Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഴ ശക്തം: 8 മരണം കൂടി; ഇടുക്കി ജില്ലയിൽ ഇന്ന് അവധി

biju-paul-death ഷോക്കേറ്റു മരിച്ച ബിജു പോൾ.

സംസ്ഥാനത്ത് കാലവര്‍ഷക്കെടുതികളില്‍ എട്ടു മരണം കൂടി. ഇതോടെ രണ്ടു ദിവസത്തിനിടെ മരിച്ചവരുടെ എണ്ണം 14 ആയി. രണ്ടുപേരെ കാണാതായി. ഇരുന്നൂറിലേറെ വീടുകൾ തകർന്നു. തീരമേഖലയിലും മലയോരമേഖലയിലും ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു. കോട്ടയം ജില്ലയിൽ നൂറിലേറെ വീടുകൾ ഭാഗികമായി തകർന്നു. കോടിമതയിൽ മരം വീണ് പള്ളിമുറ്റത്തു നിർത്തിയിട്ടിരുന്ന എട്ടു കാറുകൾ തകർന്നു.

ഉദയംപേരൂരിൽ മൽസ്യബന്ധനത്തിനിടെ കാറ്റിലും മഴയിലും പെട്ട് വള്ളം മറിഞ്ഞ് ഉദയംപേരൂർ പനച്ചിക്കൽ കൊല്ലംചാലിയാത്ത് ശശി മരിച്ചു. മല്ലപ്പള്ളിയിൽ മുറ്റത്തു കളിച്ചുകൊണ്ടിരിക്കെ തെങ്ങുവീണു പരുക്കേറ്റ എട്ടു വയസ്സുകാരൻ അക്ഷയ് കോട്ടയം മെഡിക്കൽ കോളജിൽ മരിച്ചു. ആറന്മുള പാറപ്പാട്ട് അജീഷിന്റെ മകനാണ്. 

തിരുവനന്തപുരം കാട്ടായിക്കോണത്ത് പൊട്ടിവീണ വൈദ്യുതകമ്പിയിൽ നിന്നു ഷോക്കേറ്റ് മഠവൂർപ്പാറ കീഴവിള വീട്ടിൽ ശശിധരൻ (75), കാറ്റിൽ മരച്ചില്ല വീണ് പരുക്കേറ്റ ബാലരാമപുരം പുന്നയ്ക്കാട് പറയാംകോണം ചിറത്തലവിളാകം വീട്ടിൽ എം. തങ്കപ്പന്റെ ഭാര്യ പൊന്നമ്മ, മതിലിടിഞ്ഞു വീണു പരുക്കേറ്റ പാറശാല പൂഴിക്കുന്ന് വെങ്കടമ്പ് വ്ളാത്തിക്കുഴി വിഷ്ണുഭവനിൽ മേ‍ാഹനൻനായരുടെ ഭാര്യ കൃഷ്ണകുമാരി (48) എന്നിവർ മരിച്ചു. 

ചേർത്തല പള്ളിപ്പുറത്തു കായലിൽ കുളിക്കാനിറങ്ങിയ കായിപ്പുറം തോട്ടുങ്കൽ വിനു (43), ചെങ്ങന്നൂർ പാണ്ടനാട്ട് പമ്പാനദിയിൽ മീൻപിടിക്കാനിറങ്ങിയ നാക്കട കണ്ണങ്കര കിഴക്കേതിൽ സുരേഷ് കുമാർ (43) എന്നിവർ മുങ്ങിമരിച്ചു. പൊട്ടിവീണ വൈദ്യുതകമ്പിയിൽ നിന്നു ഷോക്കേറ്റ് അടിമാലി മച്ചിപ്ലാവ് കോമയിൽ ബിജു പോൾ (47) മരിച്ചു. 

മൂന്നാർ കണ്ണൻ ദേവൻ കമ്പനി പള്ളിവാസൽ എസ്റ്റേറ്റ് ജീവനക്കാരൻ അലക്സാണ്ടറുടെ ഭാര്യ ബിജി (35), തിരുവല്ല വെൺപാല നല്ലൂർ സ്ഥാനത്ത് മണലേത്ത് എം. സി. ഐസക് (82) എന്നിവരെയാണ് ഒഴുക്കിൽപെട്ട് കാണാതായത്.

ഇടുക്കി ജില്ലയിൽ ഇന്ന് അവധി 

ഇടുക്കി ജില്ലയിൽ പ്രഫഷനൽ കോളജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കുമെന്ന് കലക്‌ടർ അറിയിച്ചു.