Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊച്ചുവേളി–ബെംഗളൂരു ട്ര‌െയിൻ സർവീസ് ഉടൻ: കേന്ദ്രമന്ത്രി

തിരുവനന്തപുരം∙ കേരളത്തിന്റെ ആവശ്യം പരിഗണിച്ചു കൊച്ചുവേളി–ബെംഗളൂരു ട്ര‌െയിൻ സർവീസ് ഉടൻ ആരംഭിക്കാൻ ബന്ധപ്പെട്ടവർക്കു നിർദേശം നൽകുമെന്നു റെയിൽവേ സഹമന്ത്രി രാജെൻ ഗൊഹെയ്ൻ. കൊച്ചുവേളി- മംഗളൂരൂ അന്ത്യോദയ എക്സ്പ്രസ് സർവീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബെംഗളൂരു സ്റ്റേഷന് ഇനി പുതിയ ട്രെയിനുകളെ ഉൾക്കൊള്ളാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ട്. അതിനാൽ ബെംഗളൂരുവിനു സമീപ സ്റ്റേഷനുകളായ യെശ്വന്ത്പൂരിലോ മാനവന്തവാടിയിലോ സ്റ്റോപ്പ് പരിഗണിക്കും. ബെംഗളൂരു സർവീസ് ആരംഭിക്കണമെന്നു കേന്ദ്ര സഹമന്ത്രി അൽഫോൻസ് കണ്ണന്താനം അധ്യക്ഷപ്രസംഗത്തിൽ ആവശ്യപ്പെട്ടതിനു മറുപടിയായാണു രാജെൻ ഗൊഹെയ്ൻ ഇക്കാര്യം അറിയിച്ചത്.

ഹൂഗ്ലി– കൊച്ചുവേളി രണ്ടു ദിവസം സർവീസ് നടത്തുക, കൊച്ചി –ബെംഗളൂരു സർവീസ് ആരംഭിക്കുക, തലശേരി–മൈസൂർ പാത അനുവദിക്കുക, കോട്ടയം പാത ഇരട്ടിപ്പിക്കലും ശബരിപാതയും യാഥാർഥ്യമാക്കുക, തിരുവനന്തപുരം–കൊച്ചി സർവീസുകൾക്കു വേഗത വർധിപ്പിക്കുക എന്നീ ആവശ്യങ്ങളും കണ്ണന്താനം മുന്നോട്ടുവച്ചു. പ്രതിദിനം മൂവായിരത്തിലധികം ടൂറിസ്റ്റ് ബസുകളാണു കേരളത്തിൽനിന്നു ബെംഗളൂരൂവിലേക്കു പോകുന്നത്. ബെംഗളൂരൂവിലേക്കു ട്രെയിൻ സർവീസ് ആരംഭിച്ചാൽ നിരവധി യാത്രക്കാർക്ക് അതു പ്രയോജനപ്പെടുമെന്നും കണ്ണന്താനം പറഞ്ഞു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മേയർ വി.കെ.പ്രശാന്ത്, സി.പി.നാരായണൻ എംപി, എംഎൽഎമാരായ ഒ.രാജഗോപാൽ, വി.എസ്.ശിവകുമാർ, ദക്ഷിണ റെയിൽവേ അഡീ. ജനറൽ മാനേജർ പി.കെ.മിശ്ര, ഡിവിഷനൽ മാനേജർ ശിരിഷ് കുമാർ സിൻഹ, കൗൺസിലർ ഹിമ സിജി എന്നിവർ സംബന്ധിച്ചു.

2014ൽ അനുവദിച്ച കൊച്ചുവേളി–ബെംഗളൂരൂ ട്രെയിൻ സർവീസ് ഇന്നലത്തെ ഉദ്ഘാടന ഷെഡ്യൂളിൽ ഇടംപിടിക്കുമെന്നായിരുന്നു യാത്രക്കാർ പ്രതീക്ഷിച്ചത്. നാലു വർഷം മുൻപ് അനുവദിച്ച ട്രെയിൻ ഓടിക്കാൻ ദക്ഷിണ–പശ്ചിമ റെയിൽവേയും തിരുവനന്തപുരം ഡിവിഷനും തയാറായിട്ടും സാങ്കേതിക വിഭാഗം സർവീസിനു തടയിട്ടു. ബെംഗളൂരൂ സ്റ്റേഷനു പുതിയ ട്രെയിനുകളെ ഉൾക്കൊള്ളാൻ കഴിയില്ലെന്നാണു സാങ്കേതിക വിഭാഗത്തിന്റെ വാദം. ലോക്കോപൈലറ്റ് ക്ഷാമം രൂക്ഷമായതിനാൽ ട്രെയിൻ ഓടിക്കാൻ കഴിയില്ലെന്നാണു മറ്റൊരു വാദം. നിലവിൽ, കന്യാകുമാരി–ബെംഗളൂരൂ ഐലൻഡ് എക്സ്പ്രസും തിരുവനന്തപുരം –മുംബൈ എക്സപ്രസുമാണു ബെംഗളൂരൂവിലേക്കു പോകുന്നവർക്കുള്ള ആശ്രയം. ബെംഗളൂരൂവിൽ നിന്നു 16 കിലോമീറ്റർ മാറിയുള്ള കൃഷ്ണരാജപുരം സ്റ്റേഷനിലാണു മുംബൈ എക്സ്പ്രസിന്റെ സ്റ്റോപ്പ്.