Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെപിസിസി അധ്യക്ഷൻ, യുഡിഎഫ് കൺവീനർ: തീരുമാനം ഒരാഴ്ചയ്ക്കകം

Indian National Congress

ന്യൂഡൽഹി∙ രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിനു (എം) വിട്ടുനൽകാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം പുകയുന്നതിനിടെ, കെപിസിസി പ്രസിഡന്റ്, യുഡിഎഫ് കൺവീനർ എന്നീ പദവികളിലേക്ക് ആരു വേണമെന്ന കാര്യത്തിൽ ഗ്രൂപ്പ് നേതാക്കൾ പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയെ നിലപാട് അറിയിച്ചതായി സൂചന. തീരുമാനം ഒരാഴ്ചയ്ക്കുള്ളിൽ വന്നേക്കും.

ഇതിനിടെ, രാജ്യസഭാ സീറ്റിന്റെ കാര്യത്തിൽ പുനഃപരിശോധനയില്ലെന്നു ഹൈക്കമാൻഡ് വ്യക്തമാക്കി. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ കെ.എം.മാണിയെ മാറ്റിനിർത്തിയാൽ മധ്യതിരുവിതാംകൂറിൽ വൻതിരിച്ചടി നേരിടുമെന്നും ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനു മേൽക്കൈ ലഭിക്കുമെന്നും സംസ്ഥാന നേതാക്കൾ ഒരേസ്വരത്തിൽ വ്യക്തമാക്കിയപ്പോൾ സീറ്റ് വിട്ടുനൽകാൻ രാഹുൽ സമ്മതം മൂളുകയായിരുന്നുവെന്നു പാർട്ടി വൃത്തങ്ങൾ പറഞ്ഞു. തീരുമാനമുണ്ടാക്കുന്ന പ്രത്യാഘാതങ്ങളുടെ പൂർണ ഉത്തരവാദിത്തം സംസ്ഥാന നേതൃത്വത്തിനായിരിക്കുമെന്നും രാഹുൽ വ്യക്തമാക്കി. അതിനൊരുക്കമാണെന്നു നേതാക്കൾ മറുപടി നൽകി.

സീറ്റ് വിട്ടുനൽകരുതെന്നാവശ്യപ്പെട്ടുള്ള സന്ദേശം പി.ജെ.കുര്യനു പുറമേ ഏതാനും ദേശീയ നേതാക്കളും രാഹുലിനെ അറിയിച്ചെങ്കിലും ഗ്രൂപ്പ് നേതാക്കളുടെയും ലീഗിന്റെയും ഒറ്റക്കെട്ടായ‌‌ അഭിപ്രായത്തിനൊപ്പം നിൽക്കാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. നിർണായക ചർച്ചയ്ക്കു സംസ്ഥാന നേതൃത്വം വസതിയിലെത്തുന്നതിനു തൊട്ടുമുൻപു, രാജ്യസഭാ സീറ്റ് കൈവിടുന്നത് ആപത്താണെന്ന എസ്എംഎസ് സന്ദേശവും നേതാക്കളിലൊരാൾ രാഹുലിന് അയച്ചു. പ്രവർത്തകരുടെ വികാരം മനസ്സിലാക്കുന്നതിൽ സംസ്ഥാന നേതൃത്വത്തിനു വീഴ്ച പറ്റിയോ എന്ന ആശങ്ക മറുപടി സന്ദേശത്തിൽ രാഹുൽ ഇദ്ദേഹവുമായി പങ്കുവച്ചു.

സീറ്റ് കേരള കോൺഗ്രസിനു നൽകാനുള്ള തീരുമാനത്തിനെതിരെ ഹൈക്കമാൻഡിലേക്ക് ഇന്നലെ പരാതികൾ പ്രവഹിച്ചു. പ്രഫഷനൽ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് മാത്യു കുഴൽനാടൻ രാഹുലിനെ നേരിൽ കണ്ട് അതൃപ്തി അറിയിച്ചു.