും വേഗം പരിഗണനയ്ക്കെടുക്കണമെന്ന് ആഭ്യന്തര വകുപ്പ് അണ്ടർ സെക്രട്ടറി ആർ. സുഭാഷ് സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടു.

ശിക്ഷാ ഇളവിനും വിട്ടയയ്ക്കലിനുമായി ഒട്ടേറെ അപേക്ഷകൾ സർക്കാരിനു മുന്നിലെത്തുന്നുണ്ട്. അർഹതപ്പെട്ടവരുടെ ശിക്ഷ ഇളവു ചെയ്യാനോ വിട്ടയയ്ക്കാനോ സർക്കാരിനു തീരുമാനിക്കാനാവുന്നില്ലെന്നും ബോധിപ്പിച്ചു. തടവുകാരെ കൂട്ടത്തോടെ വിട്ടയയ്ക്കുന്നതിനെതിരെ തൃശൂർ സ്വദേശി പി.ഡി. ജോസഫിന്റേത് ഉൾപ്പെടെ ഹർജികൾ ഫുൾബെഞ്ചിന്റെ പരിഗണനയിലുണ്ട്. ശിക്ഷാ ഇളവിന് ഓരോ കേസും പ്രത്യേകം പരിഗണിച്ച് ഗവർണർക്കു ശുപാർശ നൽകണമെന്നും തീരുമാനം വന്നശേഷം അക്കാര്യം അറിയിച്ച് കോടതി ഉത്തരവോടെ മാത്രമേ വിട്ടയയ്ക്കാവൂ എന്നുമായിരുന്നു ഫുൾബെഞ്ചിന്റെ മുൻഉത്തരവ്. എന്നാൽ, ഗവർണറുടെ ഉത്തരവിന്മേൽ കോടതിയുടെ വിലയിരുത്തലിനു സാഹചര്യമൊരുക്കുന്ന മുൻഉത്തരവു പുനഃപരിശോധിക്കാൻ സർക്കാർ ആവശ്യപ്പെടണമെന്ന നിലപാടിലാണു ഗവർണർ.

സർക്കാർ പല തലങ്ങളിൽ വിശദമായി പരിശോധിച്ചശേഷം മന്ത്രിസഭ അംഗീകരിച്ച 739 പേരുടെ പട്ടികയാണു ഗവർണർക്കു വിട്ടത്. ഭരണഘടനയുടെ 161–ാം അനുഛേദമനുസരിച്ചു ഗവർണർക്കുള്ള പ്രത്യേകാധികാരത്തിൽ ശിക്ഷാഇളവിന് അനുമതി തേടിയാണു വിട്ടത്. മന്ത്രിസഭയുടെ സഹായവും ഉപദേശവും തേടിയാണു ഗവർണർ ഭരണഘടനാധികാരം വിനിയോഗിക്കുന്നത്. ശിക്ഷാ ഇളവു നൽകാനുള്ള ഭരണഘടനാധികാരത്തെ സ്പർശിക്കാനാവില്ല എന്നു കണ്ടാണു ഗവർണർ ഫയൽ മടക്കിയതെന്നു സർക്കാർ വിശദീകരിച്ചു.